അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം; എട്ടടി ഉയരമുള്ള പ്രതിമ നിർമിച്ചത് കഞ്ഞിക്കുഴിയിലെ വ്യാപാരി
- Published by:Anuraj GR
- news18-malayalam
Last Updated:
അരിക്കൊമ്പൻ പ്രതിമ നിർമിക്കുന്നതിന് പിന്നിൽ ബാബുവിനെ പറയാൻ വലിയൊരു കഥയുണ്ട്
ഇടുക്കി: ചിന്നക്കനാൽ മേഖലയിൽനിന്ന് പിടികൂടി നാടുകടത്തിയ അരിക്കൊമ്പന് ഇടുക്കി കഞ്ഞിക്കുഴിയിൽ സ്മാരകം. അരിക്കൊമ്പന്‍റെ എട്ടടി ഉയരമുള്ള പ്രതിമയാണ് കഞ്ഞിക്കുഴിയിലെ വ്യാപാരിയായ വെട്ടിക്കാട്ട് ബാബു നിർമിച്ചിരിക്കുന്നത്. തള്ളക്കാനത്ത് കൊക്കോ വ്യാപാരം നടത്തുന്ന ബാബു തന്റെ സ്ഥാപനത്തിന്റെ മുന്നിലാണ് അരിക്കൊമ്പൻ പ്രതിമ നിർമിച്ചത്. കഞ്ഞിക്കുഴി പുന്നയാറിലുള്ള ബിനു ആണ് ശിൽപി.
അരിക്കൊമ്പനോടുള്ള പ്രത്യേക സ്നേഹം കൊണ്ടാണ് ഇത്തരമൊരു സ്മാരകം നിർമിച്ചതെന്ന് ബാബു പറയുന്നു. ഏകദേശം രണ്ടുലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള പ്രതിമ നിർമാണം ഒരു വർഷം മുമ്പാണ് ആരംഭിച്ചത്. ഉരുക്ക് കമ്പികൾ കൊണ്ട് ചട്ടക്കൂട് തയ്യാറാക്കി കോൺക്രീറ്റ് മിശ്രിതം തേച്ചു പിടിപ്പിച്ചായിരുന്നു പ്രതിമ നിർമിച്ചിരിക്കുന്നത്.
അരിക്കൊമ്പൻ പ്രതിമ നിർമിക്കുന്നതിന് പിന്നിൽ ബാബുവിനെ പറയാൻ വലിയൊരു കഥയുണ്ട്. അഞ്ചു വർഷം മുൻപ് 301 കോളനിയിൽ ബാബു ഇഞ്ചി കൃഷി നടത്തിയിരുന്നു. ആ സമയത്ത് 301 കോളനിയിലെ സ്ഥിരം ശല്യക്കാരനായിരുന്നു അരിക്കൊമ്പൻ. കോളനിയിലെ കൃഷിയിടങ്ങളിലെത്തി ഇഞ്ചിയെല്ലാം ചവട്ടി മെതിച്ച് നശിപ്പിക്കുന്നതും പതിവായിരുന്നു. കടുത്ത ആനപ്രേമിയായിരുന്ന ബാബുവിന് അതിൽ ഒരു പരിഭവവുമില്ലായിരുന്നു. എന്നാൽ ഇക്കൊല്ലം മികച്ച വിളവ് കിട്ടി. പാട്ടക്കരാർ തീർന്നതോടെ ഇഞ്ചി കൃഷിയെല്ലാം അവസാനിപ്പിച്ച് നാട്ടിൽ തിരികെയെത്തിയപ്പോഴാണ് അരിക്കൊമ്പനോടുള്ള ഇഷ്ടത്തിൽ പ്രതിമ നിർമാണത്തിലേക്ക് നയിച്ചത്.
advertisement
Also Read- അരിക്കൊമ്പന്‍റെ റേഡിയോ കോളർ സിഗ്നലുകൾ ഇടയ്ക്കിടെ മുറിയുന്നു; ഉൾക്കാട്ടിലേക്ക് പോയെന്ന് അഭ്യൂഹം
അരിക്കൊമ്പനെ പിടികൂടി താപ്പാനയാക്കണമെന്ന് വ്യാപകമായ ആവശ്യം ഉയർന്നപ്പോഴാണ് പ്രതിമ നിർമാണം ആരംഭിച്ചത്. അരിക്കൊമ്പൻ നാട്ടാനയായി മാറുമെന്ന പ്രതീക്ഷയിൽ ചങ്ങല ഉൾപ്പടെയാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. ഏതായാലും ബാബുവിന്‍റെ അരിക്കൊമ്പനെ കാണാനും സെൽഫി എടുക്കുന്നതിനുമായി ഒട്ടനവധി പേർ ദിവസവും തള്ളക്കാനത്ത് എത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Idukki,Kerala
First Published :
June 16, 2023 9:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അരിക്കൊമ്പന് ഇടുക്കിയിൽ സ്മാരകം; എട്ടടി ഉയരമുള്ള പ്രതിമ നിർമിച്ചത് കഞ്ഞിക്കുഴിയിലെ വ്യാപാരി