ഫോറസ്റ്റ് ഓഫിസിലെ കഞ്ചാവ് കൃഷി; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റത്തിനു പുറമെ സസ്പെൻഷനും
- Published by:Vishnupriya S
- news18-malayalam
Last Updated:
കോട്ടയം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ ആണ് വനം വകുപ്പിനെ കളങ്കപ്പെടുത്തിയതിന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ടത്
പത്തനംതിട്ട: എരുമേലി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തിയെന്ന് റിപ്പോർട്ട് നൽകിയ ഫോറസ്റ്റ് റേഞ്ച് ഓഫിസർക്ക് സ്ഥലം മാറ്റത്തിനു പുറമെ സസ്പെൻഷനും. കോട്ടയം എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫിസർ ബി ആർ ജയൻ ആണ് വനം വകുപ്പിനെ കളങ്കപ്പെടുത്തിയതിന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യപ്പെട്ടത്. പ്ലാച്ചേരി ഫോറസ്റ്റ് ഓഫിസിന്റെ പിന്നാമ്പുറത്ത് രഹസ്യമായി കഞ്ചാവ് ചെടികൾ വാച്ചർ നട്ടു വളർത്തിയെന്നും ഇക്കാര്യം ഫോറസ്റ്റ് ഓഫിസിലെ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ ഉൾപ്പടെ രണ്ട് ഉദ്യോഗസ്ഥർക്കും മൂന്ന് വനിതാ ബീറ്റ് ഓഫിസർമാർക്കും അറിയാമായിരുന്നു എന്നാണ് ബി ആർ ജയൻ റിപ്പോർട്ട് നൽകിയത്.
എന്നാൽ വനിതാ ഉദ്യോഗസ്ഥർ മുമ്പ് നൽകിയ പരാതിയിൽ ബി ആർ ജയനെ നിലമ്പൂരിലേക്ക് സ്ഥലം മാറ്റിയതിന്റെ അടുത്ത ദിവസമായിരുന്നു റിപ്പോർട്ട് നൽകിയത്. ഇത് സ്ഥലം മാറ്റിയതിന്റെ പ്രതികാരം തീർക്കാൻ ജയൻ കെട്ടിച്ചമച്ച റിപ്പോർട്ട് ആണെന്നു വിലയിരുത്തിയാണ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ജയൻ സ്വന്തം വകുപ്പിനു പുറമെ പോലിസ്, എക്സൈസ് വകുപ്പുകളിലും മാധ്യമങ്ങൾക്കും റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. ഇത് മൂലം വനം വകുപ്പിനെ കളങ്കപ്പെടുത്തിയ നിലയിൽ വാർത്തകളും വ്യാപകമായി പ്രചരണവുമുണ്ടായിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
advertisement
അതേസമയം പ്ലാച്ചേരി സ്റ്റേഷനിൽ കഞ്ചാവ് ചെടികൾ വാച്ചർ അജേഷ് വളർത്തിയിരുന്നത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയുകയും അത് നശിപ്പിക്കുകയും ചെയ്യുകയും വിവരം ബി ആർ ജയനെ അറിയിക്കുകയും ചെയ്തിരുന്നു എന്നും എന്നാൽ ജയൻ ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ റിപ്പോർട്ട് ആക്കി അജേഷ് എന്ന വാച്ചറുടെ മൊഴി വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾക്ക് നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മാധ്യമങ്ങളെ ഉപയോഗിച്ച് വകുപ്പിനെ മോശപ്പെടുത്തി എന്നുള്ളത് ഗുരുതരമായ തെറ്റാണെന്ന് അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന വനം വകുപ്പ് മേധാവി ഒപ്പിട്ട സസ്പെൻഷൻ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Kerala
First Published :
April 03, 2024 6:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഫോറസ്റ്റ് ഓഫിസിലെ കഞ്ചാവ് കൃഷി; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റത്തിനു പുറമെ സസ്പെൻഷനും