Beemapally Uroos 2024| ബീമാപള്ളി ഉറൂസ് ഡിസംബർ 3 മുതൽ 13 വരെ; തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി
- Published by:Rajesh V
- news18-malayalam
Last Updated:
ഉറൂസ് ദിനങ്ങളിൽ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തും.
തിരുവനന്തപുരം: ഈ വർഷത്തെ ബീമാപള്ളി ഉറൂസ് ഡിസംബർ മൂന്ന് മുതൽ 13 വരെ നടക്കുമെന്ന് ജമാഅത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഉറൂസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. ഉറൂസ് പ്രമാണിച്ച് ഡിസംബർ 3ന് തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കും. ഡിസംബർ മൂന്നിന് രാവിലെ എട്ടിന് പ്രാർത്ഥനയും തുടർന്ന് നഗരപ്രദക്ഷിണവും നടക്കും. 10.30ന് സമൂഹപ്രാർത്ഥനക്ക് ചീഫ് ഇമാം നുജ്മുദ്ദീൻ പൂക്കോയ തങ്ങൾ നേതൃത്വം നൽകും. 11ന് ജമാഅത്ത് പ്രസിഡന്റ് എം പി അബ്ദുൽ അസീസ്, വൈസ് പ്രസിഡന്റ് എം കെ ബാദുഷ എന്നിവർ പതാക ഉയർത്തും. ഡിസംബർ 12 വരെ എല്ലാ ദിവസവും രാത്രി 9.30 മുതൽ മതപ്രഭാഷണം ഉണ്ടാകും.
എട്ടാം തീയതി വൈകിട്ട് 6.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ, സാംസ്കാരിക, ആത്മീയ മേഖലകളിലെ പ്രമുഖർ പങ്കെടുക്കും. ഒമ്പതിന് വൈകിട്ട് 6.30ന് പ്രതിഭാ സംഗമം, പത്തിന് രാത്രി 11.30ന് ത്വാഹ തങ്ങളും സംഘവും അവതരിപ്പിക്കുന്ന ബുർദ, 11ന് രാത്രി 11.30 മുതൽ മൻസൂർ പുത്തനത്താണിയും സംഘവും അവതരിപ്പിക്കുന്ന സൂഫി മദ്ഹ് ഖവാലി എന്നിവ ഉണ്ടാകും.
സമാപന ദിവസമായ 13ന് പുലർച്ചെ ഒന്നിന് പ്രാർത്ഥനക്ക് ബീമാപള്ളി ഇമാം സബീർ സഖാഫി നേതൃത്വം നൽകും. 1.30ന് നഗരപ്രദക്ഷിണം. നാലിന് കൂട്ട പ്രാർത്ഥനക്ക് അബ്ദുറഹുമാൻ മുത്തുകോയ തങ്ങൾ അൽ ബുഹാരി നേതൃത്വം നൽകും. വാർത്താസമ്മേളനത്തിൽ ജമാഅത്ത് പ്രസിഡന്റ് എം പി അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ബാദുഷ സൈനി, ട്രഷറർ സബൂർഖാൻ, വൈസ് പ്രസിഡന്റ് എം കെ ബാദുഷ, മുഹമ്മദ് ഇബ്രാഹിം, അസീം, ഹിദായത്ത് സാദത്ത് എന്നിവർ പങ്കെടുത്തു.
advertisement
ഉറൂസ് നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി കഴിഞ്ഞ ആഴ്ച ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും മുൻ വർഷത്തെക്കാൾ മികച്ച രീതിയിൽ ഉറൂസ് ഉത്സവം നടത്തുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. ഉറൂസ് നടത്തിപ്പിന്റെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി സബ് കളക്ടർ ആൽഫ്രഡ് ഒ വിയെ നോഡൽ ഓഫീസറായി യോഗം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉറൂസ് ദിനങ്ങളിൽ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്ന് ബീമാപ്പള്ളിയിലേക്ക് പ്രത്യേക സർവീസ് ഏർപ്പെടുത്തും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 28, 2024 9:43 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Beemapally Uroos 2024| ബീമാപള്ളി ഉറൂസ് ഡിസംബർ 3 മുതൽ 13 വരെ; തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി