മണലാരണ്യങ്ങളിൽ വിയർപ്പൊഴുക്കി അധ്വാനിച്ച ആ അച്ഛന്‍റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മകളുടെ വിവാഹം. എന്നാൽ ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാനദുരന്തം ഒരു കുടുംബത്തിന്‍റെ വെളിച്ചം കെട്ടു. മകളുടെ കൈപിടിച്ചുകൊടുക്കാൻ സാധിക്കാതെ കോഴിക്കോട് ബാലുശേരി കോക്കല്ലൂർ സ്വദേശി ചെരിക്കപ്പറമ്പിൽ രാജീവൻ എന്ന മധ്യവയസ്ക്കൻ
കരിപ്പൂരിലുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടു. എന്നാൽ രാജീവൻ ഏറെപ്രതീക്ഷയോടെ കാത്തിരുന്ന, മകൾ അനുശ്രീയുടെ വിവാഹദിനമാണ് ഇന്ന്. രാജീവന്‍റെ നൊമ്പരമുണർത്തുന്ന ഓർമ്മകൾക്കിടയിലും അനുശ്രീയ്ക്ക് കടൽ കടന്നൊരു വിവാഹ സമ്മാനമെത്തി. ദുബായിലെ ഇന്ത്യൻ വ്യവസായിയും അൽ ആദിൽ ട്രേഡിങ് ചെയർമാനുമായ ധനജ്ഞയ് ദത്താർ ആണ് രാജീവന്‍റെ കുടുംബത്തിന് കൈത്താങ്ങായത്.
രാജീവന്‍റെ കുടുംബത്തെ മാത്രമല്ല,
വിമാനദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെയെല്ലാം കുടുംബത്തിന് സഹായം നൽകുമെന്ന് ദത്താർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാനം എത്താതിരുന്നതോടെ ഇക്കാര്യം ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എല്ലാവരുടെയും മേൽവിലാസം ലഭിക്കാത്തതുകൊണ്ടാണ് സമ്മാനം കൈമാറാത്തതെന്നായിരുന്നു ദത്താർ വിശദീകരിച്ചത്. ഇതിനുശേഷം, ഗൾഫ് ന്യൂസിന്‍റെ സഹായത്തോടെ വിമാനദുരന്തത്തിൽപ്പെട്ടവരുടെ മേൽവിലാസം സംഘടിപ്പിച്ചു കഴിഞ്ഞ ദിവസങ്ങളിൽ സഹായധനം എത്തിച്ചുതുടങ്ങി. ഇതിനുവേണ്ടി എല്ലാവരുടെയും വീട്ടുകാരെ ഉൾപ്പെടുത്തി ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു.
ഓരോ ലക്ഷം രൂപ വീതമാണ് ദത്താർ സഹായധനമായി നൽകിയത്. അതിനിടെയാണ് രാജീവന്‍റെ മകളുടെ വിവാഹ കാര്യം ദത്താർ അറിയുന്നത്. അതോടെ രാജീവന്‍റെ കുടുംബത്തിനുള്ള സഹായധനം ഇരട്ടിയാക്കി. രാജീവന്‍റെ മരണത്തോടെ വിവാഹത്തിന് ആവശ്യമായ സമ്പത്ത് കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് ദത്താറിന്‍റെ സഹായം ഒരു കൈത്താങ്ങായി. അനുശ്രീയ്ക്ക് ആവശ്യമായ സ്വർണം വാങ്ങാനും വീടിന്‍റെ അറ്റകുറ്റപ്പണിയും ചെയ്യാനും ഈ സഹായം ഉപകരിച്ചുവെന്ന് രാജീവന്‍റെ ഭാര്യ നിഷ പറഞ്ഞു.
20 വർഷത്തോളം പ്രവാസിയായിരുന്ന രാജീവൻ ദുബായിൽ ഒരു കാർ വർക്ഷോപ്പിൽ സ്പ്രേ പെയിന്‍ററായിരുന്നു. മകളുടെ വിവാഹനിശ്ചയത്തിനായി ഫെബ്രുവരിയിലാണ് ഏറ്റവുമൊടുവിൽ രാജീവൻ നാട്ടിലെത്തിയത്. 10 ദിവസത്തെ അവധിക്ക് എത്തിയ രാജീവൻ, ജൂലൈയിൽ വിവാഹത്തിനായി വീണ്ടും എത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്. എന്നാൽ കോവിഡ് കാരണം രാജീവന് വരാൻ സാധിച്ചില്ല. രണ്ടുതവണ ശ്രമിച്ചെങ്കിലും അത് വിഫലമായി. ഇതോടെ മകളുടെ വിവാഹം നീട്ടിവെച്ചു ഒടുവിൽ ടിക്കറ്റ് ലഭിച്ചത്
കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ്. കരിപ്പൂർ ദുരന്തത്തിന് ഇരയായ രാജീവൻ മകളുടെ വിവാഹത്തിന് സാക്ഷിയാകാതെ യാത്രയായി.
രാജീവന്‍റെ അപ്രതീക്ഷിത വിയോഗം വിവാഹ ഒരുക്കങ്ങളിലായിരുന്ന കുടുംബത്തെ ഇരുട്ടിലാഴ്ത്തി. ഇതിനിടെ ഇരുട്ടടിയായി രാജീവന്‍റെ മരണ സർട്ടിഫിക്കറ്റ് ലഭിക്കാത്തത് വീട്ടുകാരെ കൂടുതൽ കുഴപ്പത്തിലാക്കി. അപകടത്തിൽപ്പെട്ടവരിൽ ചിലരുടെ പേരിലുള്ള വ്യത്യാസമാണ് മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ താമസമുണ്ടാക്കുന്നത്. ഇതോടെ രാജീവന്‍റെ പേരിൽ ലഭിക്കേണ്ടിയിരുന്ന ചില ധനസഹായങ്ങളും വൈകി. അങ്ങനെയിരിക്കെയാണ് ദത്താറിന്‍റെ സമ്മാനം വീട്ടിലെത്തുന്നത്. അത് രാജീവന്‍റെ കുടുംബത്തിന് നൽകിയ ആശ്വാസം ചെറുതല്ല. ഏറ്റവും വിലപിടിപ്പുള്ള വിവാഹ സമ്മാനമാണ് തനിക്ക് ലഭിച്ചതെന്ന് രാജീവന്‍റെ ഫോട്ടോ കൈയിലെടുത്ത് അനുശ്രീ പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങളോടെ ഇന്നു രാവിലെയാണ് അനുശ്രീയുടെ വിവാഹം. രാജീവന്‍റെ വിയോഗവും കോവിഡ് കാരണം അടുത്ത ബന്ധുക്കളെ മാത്രം ഉൾപ്പെടുത്തി, ആഡംബരങ്ങളൊഴിവാക്കിയാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.