കൊച്ചി: വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിൻ്റെയും (Dileep) കൂട്ടു പ്രതികളുടെയും ഫോണുകൾ (Mobile Phones) ആലുവ മജിസ്ട്രേറ്റ് കോടതിയിൽ പരിശോധിക്കില്ല. ഫോണുകൾ തിരുവനന്തപുരം പൊലീസ് ഫോറൻസിക് ലാബിൽ നേരിട്ട് അയക്കാൻ കോടതി നിർദ്ദേശിച്ചു. ഫോണുകൾ ലാബിൽ അല്ലാതെ തുറക്കുന്നത് കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്ന് പ്രതികൾ കോടതിയിൽ വാദിച്ചിരുന്നു.
ഫോണുകൾ കോടതിയിൽവെച്ച് തന്നെ അൺലോക്ക് ചെയ്യണമെന്നും ലോക്കിങ് പാറ്റേണുകൾ എന്താണെന്ന് കോടതി പരിശോധിക്കണമെന്നും ആയിരുന്നു കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചത്. പരിശോധിക്കാതെ ഫോൺ അയക്കുകയാണെങ്കിൽ ലോക്കിങ് പാറ്റേണുകൾ തെറ്റാകാൻ സാധ്യതയുണ്ടെന്നും ഇതുമൂലം നടപടിക്രമങ്ങൾ പിന്നെയും വൈകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ ഒരു കാരണവശാലും ഫോണുകൾ കോടതിയിൽ തുറക്കരുത് എന്ന നിലപാടിൽ പ്രതിഭാഗം ഉറച്ചുനിന്നു. തുടർന്ന് ഇന്ന് പ്രതികളോ അവരുടെ അഭിഭാഷകരോ കോടതിയിൽ എത്തണമെന്നും നിർദ്ദേശവും ഉണ്ടായിരുന്നു.
Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം തടയണം; നിർണായക നീക്കവുമായി ദിലീപ്
ഇന്ന് കേസ് പരിഗണിക്കുമ്പോൾ ഫോണുകൾ നേരിട്ട് കൈമാറാനാണ് കോടതി നിർദേശിച്ചത്. കോടതിക്ക് മുന്നിൽ സമർപ്പിച്ച രേഖകൾ വിശ്വാസത്തിൽ എടുക്കാമെന്നും ഇതിന്റെ പേരിൽ ഒരു തർക്കം ഉടലെടുത്താൽ അത് അന്വേഷണത്തെ ബാധിക്കുമെന്നും മനസ്സിലാക്കിയാണ് നടപടികളെ പ്രോസിക്യൂഷൻ എതിർക്കാതിരുന്നത്. എത്രയും പെട്ടെന്ന് ഫോണുകൾ പരിശോധിച്ച് ഫലം കോടതിയിൽ ലഭ്യമാക്കാനാണ് പ്രോസിക്യൂഷന്റെ ഇനിയുള്ള ശ്രമം. ആലുവ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഫോണുകൾ തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയക്കും.
ആലുവ മജിസ്ട്രേറ്റ് കോടതിയിൽ സൂക്ഷിച്ചിരിക്കുന്ന മൊബൈൽ ഫോണുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുന്നതിന് മുൻപ് ഫോൺ തുറക്കാനുള്ള പാറ്റേൺ കൈമാറണമെന്ന ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇന്നലെ കോടതി കേസ് പരിഗണിച്ചപ്പോൾ അടിയന്തരമായി പാറ്റേണെത്തിക്കാൻ കോടതി പറയുകയായിരുന്നു. തുടർന്ന് ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോൺ പാറ്റേൺ കോടതിയിൽ വച്ച് പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇതിനെ പ്രതിഭാഗം എതിർത്തു. സീൽ ചെയ്ത് പോകുന്ന ഫോണുകളുടെ പാറ്റേൺ തെറ്റാണെങ്കിൽ ഫലം വൈകുമെന്നും പരിശോധനാ ഫലം വൈകിപ്പിക്കുന്നതിലൂടെ കേസ് നീട്ടാനാകാം പ്രതിഭാഗം ശ്രമിക്കുന്നതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതികളുടെ സാന്നിധ്യത്തിൽ തുറക്കണമെന്നും ഫോണും പാറ്റേണും അന്വേഷണ ഉദ്യാഗസ്ഥർക്ക് കാണേണ്ടതില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഫോണുകൾ ഹൈക്കോടതിയിൽ വച്ച് ഡിജിപിയുടെ സാന്നിധ്യത്തിൽ സീൽ ചെയ്തതാണെന്നും സൈബർ വിദഗ്‌ധർ പോലുമില്ലാതെയാണ് ഫോൺ ഉൾകൊള്ളുന്ന കവർ തുറക്കാൻ പോകുന്നതെന്നും അന്വേഷണ സംഘം കൃത്രിമം നടത്താൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. തുറന്ന കോടതിയിൽ എതാനും സെക്കൻ്റുകൾ മാത്രം ഫോൺ തുറന്നാൽ എന്താണ് സംഭവിക്കുകയെന്ന് കോടതി തിരിച്ചു ചോദിച്ചു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ പരിശോധിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്നലെ രാവിലെ അപേക്ഷ നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Actress attack case, Dileep, Dileep Case