നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപിയുടെ വമ്പൻനീക്കം; ട്വന്‍റി 20 എൻഡിഎ മുന്നണിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേരള രാഷ്ട്രീയത്തിൽ നിർണായക ചുവടുവെപ്പുമായി ബിജെപി. ട്വന്റി 20 പാര്‍ട്ടിയെ എൻഡിഎയിലെത്തിച്ചാണ് ബിജെപി നിർണായക നീക്കം നടത്തിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ട്വന്റി 20 പാർട്ടി അധ്യക്ഷൻ സാബു എം ജേക്കബും തമ്മിൽ കൊച്ചിയിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് നിർണായക തീരുമാനമുണ്ടായത്. പിന്നീട് ഇരുവരും ഒരുമിച്ച് പ്രഖ്യാപനം നടത്തിയത്.
ട്വന്‍റി 20 ബിജെപി മുന്നണിയിലെത്തുന്നത് എറണാകുളത്ത് വലിയ ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബിജെപിയുടെ ഈ നീക്കം സംസ്ഥാനത്തെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചേക്കാം.
പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച തിരുവനന്തപുരത്തെത്തുമ്പോൾ സാബു ജേക്കബും വേദിയിലുണ്ടാകും. അമിത് ഷാ കേരളത്തിൽ എത്തിയപ്പോൾ സാബുവുമായി ചർച്ച നടത്തിയിരുന്നു. ഇതിനൊപ്പം രാജീവ് ചന്ദ്രശേഖറും ട്വന്‍റി 20 യെ എൻ ഡി എ മുന്നണിയിലെത്തിക്കാനായി നീക്കം ശക്തമായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് ഇന്ന് നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായത്.
advertisement
ട്വന്റി 20 രൂപീകരണത്തിന് ശേഷമാണ് ഇതാദ്യമായിട്ടാണ് പാർട്ടി ഒരു പ്രധാന മുന്നണിയുടെ ഭാഗമാകുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി 20ക്ക് ഇത്തവണ ക്ഷീണമേറ്റിരുന്നു.നാലു പഞ്ചായത്തിൽ അധികാരത്തിലുണ്ടായിരുന്ന പാർട്ടിക്ക് ഇക്കുറി രണ്ടിടത്തെ ഭരണം നഷ്ടമായി. രണ്ടു ജില്ലാപഞ്ചായത്ത് ഡിവിഷനിൽ അംഗങ്ങൾ ഉണ്ടായതും ഇത്തവണ നഷ്ടമായി. കൈവശമുണ്ടായിരുന്ന ഒരു ബ്ലോക്ക്പഞ്ചായത്തും കൈവിട്ടു.
കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകളിൽ മാത്രമാണ് ഭരണം നിലനിർത്താനായത്. ഐക്കരനാട് പഞ്ചായത്തിൽ 16 സീറ്റിൽ മുഴുവൻസീറ്റും സ്വന്തമാക്കാനായി. മഴുവന്നൂർ, കുന്നത്തുനാട് പഞ്ചായത്തുകളിലെ ഭരണമാണ് നഷ്ടമായത്. തിരുവാണിയൂർ, പൂതൃക്ക പഞ്ചായത്തുകളിൽ ഏറ്റവുംവലിയ ഒറ്റക്കക്ഷിയുമായി.
advertisement
ഭരണം നടത്തിയിരുന്ന വടവുകോട് ബ്ലോക്കിൽ ഇത്തവണ അഞ്ചുസീറ്റ് മാത്രമാണ് ലഭിച്ചത്. മഴുവന്നൂരിൽ ആറും പൂതൃക്കയിൽ ഏഴും വെങ്ങോലയിൽ ആറും തിരുവാണിയൂരിൽ ഒൻപതും പുത്തൻകുരിശിൽ രണ്ടും തൃക്കാക്കര നഗരസഭയിൽ ഒരു ഡിവിഷനും ജയിക്കാനായി. ജില്ലാപഞ്ചായത്തിൽ കോലഞ്ചേരി, വെങ്ങോല ഡിവിഷനുകൾ നഷ്ടമായി. എറണാകുളത്തിനു പുറത്ത് തൊടുപുഴയിൽ മണക്കാട് പഞ്ചായത്തിൽ രണ്ടുവാർഡുകളിലും ജയിക്കാനായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
Jan 22, 2026 3:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ബിജെപിയുടെ വമ്പൻനീക്കം; ട്വന്‍റി 20 എൻഡിഎ മുന്നണിയിൽ







