തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് (Asianet News) സീനിയർ പ്രൊഡ്യൂസർ ശോഭാ ശേഖർ (Shobha Sekhar) അന്തരിച്ചു. 40 വയസായിരുന്നു. അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം വഴുതക്കാട് ലെനിൻ നഗർ നിരഞ്ജനത്തിലായിരുന്നു താമസം.
ചരിത്രത്തിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരം പ്രസ് ക്ലബിൽനിന്ന് ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ നേടി. വെബ്‌ലോകം വെബ് പോർട്ടലിലും മംഗളം ദിനപത്രത്തിലും പ്രവർത്തിച്ചു. 2012 മുതൽ ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്യുന്നു. നേർക്കുനേർ അടക്കം ഏഷ്യാനെറ്റ് ന്യൂസിലെ വിവിധ പരിപാടികളുടെ പ്രോഡ്യൂസറായിരുന്നു. വനിത, കന്യക തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.
എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോൾ പേഴ്സനൽ സ്റ്റാഫിലുണ്ടായിരുന്ന വി സോമശേഖരൻ നാടാറാണ് അച്ഛൻ. അമ്മ പി പ്രഭ മൂന്ന് വർഷം മുൻപാണ് മരിച്ചത്. രണ്ട് സഹോദരിമാരുണ്ട്. വൈകിട്ട് 5.30ഓടെ ഏഷ്യാനെറ്റ് ഓഫീസിൽ പൊതുദർശനത്തിന് വെയ്ക്കും. ശേഷം ഏഴു മണിയോടുകൂടി തൃക്കണ്ണാപുരം പൂഴിക്കുന്നു വീട്ടിൽ സംസ്കാര ചടങ്ങുകൾ നടക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Asianet News, Journalist, Obit news