Gold Smuggling Case| ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ജയരാജന്‍റെ മകനും പങ്ക്: കെ. സുരേന്ദ്രൻ

Last Updated:

Gold Smuggling Case| മന്ത്രി ഇ.പി. ജയരാജന്‍റെ മകനും സ്വപ്ന സുരേഷുമായുള്ള ബന്ധമെന്താണെന്ന് സിപിഎം വെളിപ്പെടുത്തണമെന്ന് സുരേന്ദ്രൻ

തൃശ്ശൂർ: ദുബായ് റെഡ്ക്രസൻറിന്റെ ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ഇ.പി. ജയരാജന്‍റെ മകനും പങ്കെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നക്കൊപ്പം ലൈഫ് മിഷൻ ഇടപാടിൽ ജയരാജന്‍റെ മകനും ഭീമമായ കമ്മീഷൻ ലഭിച്ചെന്ന വാർത്തകളാണ് പുറത്തു വരുന്നത്. മന്ത്രി ഇ.പി. ജയരാജന്‍റെ മകനും സ്വപ്ന സുരേഷുമായുള്ള ബന്ധമെന്താണെന്ന് സിപിഎം വെളിപ്പെടുത്തണമെന്ന് സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ചാനലിൽ വെളിപ്പെടുത്തിയത് നാലരക്കോടി രൂപ കമ്മീഷൻ ലഭിച്ചെന്നാണ്. ഒരു കോടി സ്വപ്നക്ക് ലഭിച്ചെന്ന് അവർ തന്നെ വെളിപ്പെടുത്തി. ബാക്കി പണം ആർക്കൊക്കെ എവിടെ വച്ച് നൽകിയെന്ന് ചാനൽ തന്നെ വെളിപ്പെടുത്തണം. മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പറഞ്ഞത് അന്വേഷണം ശരിയായ വഴിയിലാണ് നടക്കുന്നതെന്നാണ്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറിയും സിപിഎം കേന്ദ്ര നേതൃത്വവും ഇപ്പോൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെതിരെ രംഗത്തു വന്നിരിക്കുകയാണ്. അന്വേഷണം തങ്ങൾക്കെതിരെ തിരിഞ്ഞപ്പോഴാണ് സിപിഎമ്മിൻറെ നിലപാട് മാറ്റം. ഇക്കാര്യത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറയണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.
advertisement
എല്ലാക്കാലത്തും തങ്ങൾക്കെതിരായി അന്വേഷണം നടത്തുന്നവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ സിപിഎം ശ്രമിക്കാറുണ്ട്. നിയമവാഴ്ചയോടുള്ള വെല്ലുവിളിയും അന്വേഷണത്തെ തിരിച്ചുവിടാനുള്ള നീക്കവുമാണിത്. അന്വേഷണം വമ്പൻ സ്രാവുകളിലേക്ക് എത്തുകയും കൂടുതൽ ഉന്നതർ കടുങ്ങുകയും ചെയ്യുമെന്ന് ഉറപ്പായപ്പോഴാണ് അന്വേഷണ ഏജൻസിക്കെതിരായ സിപിഎം നീക്കം. മടിയിൽ കനമില്ലാത്തവർക്ക് ഭയപ്പെടാനില്ലന്നും അന്വേഷണം മുറുകുമ്പോൾ മറ്റുള്ളവരുടെ നെഞ്ചിടിപ്പ് കൂടും എന്നുമുള്ള അഭിപ്രായത്തിൽ മുഖ്യമന്ത്രി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടോ എന്ന് സുരേന്ദ്രൻ ചോദിച്ചു.
മന്ത്രി ജലീലിനെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്യാനൊരുങ്ങുകയാണെന്നാണ് അറിയുന്നത്. ജലീലിന് കുരുക്ക് കൂടുതൽ മുറുകും. ഖുറാനാണ് കൊണ്ടുവന്നതെന്ന മന്ത്രിയുടെ വാദം വിശ്വസനീയമല്ല. ഇതിലെ പൊരുത്തക്കേട് അന്വേഷണ ഏജൻസികൾക്ക് ബോധ്യമായിട്ടുണ്ട്. ജലീലിനെ മാറ്റിയാൽ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാരേ കൂടി മാറ്റേണ്ടി വരികയും അനേഷണം പിണറായിയിലേക്ക് എത്തുകയും ചെയ്യും. ജലീലിനെ മന്ത്രിസഭയിൽ നിന്ന് മാറ്റാൻ പിണറായി വിജയന് ഭയമാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
advertisement
സിപിഎം സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്തു. ഇനിയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്. മയക്കുമരുന്ന് കടത്തുകാരും സ്വർണ്ണക്കടത്തുകാരുമെല്ലാം ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. അന്വേഷണം ശരിയായ ദിശയിൽ തന്നെ മുന്നോട്ടു പോകുമ്പോൾ മുട്ടിടിക്കുന്നത് പിണറായി സർക്കാറിനാണ്. ജലീൽ ഇഡിക്ക് നൽകിയ മൊഴി എന്ന തരത്തിൽ ഒരു സന്ദേശം പലരും പ്രചരിപ്പിക്കുന്നുണ്ട്. തന്റെ സ്വത്ത് വകകളെ കുറിച്ച് ചോദിച്ചറിയുകയായിരുന്നു എന്നാണ് പ്രചരണം. പച്ചക്കള്ളമാണ് ഇത്. മുമ്പ് ഖുറാൻ വന്ന കവർ പൊട്ടിച്ച് പരിശോധിക്കുന്ന ദൃശ്യം മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ഇത്തരം കള്ളങ്ങൾ മാധ്യമങ്ങൾ അടക്കം ആരും പ്രചരിപ്പിക്കരുത്.
advertisement
സ്വപ്‌ന സുരേഷ് ആശുപത്രിയിൽ ചികിത്സക്ക് എത്തിയപ്പോൾ ഒരു നഴ്സിൻറെ ഫോണിൽ നിന്ന് ചിലരെ ബന്ധപ്പെട്ടതായി അറിയുന്നു. ഇവർ ആരെ വിളിച്ചു, എന്തിന് വിളിച്ചു എന്ന് കണ്ടെത്തണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു. സ്വപ്നയെ ചോദ്യം ചെയ്യാൻ കേരളാ പോലീസ് കസ്റ്റഡിയിൽ വാങ്ങാൻ നീക്കം നടത്തുന്നുണ്ട്. അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സുരേന്ദ്രൻ പറഞ്ഞു.
രാജ്യദ്രോഹികൾക്കും കള്ളക്കടത്തുകാർക്കും മയക്കുമരുന്ന് സംഘങ്ങൾക്കും കൂട്ടുനിൽക്കുകയും സംരക്ഷണം ഒരുക്കുകയും ചെയ്യുന്ന പിണറായി സർക്കാരിന് ഒരു നിമിഷം പോലും തുടരാനുള്ള അർഹതയില്ല. സർക്കാർ രാജിവെക്കും വരെ പ്രക്ഷോഭവുമായി മുന്നോട്ടു പോകുമെന്ന് കെ.സുരേന്ദ്രൻ വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling Case| ലൈഫ് മിഷൻ ഇടപാടിൽ മന്ത്രി ജയരാജന്‍റെ മകനും പങ്ക്: കെ. സുരേന്ദ്രൻ
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement