വീട്ടുമുറ്റത്തു കാർ എടുക്കുമ്പോൾ അൽപംകൂടി ശ്രദ്ധിക്കൂ! രണ്ടുമാസത്തിനിടെ ജീവൻ നഷ്ടമായത് 3 കുരുന്നുകൾക്ക്
- Published by:Rajesh V
- news18-malayalam
Last Updated:
രണ്ടു അപകടങ്ങളും നടന്നത് മലപ്പുറം ജില്ലയിലാണ്. ഒന്ന് കാസർഗോഡും
വീട്ടുമുറ്റത്തും പരിസരങ്ങളിലും അശ്രദ്ധകൊണ്ട് സംഭവിക്കുന്ന വാഹനാപകടങ്ങൾ സംസ്ഥാനത്ത് വർധിക്കുന്നു. കാറുകൾ ഉരുണ്ടിറങ്ങിയും പിറകോട്ടെടുക്കുമ്പോൾ തട്ടിയുമൊക്കെയാണ് അപകടങ്ങൾ സംഭവിക്കുന്നത്. ഇത്തരത്തിൽ രണ്ടുമാസത്തിനിടെ മൂന്ന് കുരുന്നു ജീവനുകളാണ് പൊലിഞ്ഞത്. ഇതില്‍ രണ്ടു അപകടങ്ങളും നടന്നത് മലപ്പുറം ജില്ലയിലാണ്. ഒന്ന് കാസർഗോഡും. വീട്ടിന്റെ കാർപോർച്ചിൽ നിന്നു കാറെടുക്കുമ്പോഴും തിരികെ കൊണ്ടിടുമ്പോഴുമൊക്കെ കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന പാഠമാണ് ഇത് നൽകുന്നത്.
എടപ്പാളിലെ അപകടം കാർ പിന്നോട്ടെടുത്തപ്പോൾ
ഏപ്രിൽ 11ന‌് രാത്രിയാണ് മലപ്പുറം എടപ്പാളില്‍ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ പിന്നിലേക്ക് എടുത്തപ്പോൾ അബദ്ധത്തിൽ ദേഹത്തേക്ക് ഇടിച്ചുകയറി നാലുവയസുകാരി മരിച്ചത്. മഠത്തിൽ വീട്ടിൽ ജാബിറിന്‍റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും വീടിന്‍റെ മുറ്റത്ത് നിന്നിരുന്ന ബന്ധുവായ സ്ത്രീക്കും പരിക്കേറ്റു.
ഓട്ടോമാറ്റിക് കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ രണ്ട് സ്ത്രീകളാണ് ഉണ്ടായിരുന്നത്. കാര്‍ പിന്നോട്ട് എടുക്കുന്നതിനിടയിൽ വേഗത്തിൽ പിന്നോട്ട് വന്ന് മുറ്റത്ത് നിൽക്കുകയായിരുന്നവരെ ഇടിക്കുകയായിരുന്നു. കാര്‍ വേഗത്തിൽ വന്നതിനാൽ ഇവര്‍ക്ക് മാറാനായില്ല. നാലു വയസുകാരിയുടെ ദേഹത്ത് കാര്‍ കയറുകയായിരുന്നു.
advertisement
കാർ പിന്നോട്ട് ഉരുണ്ടിറങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം
മെയ് 9ന് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി ദേഹത്ത് കയറിയാണ് രണ്ടര വയസ്സുകാരൻ മരിച്ചത്. മലപ്പുറം കീഴുപറമ്പ് കുറ്റൂളി മാട്ടുമ്മൽ ശിഹാബിന്റെ മകൻ മുഹമ്മദ് സഹിൻ ആണ് മരിച്ചത്. അരീക്കോട് വാക്കാലൂരിലെ മാതൃ സഹോദരിയുടെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു സഹിനും കുടുംബവും. വൈകുന്നേരം നാല് മണിയോടെയാണ് അപകടം. അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. മുറ്റത്ത് മറ്റ് കുട്ടികളോടൊപ്പം കളിക്കുകയായിരുന്ന സഹിന്റെ ദേഹത്താണ് കാർ ഇടിച്ച് നിന്നത്. കുട്ടിയെ ഉടൻ തന്നെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
advertisement
പിതാവ് കാർ തള്ളിമാറ്റുന്നതിനിടെ മറിഞ്ഞ് അപകടം
ജൂൺ 5ന് കാസർഗോഡ് മുള്ളേരിയ ബെള്ളിഗയിലെ അപകടത്തിൽ ഒന്നര വയസുകാരിയുടെ ജീവനാണ് പൊലിഞ്ഞത്. റോഡിലെ ഓവുചാലിൽ വീണ കാർ തള്ളിമാറ്റുന്നതിനിടെ ഭിത്തിയിലിടിച്ച് മറിഞ്ഞാണ് എം ഹരിദാസിന്റെയും ശ്രീവിദ്യയുടെയും മകൾ ഹൃദ്യനന്ദ മരിച്ചത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.
പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.
advertisement
കാറിനടിയിൽപെടാതെ തെറിച്ചുപോയതിനാൽ അമ്മ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂത്തമകൾ ദേനനന്ദ കാറിനകത്തായിരുന്നു. അച്ഛൻ ഹരിദാസ് കാറിനകത്ത് നിന്ന് ഇറങ്ങി തള്ളുന്നതിനിടെ ഇറക്കത്തിൽ ഉരുണ്ട് പോയി മറിയുകയായിരുന്നു. കാറനകത്തുണ്ടായിരുന്ന മൂത്തകുട്ടി നിസാര പരിക്കോടെ രക്ഷപ്പെട്ടു. ഹൃദ്യനന്ദയെ മുള്ളേരിയ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 06, 2025 2:04 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വീട്ടുമുറ്റത്തു കാർ എടുക്കുമ്പോൾ അൽപംകൂടി ശ്രദ്ധിക്കൂ! രണ്ടുമാസത്തിനിടെ ജീവൻ നഷ്ടമായത് 3 കുരുന്നുകൾക്ക്