മുസ്ലീം യൂത്ത് ലീഗിൽ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ വിവാദം; ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം
- Published by:user_57
- news18-malayalam
Last Updated:
2018ൽ പിരിച്ച ഫണ്ടിൽ നിന്നും ഒരു രൂപ പോലും കത്വ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറിയിട്ടില്ല എന്നും ആരോപണം
മുസ്ലീം യൂത്ത് ലീഗിൽ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ വിവാദം. ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം രംഗത്തെത്തിയിരിക്കുകയാണ്. കത്വ, ഉന്നാവ് പീഡനത്തിന് ഇരയായ പെൺകുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാനും, നിയമ പരിരക്ഷ ഉറപ്പുവരുത്താനുമായി സമാഹരിച്ച ഒരു കോടിയോളം രൂപ ഇരകൾക്കു കൈമാറാതെ മുസ്ലീം യൂത്ത് ലീഗ് ദേശീയ ഭാരവാഹികളിൽ ചിലർ സ്വകാര്യ ആവശ്യങ്ങൾക്ക് വിനിയോഗിച്ചെന്നാണ് പുതിയ വിവാദം. യൂത്ത് ലീഗ് മുൻ ദേശീയ സമിതിയംഗം യൂസഫ് പടനിലമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2018 ഏപ്രിൽ 20 വെള്ളിയാഴ്ച്ചയാണ് കേരളത്തിലെ മുസ്ലീം പള്ളികൾ കേന്ദ്രീകരിച്ച് യൂത്ത് ലീഗിൻ്റെ നേതൃത്വത്തിൽ ഏകദിന ഫണ്ട് സമാഹരണം നടത്തിയത്. ഇതിനു പുറമേ, വിദേശനാടുകളിൽ നിന്നടക്കം വ്യാപകമായി പണപ്പിരിവ് നടത്തിയെന്നും എന്നാൽ ഇതു സംബന്ധിച്ച കണക്കുകൾ കമ്മറ്റികളിൽ അവതരിപ്പിക്കുവാൻ നേതൃത്വം തയ്യാറായിട്ടില്ലെന്നും യൂസഫ് ആരോപിക്കുന്നു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്, സി.കെ. സുബൈർ എന്നിവരെ കേന്ദ്രീകരിച്ചായിരുന്നു യൂസഫ് പടനിലത്തിന്‍റെ ആരോപണം. പി.കെ. ഫിറോസ് നയിച്ച 2019ലെ യുവജന യാത്രയുടെ കടമുണ്ടെന്ന് പറഞ്ഞ് ഉന്നാവ് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ വകമാറ്റി ചിലവഴിച്ചു. രോഹിത് വെമൂലയുടെ കുടുംബത്തിന് നൽകിയ 10 ലക്ഷത്തിൻ്റെ ചെക്ക് മടങ്ങിയപ്പോൾ അഞ്ച് ലക്ഷം കത്വ ഫണ്ടിൽ നിന്നും വകമാറ്റി.
advertisement
2018ൽ പിരിച്ച ഫണ്ടിൽ നിന്നും ഒരു രൂപ പോലും കത്വ പെൺകുട്ടിയുടെ കുടുംബത്തിന് കൈമാറിയിട്ടില്ല തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് മുസ്ലീം യൂത്ത് ലീഗിനെതിരെ മുർ ദേശീയ സമിതി അംഗം ഉയർത്തിയത്. സംഭവം ചോദ്യംചെയ്ത യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷനും ഹൈദരലി തങ്ങളുടെ മകനുമായ മുഈനലി തങ്ങളെ പാർട്ടിയിൽ നിന്നു പുറത്താക്കാനും, അവഹേളിക്കുവാനുമാണ് ശ്രമിച്ചത്.
ദേശീയ കമ്മറ്റിയിലെ സാമ്പത്തിക ക്രമക്കേടുകളെ ചോദ്യം ചെയ്യുകയും ഫണ്ട് സംബന്ധിച്ച് പൂർണ്ണമായ കണക്കുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടും ബന്ധപ്പെട്ടവർ അതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡൻ്റ് സാബിർ ഗഫാർ രാജിവെച്ചത്.
advertisement
ഗുജറാത്ത്, സുനാമി, റോഹിങ്ക്യൻ അഭയാർത്ഥി ഫണ്ടു തട്ടിപ്പുകൾക്ക് സമാനമായ ക്രമക്കേടാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. സാമ്പത്തിക ക്രമക്കേടിന് എതിരെ സർക്കാർ തലത്തിൽ അന്വേഷണം ഉണ്ടാവണം. ആരോപണം തെറ്റാണെങ്കിൽ ബാങ്ക് വിവരം പുറത്ത് വിടാന്‍ യൂത്ത് ലീഗ് തയ്യാറാകണമെന്നാണ് ആവശ്യം. സംഭവത്തില്‍ വിജിലന്‍സിന് പരാതി നല്‍കുമെന്നും, ആരോപണ വിധേയരായ നേതാക്കളെ ലീഗ് നേതൃത്വം സംരക്ഷിക്കുകയാണെന്നും യൂസുഫ് പടനിലം പറയുന്നു.
ദേശീയ നിർവാഹകസമിതി അംഗമെന്ന നിലയിൽ കമ്മറ്റികളിൽ താനും, സഹ അംഗങ്ങളും നിരന്തരം ചോദ്യം ഉന്നയിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ആരോപണ വിധേയരായ നേതാക്കളെ നേത്യത്വം സംരക്ഷിക്കുകയാണ്. സംഭവം ചോദ്യം ചെയ്ത തന്നെ പുറത്താക്കുന്ന സമീപനമാണ് ഉണ്ടായതെന്നും യൂസഫ് പടനിലം വ്യക്തമാക്കി.
advertisement
യൂസഫ് പടനിലത്തിന്‍റെ ആരോപണത്തെ ഭാഗികമായി പിന്തുണയ്ക്കുന്ന സമീപനമാണ് യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ മൂഈനലി തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടായത്. സമാഹരിച്ച തുകയ്ക്ക് വ്യക്തമായ കണക്കില്ല. വിഷയം കമ്മിറ്റിയില്‍ പല പ്രാവശ്യം അവതരിപ്പിച്ചിരുന്നു. ട്രഷറർക്ക് പോലും കണക്കുകകളെ കുറിച്ച് അറിയില്ല. ഈ വിഷയം പി.കെ.കുഞ്ഞാലിക്കുട്ടിയെ നേരിട്ട് അറിയിച്ചിരുന്നു. പാർട്ടി നേതൃത്വം കണക്ക് അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. മുൻ ദേശീയ അധ്യക്ഷന്‍ വിഷയത്തില്‍ തൃപ്തനായിരുന്നില്ല.
പണം എങ്ങനെ വിനിയോഗിച്ചെന്ന് അറിയില്ല. അതിന് നേതൃത്വം വ്യക്തമായ ഉത്തരം നൽകണം. എന്നാൽ ചോദ്യം ചെയ്യുന്നവരെ പ്രതിയാകുന്ന സമീപനമാണ് യൂത്ത് ലീഗിൽ നടക്കുന്നതെന്നും, വിഷയത്തിൽ പി. കെ. ഫിറോസിന് പങ്കില്ലെന്നും മൂഈനലി ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2021 6:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുസ്ലീം യൂത്ത് ലീഗിൽ സുനാമി ഫണ്ട് തട്ടിപ്പിന് സമാനമായ വിവാദം; ആരോപണവുമായി യൂത്ത് ലീഗ് ദേശീയ സമിതി അംഗം