'മാനസികനില തെറ്റിയത് പിണറായിക്ക്; ഭീഷണി ബി.ജെ.പിക്ക് നേരെ വേണ്ട': കെ. സുരേന്ദ്രൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
നാലരകൊല്ലം മുമ്പ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതർ അധികാരത്തിൽ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോൾ അത് ബാധകമാകില്ലേയെന്നും സുരേന്ദ്രൻ
തിരുവനന്തപുരം: ബി.ജെ.പിക്കെതിരെ പരസ്യ വെല്ലുവിളി നടത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി ക്രിമിനലുകൾക്കും സി.പി.എമ്മിൻ്റെ പൊലീസിനും അക്രമം നടത്താനുള്ള സന്ദേശമാണ് നൽകുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ബി.ജെ.പി അധ്യക്ഷനെ വേറെ കണ്ടോളാമെന്നു പറയുന്ന പിണറായിയുടെ ഉദ്ദേശ്യം വ്യക്തമാണ്. ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ ഞങ്ങൾ തയാറാണെന്നും സുരേന്ദ്രൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ്റെയും മന്ത്രി ജലീലിൻ്റെയും രാജി ആവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ആരോപണങ്ങളാണ് ബി.ജെ.പി ഉന്നയിച്ചിട്ടുള്ളത്. അതിനൊന്നും മറുപടി പറയാൻ പിണറായി തയാറായിട്ടില്ല. മാനസിക നില തെറ്റിയത് പിണറായിക്കാണ്. ഭയമാണ് അദ്ദേഹത്തെ വേട്ടയാടുന്നത്. സ്വന്തം നിഴലിനെ പോലും അദ്ദേഹം ഭയപ്പെടുന്നു. അന്വേഷണ ഏജൻസികൾ എപ്പോഴാണ് തന്നിലേക്ക് എത്തുന്നതെന്ന ആശങ്കയിലാണ് അദ്ദേഹമെന്നും സുരേന്ദ്രൻ പറഞ്ഞു.
പിണറായിയുടെ ഭീഷണി ബി.ജെ.പിക്ക് നേരെ വേണ്ട. ഭീഷണി കൊണ്ട് പിന്മാറുന്നവരല്ല ബി.ജെ.പിയെന്ന് പിണറായിക്ക് വ്യക്തമായി അറിയാം. മറ്റു തലത്തിൽ മറുപടി തരും എന്നാണ് ഭീഷണി. അതു ഞങ്ങൾ കാത്തിരിക്കുകയാണ്. വാടിക്കൽ രാമകൃഷണൻ മുതൽ ആ മറുപടി ഞങ്ങൾ കണ്ടിട്ടുണ്ട്. അതിനെ നേരിട്ടിട്ടുമുണ്ട്. പിന്തിരിഞ്ഞോടുന്നവരല്ല ഞങ്ങൾ. നേർക്കുനേരെ നിന്ന് ശക്തമായി നേരിട്ടിട്ടുണ്ട്. പിണറായിക്ക് അതെല്ലാം ബോധ്യമുള്ളതുമാണ്. പിണറായി തൻ്റെ ചരിത്രം വിശദീകരിച്ചത് പരിഹാസ്യമായി. ബർളിൻ കുഞ്ഞനന്തൻ നായരുടെ പുസ്തകം വായിച്ചിട്ടുള്ളവർക്ക് പിണറായി ആരെന്ന് വ്യക്തമാകുമെന്ന് സുരേന്ദ്രൻ പറഞ്ഞു.
advertisement
സ്വർണ്ണക്കള്ളക്കടത്തു കേസിലും മയക്കുമരുന്ന് കേസിലുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിനും മറ്റു മന്ത്രിമാർക്കും സി.പി.എം നേതാക്കളുടെ മക്കൾക്കും ബന്ധമുണ്ടെന്ന് കണ്ടെത്തിയത് അന്വേഷണ ഏജൻസികളാണ്. അതൊന്നും പ്രതിപക്ഷം കെട്ടിച്ചമച്ചതല്ല. എന്നാൽ ആരോപണങ്ങൾക്കൊന്നും വ്യക്തമായ ഉത്തരം നൽകാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.
ലൈഫ് മിഷനിൽ കമ്മീഷൻ അടിച്ചതിനെ കുറിച്ചോ ഒരു മന്ത്രി ഖുറാൻ്റെ മറവിൽ സ്വർണ്ണം കടത്തിയതിനെ കുറിച്ചോ സെക്രട്ടേറിയറ്റിൽ തീ കത്തിയപ്പോൾ ഏതൊക്കെ ഫയലുകൾ കത്തിയെന്നതിനെ കുറിച്ചോ ഇതുവരെ വ്യക്തമായ ഉത്തരം മുഖ്യമന്ത്രി നൽകിയില്ല. നാലരകൊല്ലം മുമ്പ് മറ്റൊരു മുഖ്യമന്ത്രിക്കെതിരായ ആരോപണത്തിൽ പിണറായി സ്വീകരിച്ച നിലപാട് കുറ്റാരോപിതർ അധികാരത്തിൽ നിന്ന് മാറണം എന്നായിരുന്നു. ഇപ്പോൾ അത് ബാധകമാകില്ലേയെന്നും സുരേന്ദ്രൻ ചോദിച്ചു.
advertisement
ലൈഫ് മിഷൻ തട്ടിപ്പിൽ കമ്മീഷൻ്റെ മുഖ്യ പങ്ക് മന്ത്രി പുത്രനിലേക്കാണ് പോയിട്ടുള്ളത്. പേരക്കുട്ടിയുടെ മാലയെടുക്കാനാണ് ലോക്കർ തുറന്നതെന്നാണ് പറയുന്നത്. ഒരു പവൻ്റെ മാല ലോക്കറിൽ വച്ചു എന്ന് പറയുന്നത് അവിശ്വസനീയമാണ്. അഴിമതി പണത്തിൻ്റെ വലിയ ഭാഗം പിണറായി വിജയനിലേക്കാണ് പോയത്. കൂടുതൽ മന്ത്രിമാരിലേക്ക് അന്വേഷണം എത്തും. രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തെ ഒരു മന്ത്രിയെ കാണാനില്ല. നരേന്ദ്ര മോദി നേതൃത്വം നൽകുന്ന ബിജെപി സർക്കാരാണ് രാജ്യം ഭരിക്കുന്നത്. ഒറ്റ അഴിമതിക്കാരനും രക്ഷപ്പെടാൻ അനുവദിക്കില്ല.
advertisement
രാഷ്ട്രീയമായ ആരോപണങ്ങൾക്ക് അത്തരത്തിലുള്ള മറുപടിയാണ് വേണ്ടത്. ഭീഷണിപ്പെടുത്തി സമരത്തെ അടച്ചമർത്താമെന്നത് വ്യാമോഹമാണ്. പോലീസിനൊപ്പം ഡിഫി ക്രിമിനലുകളും ബിജെപിയെ നേരിടാൻ രംഗത്തു വന്നിട്ടുണ്ട്. ഡിഫിയെ അതേ നാണയത്തിൽ നേരിടാൻ ഞങ്ങൾ തയ്യാറാണ്. ബിജെപിയുടെ പെൺപുലികൾ മാത്രം മതി അതിന് . തങ്ങളെ വകവരുത്തിയാലും ഈ സമരവുമായി മുന്നോട്ടു പോകും. ഈ പാപക്കറയിൽ നിന്ന് കൈകഴുകാൻ പണറായിക്ക് കഴിയില്ലന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 16, 2020 3:13 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മാനസികനില തെറ്റിയത് പിണറായിക്ക്; ഭീഷണി ബി.ജെ.പിക്ക് നേരെ വേണ്ട': കെ. സുരേന്ദ്രൻ