മാതാപിതാക്കൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി വന്ന മകൻ വീട്ടിലെത്തിയത് ചേതനയറ്റ്; എൽദോസിന്റെ മൃതദേഹം സംസ്‌കരിച്ചു
- Published by:ASHLI
- news18-malayalam
Last Updated:
എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്ന എൽദോ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയാണ് ഇരുട്ടിൽ നിന്ന കാട്ടാനയുടെ ആക്രമണം
കോതമംഗലം: കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ക്ണാച്ചേരി സ്വദേശി എൽദോസിന്റെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് നാടിനെയാകെ ഞെട്ടിച്ച കാട്ടാന ആക്രമണം ഉണ്ടായത്. എറണാകുളത്ത് സെക്യൂരിറ്റി ജോലി ചെയ്യുകയായിരുന്നു എൽദോസ്. ക്രിസ്മസിന് മാതാപിതാക്കൾക്കുള്ള സമ്മാനങ്ങളുമായാണ് ഇന്നലെ ആ 45കാരൻ വീട്ടിലേക്ക് മടങ്ങിയിരുന്നത്. എന്നാൽ വീട്ടിലെത്തിയത് ചേതനറ്റും. ബസിറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിയാണ് ഇരുട്ടിൽ നിന്ന കാട്ടാന എൽദോസിനെ ആക്രമിച്ചത്.
ക്‌ണാച്ചേരിയിലെ വീട്ടിലും ചേലോട് കുറുമറ്റം മർത്തോമ പള്ളിയിലും മൃതദേഹം പൊതുദർശനത്തിന് വെച്ചു.നൂറ് കണക്കിനാളുകളാണ് എൽദോസിന് അന്ത്യാഞ്ജലി അർപ്പിക്കാനായി എത്തിയത്. പള്ളി സെമിത്തേരിയിൽ വൈകിട്ട് 4.45 ഓടെയായിരുന്നു മൃതദേഹം സംസ്‌കരിച്ചത്. കളമശേരി മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റ്മോർട്ടം. കാട്ടാന എൽദോസിനെ കൊമ്പു കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തടിച്ച് കൊല്ലുകയായിരുന്നു എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ. എല്ലുകളെല്ലാം പൊട്ടി നുറുങ്ങിയ നിലയിലായിരുന്നു.
അതേസമയം കാട്ടാനയുടെ ആക്രമണത്തിൽ എൽദോസ് മരിച്ച സംഭവത്തെ തുടർന്ന് ഇന്ന് കോതമംഗലത്തും കുട്ടമ്പുഴയിലും ജനകീയ ഹർത്താൽ. മരണപ്പെട്ട എൽദോസിന്റെ മൃതദേഹവുമായി ഇന്നലെ രാത്രി 8 മണിയോടെ ആരംഭിച്ച ഹർത്താൽ അർദ്ധരാത്രിയോടെയാണ് അവസാനിച്ചത്. ജനങ്ങൾ ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരം കണ്ടെത്താമെന്ന് കളക്ടർ കൈകൂപ്പി അപേക്ഷിച്ചതോടെയാണ് നാട്ടുകാർ മൃതദേഹം സംഭവസ്ഥലത്ത് നിന്നും മാറ്റിയത്.
advertisement
ഇന്നലെ 5 മണിക്കൂറോളം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ പുലർച്ചെ രണ്ടു മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്. എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം രൂപയാണ് ധനസഹായമായി നൽകിയത്. 5 ദിവസത്തിനുള്ളിൽ സ്ഥലത്തു തെരുവുവിളക്കുകൾ സ്ഥാപിക്കുമെന്നും ട്രഞ്ച് നിർമാണം ഇന്ന് ആരംഭിക്കുമെന്നും കളക്ടർ അറിയിച്ചു. സംഭവത്തിൽ 27-ന് കളക്ടർ അവലോകന യോഗവും വിളിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
December 17, 2024 9:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മാതാപിതാക്കൾക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി വന്ന മകൻ വീട്ടിലെത്തിയത് ചേതനയറ്റ്; എൽദോസിന്റെ മൃതദേഹം സംസ്‌കരിച്ചു