കണ്ണൂര്‍: സിപിഎം നേതൃത്വത്തിനെതിരെ ആരോപണവുമായി ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി. ക്വട്ടേഷന് ആഹ്വാനം ചെയ്തവർക്ക് സഹരണ സ്ഥാപനങ്ങളിൽ ജോലിയെന്നും നടപ്പാക്കിയവർക്ക് പട്ടിണിയാണെന്നും ആകാശ് പറയുന്നു. പടിയടച്ച് പിണ്ഡം വെക്കലുമാണ് പ്രതിഫലമെന്നും തില്ലങ്കേരി ഫേസ്ബുക്ക് കമന്റിൽ പറയുന്നു. ഡിവൈഎഫ് ഐ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റായാണ് ആകാശ് തില്ലങ്കേരിയുടെ പ്രതികരണം.
”പ്രതിഫലം അഹ്വാനം നൽകിയവർ കേസുണ്ടായപ്പോൾ തിരിഞ്ഞു നോക്കിയില്ല. പാർട്ടി സംരക്ഷിക്കാതിരിന്നപ്പോൾ ക്വട്ടേഷൻ അടക്കം മറ്റ് വഴികൾ തെരഞ്ഞെടുക്കണ്ടി വന്നു. തെറ്റിലേക്ക് പോകാനുള്ള കാരണം പോലും പാർട്ടി അന്വേഷിച്ചില്ല. ആത്മഹത്യ മാത്രം മുന്നിലവശേഷിച്ചപ്പോഴാണ് പല വഴിക്ക് സഞ്ചിരിക്കണ്ടി വന്നത്”- ആകാശ് തില്ലങ്കേരി കുറിച്ചു.
ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ഫേസ്ബുക്കിലിട്ട പോസ്റ്റിന് നൽകിയ കമന്‍റിലാണ് പാർട്ടി നേതൃത്വത്തിനെതിരെ ആകാശ് തില്ലങ്കേരി ആരോപണം ഉയർത്തിയത്. വിവാദത്തിന് പിന്നാലെ സരീഷ് പൂമരം ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
ആകാശ് തില്ലങ്കേരി അനുകൂലികളും സിപിഎം പ്രാദേശിക നേതാക്കളും തമ്മിൽ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ തുടരുന്ന വാക്കുതർക്കത്തിനിടെയാണ് പുതിയ ആരോപണവുമായി ആകാശ് തില്ലങ്കേരി രംഗത്തുവന്നത്. ആകാശ് തില്ലങ്കേരിക്ക് ഡിവൈഎഫ്ഐ നേതാവ് ഷാജർ ട്രോഫി നൽകിയ സംഭവം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.
ഈ സംഭവം ഷാജറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ആകാശ് തില്ലങ്കേരി നടത്തിയ ഗൂഢനീക്കത്തിന്‍റെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള തെളിവുകൾ പുറത്തുവിട്ടതാണ് വാക്കുതർക്കത്തിന് കാരണമായത്. ഇതിന് പിന്നാലെ ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരം ആകാശ് തില്ലങ്കേരിയെ തള്ളി ഫേസ്ബുക്ക് പോസ്റ്റിട്ടു. ഈ പോസ്റ്റിനിട്ട കമന്‍റിലൂടെയാണ് പാർട്ടിക്കെതിരെ വിമർശനം ഉയർത്തിയത്.
അതേസമയം, ആകാശ് തില്ലങ്കേരിയുടെ ആരോപണത്തിനെതിരെ ഡിവൈഎഫ്.ഐ നേതൃത്വം രംഗത്തു വന്നിട്ടുണ്ട്. വിഷയം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ജില്ലാ നേതൃത്വത്തിന് ഡിവൈഎഫ്ഐ നേതൃത്വം കത്ത് നൽകിയിട്ടുണ്ട്.
ഡിവൈഎഫ്ഐ നേതാക്കളെ തേജോവധം ചെയ്യാനുള്ള ശ്രമമാണ് ആകാശ് തില്ലങ്കേരിയും അനുകൂലികളും ശ്രമിക്കുന്നത്. പുറത്ത് ഡിവൈഎഫ്ഐ നേതാക്കളെന്ന തരത്തിലും അകത്ത് നേതാക്കളെ പ്രതിരോധത്തിലാക്കുന്ന തരത്തിലുമാണ് ഇവരുടെ പ്രവർത്തനമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.