ന്യൂഡൽഹി: ബി.ജെ.പി കേരള ഘടകത്തെ പിടിച്ചുലച്ച കൊടകര കുഴൽപ്പണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഫണ്ട് വിനിയോഗം അന്വേഷിക്കാൻ കേന്ദ്ര നേതൃത്വം. കുഴൽപ്പണ ഇടപാടുമായി ബന്ധമില്ലെന്ന് സംസ്ഥാന നേതൃത്വം ആവർത്തിക്കുന്നതിനിടെയാണ് ഫണ്ട് വിനിയോഗം സംബന്ധിച്ച് അന്വേഷിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വം സമിതിയെ ചുമതലപ്പെടുത്തിയത്. മെട്രോമാൻ ഇ ശ്രീധരൻ, മുൻ ഡിജിപി ജേക്കബ് തോമസ്, മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനായ
സി വി ആനന്ദബോസ് എന്നിവരടങ്ങിയ സമിതിയെയാണ് കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുളളത്.
പാർട്ടി അംഗങ്ങളാണെങ്കിലും സംഘടന ഭാരവാഹികൾ അല്ലാത്തവരെയാണ് അന്വേഷണ ചുമതല ഏൽപ്പിച്ചത് എന്നതും ശ്രദ്ധേയമാണ്. അന്വേഷണത്തിൽ സമ്മർദ്ദമോ ഇടപെടലുകളോ ഉണ്ടാകാതിരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെ നിരവധി പരാതികൾ കേന്ദ്രത്തിന് ലഭിച്ചിരുന്നു.
Also Read 'കുഴൽപ്പണക്കേസിൽ പാര്ട്ടിയെ വളഞ്ഞിട്ട് ആക്രമിക്കാൻ ശ്രമം'; ഒറ്റക്കെട്ടായി പൊരുതാനുറച്ച് ബി.ജെ.പി
നേതൃമാറ്റം തിരഞ്ഞെടുപ്പ് തോൽവി എന്നിവ സംബന്ധിച്ച വിവര ശേഖരണത്തിന് സുരേഷ് ഗോപി എം.പിയും കേന്ദ്ര നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനത്തിൽ കേന്ദ്ര നേതൃത്വം അതൃപ്തരാണ്. നിയമസഭയിലെ അംഗത്വം നഷ്ടപ്പെട്ടതിന് പുറമെ അനുകൂല മണ്ഡലങ്ങളിൽപ്പോലും വോട്ടുശതമാനം വർധിപ്പിക്കാനാകത്തത് ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.
Also Read ഹെലികോപ്ടർ മുതൽ വട വരെ.... സോഷ്യൽ മീഡിയയിൽ നിറയെ വിവിധയിനം 'ഉള്ളി'
പാർട്ടിയിലെ ഗ്രൂപ്പുപോര് തിരഞ്ഞെടുപ്പുകാലത്ത് പ്രതിഫലിച്ച സാഹചര്യത്തിൽ അന്വേഷണ റിപ്പോർട്ടുകൾ നിർണായകമാണ്.
2014-ലിലെ തെരഞ്ഞെടുപ്പിൽ അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പ്രചാരണത്തിലൂടെയായിരുന്നു മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ ബി.ജെ.പി. സർക്കാർ അധികാരത്തിലെത്തിയത്. കള്ളപ്പണം തടയുന്നതിനായി നോട്ട് അസാധുവാക്കൽ നടത്തി. കേന്ദ്രസർക്കാർ ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകുന്നതിനിടെയാണ് കോടിക്കണക്കിന് രൂപയുടെ കുഴൽപ്പണം ഇടപാട് വിവാദമായത്.
കേരള നേതാക്കൾക്ക് എതിരായ ആരോപണങ്ങൾ ദേശിയ തലത്തിലും പാർട്ടിയുടെ പ്രതിച്ഛായക്ക് കോട്ടം ഏൽപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ വിഷയം ബി.ജെ.പിക്കെതിരെ ആയുധമാക്കിയിരിക്കുന്ന സാഹചര്യത്തിൽ കൂടിയാണ് വിഷയത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും നേരിട്ട് ഇടപെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, BJP president K Surendran, E sreedharan, Kodakara money laundering case