'അയാൾ കഥയെഴുതുകയാണ്' മോഡല്‍ കോഴിക്കോടും; ഡിഎംഒ ഓഫീസിൽ കസേരത്തർക്കം
- Published by:Rajesh V
- news18-malayalam
Last Updated:
കസേരയ്ക്കായി രണ്ട് ഡിഎംഒകള്‍ തുടങ്ങിയ തര്‍ക്കം ഇന്നും മാറ്റമില്ലാതെ തുടരുകയാണ്
കമൽ സംവിധാനം ചെയ്ത 'അയാള്‍ കഥയെഴുതുകയാണ്' എന്ന ചിത്രത്തിലെ ശ്രീനിവാസനും നന്ദിനിയും തമ്മിലുള്ള താലൂക്ക് ഓഫീസിലെ കസേര തർക്കം ഓർമയില്ലേ? ശ്രീനിവാസന്‍ അവതരിപ്പിച്ച തഹസില്‍ദാര്‍ രാമകൃഷ്ണന് സ്ഥലം മാറിയെത്തിയപ്പോള്‍ കസേര ഒഴിഞ്ഞുകൊടുക്കാതെ വാശിപിടിക്കുകയായിരുന്നു നന്ദിനി അവതരിപ്പിച്ച പ്രിയദര്‍ശിനി എന്ന കഥാപാത്രം. പിന്നീട് രാമകൃഷ്ണനെ പ്രിയദര്‍ശിനി മുറിയില്‍ പൂട്ടിയിടുകയും മാധ്യമങ്ങളെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുകയും ചെയ്തു. ഏപിന്നീട് മോഹൻലാലിന്റെ നായകകഥാപാത്രമായ സാഗർ കോട്ടപ്പുറം ഈ സംഭവത്തെ ആധാരമാക്കി നോവലെഴുതുന്നതാണ് സിനിമാക്കഥ.
ഈ സിനിമയെ ഓർമിപ്പിക്കുന്ന സംഭവം കോഴിക്കോട് ഡിഎംഒ ഓഫീസിൽ നടന്നു. കസേരയ്ക്കായി രണ്ട് ഡിഎംഒകള്‍ തുടങ്ങിയ തര്‍ക്കം മാറ്റമില്ലാതെ തുടരുകയാണ്. ഇന്നും ഒരേ സമയം രണ്ട് പേരാണ് ഡിഎംഒ ആയി ഓഫിസിലെ കാബിനിലിരുന്നത്. സ്ഥലം മാറിയെത്തിയ ഡോ. ആശാദേവിയും നിലവിലെ ഡിഎംഒ ഡോ. രാജേന്ദ്രനും കൃത്യസമയത്ത് തന്നെ ഓഫീസിലെത്തി കാബിനിലിരുന്നു.
നിയമപ്രകാരം താനാണ് ഡിഎംഒ എന്ന് രാജേന്ദ്രനും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിധി തനിക്ക് അനുകൂലമാണെന്ന് ആശാദേവിയും നിലപാട് എടുക്കുകയായിരുന്നു. നിയമനടപടികളിലെ സാങ്കേതികത്വം ഉയര്‍ത്തി സ്ഥലം മാറ്റം കിട്ടി എത്തിയ ആശാദേവിക്ക് കസേര ഒഴിഞ്ഞു കൊടുക്കാൻ ഡോ. രാജേന്ദ്രന്‍ ഇതുവരെ തയ്യാറായിട്ടില്ല.
advertisement
ഈ മാസം ഒമ്പതിനാണ് ഈ പ്രശ്‌നങ്ങൾ തുടങ്ങുന്നത്. കോഴിക്കോട് ഡി.എം.ഒ. സ്ഥാനത്ത് നിന്ന് ഡോ. രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയിരുന്നു. പകരം എറണാകുളം ഡിഎംഒ ആയിരുന്ന ഡോ. ആശാദേവിയെ കോഴിക്കോട് ഡിഎംഒ ആയി സ്ഥലം മാറ്റുകയും ചെയ്തു.
എന്നാല്‍, രണ്ടു ദിവസത്തിന് ശേഷം കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണലില്‍നിന്ന് സ്ഥലംമാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡിഎംഒ ആയി തുടർന്നു. അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രൈബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഓഫീസിലെത്തിയത്. എന്നാല്‍ ജോലിയില്‍നിന്ന് മാറണം എന്ന ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞാണ് ഡോ. രജേന്ദ്രന്‍ കസേരയില്‍ തുടരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode [Calicut],Kozhikode,Kerala
First Published :
December 24, 2024 12:55 PM IST