'BJP ലോകത്തിലെ ഏറ്റവും സുശക്തമായ പ്രസ്ഥാനം; എന്നെ സ്വീകരിച്ചത് മുജ്ജന്മ സുകൃതമായി കരുതുന്നു' അബ്ദുള്ളക്കുട്ടി
Last Updated:
ഗുജറാത്ത് നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും ഗുജറാത്തിൽ ഒരു നിക്ഷേപകനും ഇന്നേവരെ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കണ്ണൂർ: ലോകത്തിലെ ഏറ്റവും സുശക്തമായ പ്രസ്ഥാനമാണ് ബി.ജെ.പിയെന്നും തന്നെ ബി ജെ പി സ്വീകരിച്ചത് മുജ്ജന്മ സുകൃതമായി കരുതുന്നെന്നും എ പി അബ്ദുള്ളക്കുട്ടി. കണ്ണൂർ ബി ജെ പി നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി.
ഇന്ത്യയിലെയെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും സുശക്തമായ ജനാധിപത്യ പ്രസ്ഥാനത്തിൽ തന്നെ സ്വീകരിച്ചത് ഏതോ മുജ്ജന്മ സുകൃതമായി കരുതുകയാണെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞത് നിറഞ്ഞ കയ്യടിയോടെ ആയിരുന്നു കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകർ സ്വീകരിച്ചത്.
ചെയ്യാത്ത തെറ്റിന്‍റെ പേരിൽ കേരളത്തിലെ ഇടതു - വലതു രാഷ്ട്രീയം പടിയടച്ച് പിണ്ഡം വെച്ച ഒരു രാഷ്ട്രീയ പ്രവർത്തകനാണ് താനെന്നും അദ്ദേഹം പറഞ്ഞു. ട്രോളൻമാരുടെ ഭാഷയിൽ പറഞ്ഞാൽ സ്വന്തം പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് ലോക ചരിത്രത്തിൽ ആദ്യമായി പുറത്താക്കപ്പെടുന്ന ഒരാളായിരിക്കും താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
advertisement
പ്രതിസന്ധി ഘട്ടത്തിൽ മുമ്പ് മാധ്യമപ്രവർത്തകരോട് പറഞ്ഞതു പോലെ ബന്ധുക്കളും വീട്ടുകാരുമൊക്കെയായി ആലോചിച്ചിട്ട് എന്തെങ്കിലും ജോലി തേടി പോകാമെന്നാണ് ആദ്യം വിചാരിച്ചത്. എന്നാൽ, ആ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ കാണാൻ ആഗ്രഹിച്ചു. തന്‍റെ ഭാഗ്യം കൊണ്ട് ലോകത്തിലെ തന്നെ ഏറ്റവും തിരക്കു പിടിച്ച നേതാവിനെ വളരെ പെട്ടെന്നു തന്നെ കാണാൻ സാധിച്ചു.
തന്‍റെ നിക്ഷേപമെന്ന് പറയുന്നത് പൊതു പ്രവർത്തനവും കാഴ്ചപ്പാട് എന്നത് വികസനവുമാണെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞു.
advertisement
രാഷ്ട്രീയത്തിന് അപ്പുറത്ത് നിന്ന് തന്നെ അനുമോദിക്കാൻ തയ്യാറായത് അതുകൊണ്ടാണെന്നും അതുകൊണ്ട് പൊതു പ്രവർത്തനത്തിൽ നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബി ജെ പി ന്യൂനപക്ഷ സമുദായത്തിന് എതിരാണെന്നത് ഒരു കളവാണെന്നും താങ്കൾ ബി ജെ പിക്കൊപ്പം നിൽക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അബ്ദുള്ളക്കുട്ടി പറഞ്ഞു.
അമിത് ഷായെയും കണ്ടു അന്നു തന്നെ മെമ്പർഷിപ്പ് എടുക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. മെമ്പർഷിപ്പ് എടുത്ത് പ്രതിജ്ഞ ചെയ്തപ്പോളാണ് താൻ അത്ഭുതപ്പെട്ടത്, മഹാത്മാഗാന്ധിയുടെ വാക്കുകൾ ആ പ്രതിജ്ഞയിൽ ആലേഖനം ചെയ്തിരിക്കുന്നു. ദേശീയ മുസ്ലിം എന്ന് താൻ ഉപയോഗിച്ചത് ബോധപൂർവമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് നിക്ഷേപ സൗഹൃദ സംസ്ഥാനമാണെന്ന് പറഞ്ഞതിൽ താൻ ഉറച്ചു നിൽക്കുകയാണെന്നും ഗുജറാത്തിൽ ഒരു നിക്ഷേപകനും ഇന്നേവരെ ആത്മഹത്യ ചെയ്യേണ്ടി വന്നിട്ടില്ലെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Jun 29, 2019 5:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'BJP ലോകത്തിലെ ഏറ്റവും സുശക്തമായ പ്രസ്ഥാനം; എന്നെ സ്വീകരിച്ചത് മുജ്ജന്മ സുകൃതമായി കരുതുന്നു' അബ്ദുള്ളക്കുട്ടി








