തിരുവനന്തപുരം: എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെണ്ടറിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ് കരുതുന്നതെന്നം മന്ത്രി കൂട്ടിച്ചേര്‍ത്തു.
മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018 ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായില്ലെന്നും ആന്റണി രാജു വ്യക്തമാക്കി.
Also Read- ‘എങ്ങനെ 232 കോടിയായി; എഐ ക്യാമറ അടിമുടി അഴിമതി, കരാർ ദുരൂഹം’: രമേശ് ചെന്നിത്തല
എ ഐ ട്രാഫിക് ക്യാമറ പദ്ധതിയിൽ അടിമുടി അഴിമതിയും ദുരൂഹതയുമെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചത്. കെൽട്രോണിനെ മുൻനിർത്തിയുള്ള വലിയ അഴിമതിയാണ് നടക്കുന്നത്. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല, കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. കെൽട്രോൺ ക്യാമറകൾക്കായി ഉപകരാർ നൽകിയ ബെംഗളൂരുവിലെ കമ്പനിക്കും അവർ ഉപകരാർ നല്‍കിയവർക്കും ഈ രംഗത്ത മുൻപരിചയം ഇല്ലെന്നും കോടികളുടെ കള്ളക്കളിയാണ് നടക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എസ്ആർഐടി എന്ന കമ്പനി ഇത് വീണ്ടും രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി. 151.22 കോടിയ്ക്കാണ് എസ്ആർഐടിക്ക് കെൽട്രോൺ കരാർ നൽകിയത്. തിരുവനന്തപുരത്തെ നാലാഞ്ചിറയിലുള്ള ഒരു കമ്പനിക്കും കോഴിക്കോടെ മലാപ്പറമ്പിലെ കമ്പനിക്കും എസ്ആർഐടി ഉപകരാർ നൽകി. ഇത് രണ്ടും തട്ടിക്കൂട്ട് കമ്പനികളാണെന്നു ചെന്നിത്തല പറഞ്ഞു.
Also Read- ‘ടെന്‍ഡര്‍ വിളിച്ചിരുന്നോ?’ AI ക്യാമറ ഇടപാടിൽ അടിമുടി ദുരൂഹതയെന്ന് രമേശ് ചെന്നിത്തല
ക്യാമറ സ്ഥാപിച്ചതിലെ സാമ്പത്തിക ചെലവുകൾ സർക്കാർ മറച്ചുവയ്ക്കുകയാണ്. 232 കോടി രൂപയുടെ പദ്ധതിയാണെന്നാണ് സർക്കാരിന്റെ പ്രഖ്യാപനം. കമ്പനികൾ തമ്മിലുണ്ടാക്കിയ കരാറിൽ 75 കോടിയ്ക്ക് പദ്ധതി നടപ്പാക്കാമെന്ന് പറയുന്നു. 75 കോടി 151 കോടിയായും പിന്നീട് 232 കോടിയായും മാറുന്നത് എങ്ങനെയാണെന്നും ചെന്നിത്തല ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: AI, Installs camera, Minister Antony Raju, Ramesh chennithala