കാറോടിക്കുമ്പോൾ ചെവിയിൽ തൊട്ടതിന് എഐ ക്യാമറ വക 2000 രൂപ പിഴ; നടപടി മോട്ടോർ വാഹനവകുപ്പ് ഒഴിവാക്കി
- Published by:Anuraj GR
- news18-malayalam
Last Updated:
മുഹമ്മദും ഭാര്യാപിതാവും ലക്കിടി- തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മിത്രാനന്ദപുരത്തെ എഐ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്
പാലക്കാട്: കാര്‍ ഓടിക്കുന്നതിനിടെ ചെവിയിൽ കൈകൊണ്ട് സ്പർശിച്ചതിന് എഐ ക്യാമറ 2000 രൂപ പിഴയീടാക്കിയ സംഭവം വിവാദമായി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചാണ് 2000 രൂപ പിഴ ചുമത്തിയത്. ഒറ്റപ്പാലം കയറംപാറ പാതിരിക്കോട് അറയ്ക്കല്‍ നാലകത്ത് മുഹമ്മദിനാണ് പിഴ ഈടാക്കാൻ നോട്ടീസ് ലഭിച്ചത്. എന്നാൽ പിന്നീട് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇടപെട്ട് നടപടി ഒഴിവാക്കുകയായിരുന്നു.
2023 സെപ്റ്റംബര്‍ 13ന് രാത്രി 7.35നാണ് സംഭവം ഉണ്ടായത്. മുഹമ്മദും ഭാര്യാപിതാവും ലക്കിടി- തിരുവില്വാമല റോഡിലൂടെ യാത്ര ചെയ്യുന്നതിനിടെ മിത്രാനന്ദപുരത്തെ എഐ ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. കാറോടിച്ചിരുന്ന മുഹമ്മദ് ഇടതുകൈ കൊണ്ട് ഇടതുചെവിയില്‍ തൊട്ടത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചെന്ന രീതിയിലായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് നോട്ടീസ് നല്‍കിയത്.
എന്നാൽ വാഹനം ഓടിക്കുമ്പോൾ താൻ മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് മുഹമ്മദിന്‍റെ ബന്ധുക്കൾ ഉദ്യോഗസ്ഥരെ കണ്ട് വ്യക്തമാക്കി. നോട്ടീസിലെ ദൃശ്യത്തില്‍ കൈയില്‍ മൊബൈല്‍ ഫോണ്‍ ഇല്ലെന്ന് വ്യക്തമായി കാണുന്നുണ്ടെന്നായിരുന്നു മുഹമ്മദിന്റെ ബന്ധുക്കൾ പറയുന്നത്.
advertisement
അവധിക്ക് നാട്ടിലെത്തിയ മുഹമ്മദ് വിദേശത്തേയ്ക്ക് പോയശേഷമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് 2000 രൂപ പിഴയും മുന്നിലിരുന്ന സഹയാത്രികന്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 500 രൂപ പിഴയും ചുമത്തി നോട്ടീസ് ലഭിച്ചത്. മുഹമ്മദിന്റെ സഹോദരന്റെ പേരിലാണ് കാര്‍.
നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് പാലക്കാട് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തിയ ആര്‍സി ഉടമ, മുഹമ്മദ് ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് അറിയിച്ചത്. ഇതോടെ പിഴ നടപടി ഉദ്യോഗസ്ഥർ ഒഴിവാക്കി നൽകുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Palakkad,Palakkad,Kerala
First Published :
February 06, 2024 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാറോടിക്കുമ്പോൾ ചെവിയിൽ തൊട്ടതിന് എഐ ക്യാമറ വക 2000 രൂപ പിഴ; നടപടി മോട്ടോർ വാഹനവകുപ്പ് ഒഴിവാക്കി