• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാൻ കഴിയില്ല; ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും': കെ സുരേന്ദ്രന്‍

'എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാൻ കഴിയില്ല; ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും': കെ സുരേന്ദ്രന്‍

ഒരു കുറ്റവും ചെയ്യാതെ ഞാന്‍ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്.

കെ സുരേന്ദ്രൻ

കെ സുരേന്ദ്രൻ

  • Share this:
കോഴിക്കോട്: കൊടകര കള്ളപ്പണക്കേസിൽ തന്റെ മകനിലേക്ക് അന്വേഷണം എത്തില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജ വാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ  300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ് താനെന്നും കെ. സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

''എന്റെ മകനിലേക്ക് ഒരു അന്വേഷണവും എത്തിക്കാന്‍ കഴിയില്ല. എന്റെ മകന്‍ എന്തിനാണ് ധര്‍മ്മരാജനെ വിളിക്കുന്നത്. ഏത് മൊഴികളുടെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഇത് പറയുന്നത്. ധര്‍മ്മരാജനെ മകന്‍ വിളിച്ചോ ഇല്ലെയോ എന്നത് പൊലീസ് അന്വേഷിച്ച് പറയട്ടെ. മാധ്യമങ്ങള്‍ കൊടുക്കുന്നത് വ്യാജവാര്‍ത്തകളാണ്. ഒരു കുറ്റവും ചെയ്യാതെ ഞാന്‍ 300 കേസുകളില്‍ പ്രതിയായിട്ടുള്ള ആളാണ്. ഈ സര്‍ക്കാരില്‍ നിന്ന് ഇതൊക്കെ പ്രതീക്ഷിച്ചാണ് ഞാന്‍ ഇവിടെയിരിക്കുന്നത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും"- സുരേന്ദ്രന്‍ പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസില്‍ പാര്‍ട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് നശിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു.  ഏതാനും നാളുകളായി മാധ്യമങ്ങൾ ബി.ജെ.പിയെ കുത്തിക്കീറുകയാണെന്നും മുന്‍നിര നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കുമ്മനം ആരോപിച്ചു. കേരളത്തിന്റെ ചുമതലയുള്ള പ്രഭാരിയുടെ നേതൃത്വത്തില്‍ വി.മുരളീധരനും പി.കെ.കൃഷ്ണദാസുമടക്കമുളള നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷമാണ് കോര്‍ കമ്മിറ്റിയോഗത്തിന് മുമ്പായി കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ടത്.

കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ ബി.ജെ.പി നേതാക്കളിലേക്കും സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനിലേക്കും അന്വേഷണം നീങ്ങുന്നതിനിടെയാണ് പാര്‍ട്ടിയിലെ ഭിന്നതകള്‍ മാറ്റി നേതാക്കള്‍ സംയുക്ത വാര്‍ത്താസമ്മേളനം നടത്തിയത്.

കുഴല്‍പ്പണക്കേസില്‍ സംസ്ഥാന അധ്യക്ഷന്റെ കുടുംബാംഗങ്ങളെയടക്കം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നതിലൂടെ പ്രതികാര രാഷ്ട്രീയം കളിക്കുകയാണ് സിപിഎം.എന്ന് കുമ്മനം ആരോപിച്ചു. സംസ്ഥാന പോലീസിനെ രാഷ്ട്രീയ പക പോക്കലിന് ഉപയോഗിക്കുകയാണ് സിപിഎം. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുന്‍ മന്ത്രിയും മുന്‍ സ്പീക്കറും ചോദ്യം ചെയ്യപ്പെടുകയും ആ കേസ് ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട് എന്ന തിരിച്ചറിവുമാണ് സിപിഎമ്മിനെ ഇതിന് പ്രേരിപ്പിക്കുന്ന ഒരു ഘടകം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. കേസില്‍ ചോദ്യം ചെയ്യപ്പെട്ട സി.എം രവീന്ദ്രന്‍ വീണ്ടും ചുമതലക്കാരനായി തുടരുന്നത് കള്ളക്കടത്തിലെ ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ തെളിവാണ്. രാജ്യദ്രോഹക്കുറ്റത്തില്‍ ആരോപണ വിധേയരായതിന്റെ ജാള്യത മറയ്കാനാണ് ബിജെപിയെ ചെളിവാരിയെറിയാന്‍ നോക്കുന്നത്. ബിജെപിയുടെ കള്ളപ്പണം അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന കോടിയേരി ബാലകൃഷ്ണന്‍ ആദ്യം സ്വന്തം മകന്റെ അക്കൗണ്ടിലുള്ള പണം എവിടെ നിന്ന് വന്നെന്ന് കോടതിയെ ബോധ്യപ്പെടുത്തട്ടെ. ബിനീഷ് കോടിയേരിയുടെ പച്ചക്കറി, മല്‍സ്യവാപാരം വഴിയുളള വരുമാനം കോടതിക്ക് ബോധ്യപ്പെട്ടെങ്കില്‍ ആറുമാസമായി അദ്ദേഹത്തിന് ജയില്‍ തുടരേണ്ടി വരില്ലായിരുന്നു എന്ന് ഓര്‍മ്മിപ്പിക്കുന്നു. കോടിയേരിയുടെ മകന്‍ ലഹരി കടത്ത് കേസില്‍ കുരുങ്ങിയതിലുള്ള പ്രതികാരം തീര്‍ക്കാനാണ് കെ.സുരേന്ദ്രന്റെ മകനെ ഈ കേസിലേക്ക് വലിച്ചിഴക്കുന്നത് കുമ്മനം പറഞ്ഞു.
Also Read അമ്മയുടെ ആശുപത്രി ബില്ലിനുള്ള പണം കണ്ടെത്താൻ വ്യാജ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ

ഒരു കേസില്‍ പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുന്നത് മനസിലാക്കാം, പക്ഷേ പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് എടുക്കുന്നത് വിചിത്രമായ അന്വേഷണരീതിയാണ്. പരാതിക്കാരന്‍ വിളിച്ചിട്ടുള്ള എല്ലാരേയും വിളിച്ച് ചോദ്യം ചെയ്യുക. പരാതിക്കാരന്‍ ബി ജെ പി അനുഭാവിയായതുകൊണ്ട് അദ്ദേഹത്തിന്റെ കോള്‍ ലിസ്റ്റില്‍ പല ബി ജെ പി ഭാരവാഹികളും കാണും. ചെയ്യുന്നത് നിയമപരം അല്ല എന്ന് പോലീസിന് അറിയുന്നതുകൊണ്ട് സൈബര്‍ ജേര്‍ണലിസ്റ്റുകള്‍ വഴി ഊഹാപോഹങ്ങള്‍ ലീക്ക് ചെയ്യുക.കുറെ ദിവസം ബ്രേക്കിംഗ് ന്യൂസ് ആയി നിര്‍ത്തുക. പൊതുജന മധ്യത്തില്‍, ബി ജെ പിയുടെ അന്തസ്സ് ഇടിക്കുക , ഇതാണ് ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന അന്വേഷണ നാടകം.
Also Read 'ഡോക്ടർമാരുടെ സംഘടനയെ മതപ്രചാരണത്തിന് ഉപയോഗിക്കരുത്'; ഐ.എം.എ പ്രസിഡന്റിനോട് ഡൽഹി കോടതി

കുഴല്‍പ്പണക്കേസില്‍ കേസില്‍ പിടിക്കപെട്ട ഒരാള്‍ ഒഴിച്ച്, മറ്റ് എല്ലാവരും, സി പി എം ബന്ധമുള്ളവരാണ്. എന്ത് കൊണ്ട് പരാതിക്കാരന്റെ കോള്‍ ലിസ്റ്റ് മാത്രം എടുത്ത് പരിശോധിക്കുന്നു? കണ്ണൂരില്‍ നിന്നടക്കമുള്ള ഈ പ്രതികള്‍ ആരെയൊക്കെ വിളിച്ചു എന്ന് അന്വേഷിക്കണ്ടെ? അത് അന്വേഷിച്ചാല്‍, അത് ഇടതുപക്ഷത്തെ ഉന്നതരിലേക്ക് എത്തും എന്നത് കൊണ്ടാണോ? . കേസിലെ പ്രതിയായ മാര്‍ട്ടിന് കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആര്‍ സുനില്‍ കുമാറുമായി എന്താണ് ബന്ധം. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് ഇയാള്‍ സജീവമായിരുന്നു. എഐവൈഎഫ് വെളയനാട് യൂണിറ്റ് സെക്രട്ടറിയാണ് മാര്‍ട്ടിന്‍. മറ്റൊരു പ്രതി ലിബിന്‍ വെള്ളക്കാട് എഐവൈഎഫ് നേതാവാണ്. കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ സഹായം തേടിയത് എസ്.എന്‍ പുരത്തെ സിപിഎം പ്രവര്‍ത്തകന്‍ റജിലിനോടാണ്. ഇയാളെ കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയച്ചത് ആരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ? ഇവരുടെയെല്ലാം ഫോണ്‍ കോള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസിന് ധൈര്യമുണ്ടോ.- കുമ്മനം ചോദിച്ചു.
Also Read 'പാർട്ടിയെ കുത്തിക്കീറി വലിക്കുന്നു'; യോഗം വിലക്കിയത് സർക്കാർ ഇടപെട്ടെന്ന് കുമ്മനം രാജശേഖരൻ

പോലീസിന് ഈ പണത്തിന്റെ ഉറവിടത്തില്‍ സംശയം ഉണ്ടെങ്കില്‍ ഇന്‍കം ടാക്‌സ് വകുപ്പിനെ അറിയിക്കാം. കുഴല്‍പ്പണ, കള്ളപ്പണ ഇടപാടുണ്ട് എന്ന് സംശയം ഉണ്ടെങ്കില്‍ എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെ അറിയിക്കാം. അതൊന്നും ചെയ്യാതെ പോലീസിന് നിയമപരമായി അധികാരമില്ലാത്ത ഒരു അന്വേഷണം നടത്തുകയും വിവരങ്ങള്‍ പൊലിപ്പിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്നതിന്റെ പിന്നിലെ രാഷ്ട്രീയമെന്താണ്.
ഭരിക്കുന്ന പാര്‍ട്ടിയുടെ അടിമകളായ ഉദ്യോഗസ്ഥര്‍ അങ്ങനെ പലതും ചെയ്യുന്നുണ്ടാവും. അങ്ങനെയുള്ളവര്‍. ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ചവരുടെ ഇപ്പോഴത്തെ സ്ഥിതി ഇവരെല്ലാം ഓര്‍ക്കുന്നത് നല്ലത്. ഒരു കാര്യം വ്യക്തമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ തിരക്കഥ അനുസരിച്ച് നടക്കുന്ന അന്വേഷണ നാടകമാണിത്. സ്വര്‍ണ്ണക്കടത്ത് ഡോളര്‍ക്കടത്ത് കേസുകളുടെ ചെളിക്കുണ്ടില്‍ നില്‍ക്കുന്ന സര്‍ക്കാര്‍, മറ്റുള്ളവരുടെ പുറത്ത് കൂടി ചെളി വാരി എറിയാനുള്ള ശ്രമമാണ് നടത്തുന്നത്. വാദിയുടെ മാത്രം കോള്‍ ലിസ്റ്റ് എടുത്തുള്ള ഈ ചോദ്യം ചെയ്യല്‍ നാടകം തുടരട്ടെ. അന്വേഷണ സംഘത്തിന് മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും പോകും. പുലര്‍ച്ചെ തലയില്‍ മുണ്ടിട്ടോ രോഗിയെന്ന് തെളിയിച്ച് സഹതാപം പിടിച്ചു പറ്റാനോ ശ്രമിക്കില്ല.- കുമ്മനം പറഞ്ഞു.

കള്ളപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് ബിജെപി സംസ്ഥാന പ്രസിഡന്റിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമത്തെ പാര്‍ട്ടി ഒറ്റക്കെട്ടായി നേരിടും. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനുള്ള ഇച്ഛാശക്തി ഭാരതീയ ജനതാ പാര്‍ട്ടിക്കുണ്ട്. ജിഹാദികളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന നിയമവിരുദ്ധ കേസന്വേഷണത്തില്‍ മുട്ടിടിക്കുന്നവരല്ല ഭാരതീയ ജനതാ പാര്‍ട്ടി. ഇത്തരം നിരവധി വെല്ലുവിളികളെ അതിജീവിച്ച് തന്നെയാണ് ഈ പാ!ര്‍ട്ടി പാര്‍ലെമന്റില്‍ രണ്ടു സീറ്റില്‍ നിന്ന് 303 സീറ്റെന്ന നിലയിലേക്ക് വളര്‍ന്നത്. ബിജെപിക്കെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങള്‍ക്ക് എന്നും മറുപടി കൊടുത്തിട്ടുള്ളത് ഈ രാജ്യത്തെ ജനങ്ങളാണ്. ജനങ്ങളിലുള്ള വിശ്വാസം ഞങ്ങളെ തുടര്‍ന്നും മുന്നോട്ട് നയിക്കുമെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

യാതൊരു തെറ്റു ചെയ്യാതെ രജിസ്റ്റര്‍ ചെയ്ത 300 കേസുകള്‍ക്കൊപ്പം ഒന്നുകൂടിയെന്നേ കരുതുന്നുള്ളൂവെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പ്രതികരിച്ചു. മകനും ധര്‍മ്മരാജനും തമ്മിലുള്ള ഫോണ്‍ വിളികള്‍ പോലീസ് പുരിശോധിയ്ക്കട്ടെ. മകനെ കേസുമായി ബന്ധപ്പെടുത്താനാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.പി.കെ.കൃഷ്ണദാസ്,എ.എന്‍.രാധാകൃഷ്ണന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Published by:Aneesh Anirudhan
First published: