കണ്ണൂര്‍: മട്ടന്നൂരിലെ ഷുഹൈബ് വധത്തെ ന്യായീകരിച്ച് പ്രതിയായ ആകാശ് തില്ലങ്കേരിയുടെ സുഹൃത്ത്. ആകാശിന്റെ സുഹൃത്തായ ജിജോ തില്ലങ്കേരിയാണ് കൊലപാതകത്തെ ന്യായീകരിച്ച് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കമന്റിട്ടത്. ‘കൊല്ലാന്‍ തോന്നിയാല്‍ പിന്നെ കൊല്ലുക അല്ലാതെ ഉമ്മ വെക്കാന്‍ പറ്റുമോ’ എന്നായിരുന്നു കമന്റ്. ഷുഹൈബിനെ കൊലപ്പെടുത്തിയതില്‍ വിമര്‍ശനം ഉന്നയിച്ചുള്ള കമന്റിന് മറുപടിയായാണ് ജിജോ ഇങ്ങനെ കുറിച്ചത്.
അതേസമയം, ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയില്‍ ആകാശ് തില്ലങ്കേരിക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. ആകാശിനെ ചോദ്യംചെയ്യുമെന്നാണ് പൊലീസ് അറിയിച്ചതെങ്കിലും ഇതുവരെയും ചോദ്യംചെയ്യലിനായുള്ള നോട്ടീസ് പോലും നല്‍കിയിട്ടില്ലെന്നാണ് വിവരം. കേസില്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് പൊലീസിന്റെ പ്രതികരണം.
കഴിഞ്ഞദിവസമാണ് പാര്‍ട്ടിക്കുവേണ്ടി കൊലപാതകം നടത്തിയെന്ന് സൂചിപ്പിക്കുന്ന കമന്റുകള്‍ ഉള്‍പ്പെടെ ആകാശ് ഫേസ്ബുക്കില്‍ പോസ്റ്റുചെയ്തത്. പ്രാദേശിക നേതാക്കളുടെ പോസ്റ്റുകള്‍ക്കു ചുവടെയാണ് ആകാശ് വിവാദ കമന്റുകളിട്ടത്. ഇതോടെ കമന്റിട്ട പോസ്റ്റുകള്‍ നേതാക്കള്‍ ഡിലീറ്റ് ചെയ്തു.
‘മട്ടന്നൂര്‍ എടയന്നൂരിലെ പാര്‍ട്ടി നേതാക്കളാണ് ഞങ്ങളെക്കൊണ്ട് അതു ചെയ്യിച്ചത്. പല ആഹ്വാനങ്ങളും തരും. കേസ് വന്നാല്‍ തിരിഞ്ഞുനോക്കില്ല. ആഹ്വാനംചെയ്തവര്‍ക്ക് പാര്‍ട്ടി സഹകരണസ്ഥാപനങ്ങളില്‍ ജോലികിട്ടി. നടപ്പാക്കിയ ഞങ്ങള്‍ക്ക് പട്ടിണിയും പടിയടച്ച് പിണ്ഡം വെക്കലുമാണ് നേരിടേണ്ടിവന്നത്’-ആകാശിന്റെ കമന്റുകള്‍ ഇങ്ങനെ പോകുന്നു.
Also Read- ‘സ്ത്രീത്വത്തെ അപമാനിച്ചു’; ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയിൽ ആകാശ് തില്ലങ്കേരിക്കെതിരെ കേസെടുത്തു
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം, എസ്എഫ്ഐ മുന്‍ നേതാവ് പ്രഷീദ് പി കെ എടയന്നൂര്‍ തുടങ്ങിയവരുള്‍പ്പെടെയുള്ളവരുടെ പോസ്റ്റുകള്‍ക്കാണ് ആകാശ് മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊല്ലപ്പെടുന്നത് എടയന്നൂരില്‍വെച്ചാണ്. ഷുഹൈബ് വധമെന്ന് എടുത്തുപറയാതെയാണ് എടയന്നൂരിലെ നേതാക്കളാണ് അതുചെയ്യിച്ചതെന്ന ആകാശിന്റെ ആരോപണം.
‘ പാര്‍ട്ടി തള്ളിയതോടെയാണ് ഞങ്ങള്‍ സ്വര്‍ണക്കടത്ത് ക്വട്ടേഷനിലേക്ക് തിരിഞ്ഞത്. തെറ്റിലേക്ക് പോകാതിരിക്കാനോ തിരുത്തിക്കാനോ പാര്‍ട്ടി ശ്രമിച്ചില്ല. സംരക്ഷിക്കാതിരിക്കുമ്പോള്‍ പലവഴിക്ക് സഞ്ചരിക്കേണ്ടിവരും. ക്വട്ടേഷനെന്ന് മുദ്രകുത്തിയവരുടെയൊക്കെ ജീവിതങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. ക്ഷമനശിച്ചതുകൊണ്ടാണ് ഇപ്പോള്‍ തുറന്നുപറയുന്നത്. ഞങ്ങള്‍ വാ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ല. നേരിട്ടു പറയാന്‍ ഒരു മടിയുമില്ല സഖാവേ… ഭയം ഇല്ലെന്ന് പറയേണ്ടതില്ലല്ലോ”-തുടങ്ങി വെല്ലുവിളി സ്വഭാവത്തിലുള്ള കമന്റുകളും ആകാശ് പോസ്റ്റ് ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.