കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസ് വഴിതിരിച്ചു വിടാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. നയതന്ത്ര ബാഗിലാണ് സ്വർണം കടത്തിയതെന്ന് പ്രചരിപ്പിക്കുന്നത് കേസിലേക്ക് യു.എ.ഇ സർക്കാരിനെ കൂടി വലിച്ചിഴയ്ക്കാനാണ്. കള്ളക്കടത്ത്  മതപരമായ പ്രശ്നമാക്കി മാറ്റാനാണ് ജലീലിന്റെയും  സിപിഎമ്മിന്റെയും ശ്രമം. ഖുറാൻ കൊണ്ടുവരുന്നതിന് ആരും എതിരല്ല, പക്ഷേ ഇതിന്റെ മറവിൽ കള്ളക്കടത്തിനാണ് നീക്കം നടക്കുന്നത്. മുഖ്യമന്ത്രിയുടെ മകളുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം, മുഖ്യമന്ത്രിയുടെ മകളും സ്വപ്നയും നിരവധി തവണ ചർച്ച നടത്തിയെന്നും സുരേന്ദ്രൻ ആരോപിച്ചു.

ജയരാജന്റെ ഭാര്യ ക്വാറന്റീനിൻ അല്ലായിരുന്നെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഭർത്താവിന് കോവിഡ് പോസിറ്റീവ് ആയാൽ ഭാര്യ ക്വാറന്റീനിൽ ആവില്ലെ?. ഒരു ലോക്കറിന്റെ കാര്യമല്ല. നാലു ലോക്കറിന്റെ കാര്യമാണ് അന്വേഷണ ഏജൻസികൾ അന്വേഷിക്കുന്നത്. ലോക്കർ തുറന്ന് വേണ്ടതെല്ലാം മാറ്റിയ ശേഷമാണ് ഒരു പവനുളള മാലയുടെ തൂക്കം നോക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.


സി.പിഎമ്മിനെ ഇറക്കി സമരക്കാരെ നേരിടാനാണ്  സർക്കാർ ശ്രമിക്കുന്നതെങ്കിൽ അത് അപ്പോൾ കാണാമെന്നും സുരേന്ദ്രൻ പറഞ്ഞു. സമരത്തെ അക്രമിച്ചാൽ കൈയ്യും കെട്ടി നോക്കിയിരിക്കില്ല. പ്രതിഷേധ സമരത്തിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവമോർച്ചാ പ്രവർത്തകർക്കുനേരെയാണ്  ഡിവൈഎഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. പാപ്പിനിശ്ശേരിയിലെ പാർട്ടി ഓഫീസിൽ നിന്ന് സംഘടിച്ചെത്തിയ  ഡിവൈഎഫ്ഐ പ്രവർത്തകരാണ് അക്രമത്തിന് പിന്നിൽ.  ഡി വൈ എഫ് ഐക്കാരെ തൊട്ടാൽ എസ് ഐയും പോലീസും ഇവിടെ നിന്ന് പോകില്ലെന്നാണ് ഭീഷണിമുഴക്കിയതെന്നും സുരേന്ദ്രൻ പറഞ്ഞു.