രക്ഷിതാക്കളെ അസഭ്യം പറഞ്ഞ സ്‌കൂൾ പ്രിൻസിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ കേസ്
Last Updated:
രക്ഷിതാക്കളിൽ ഒരാളോട് അധ്യാപകർ അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു
മൂവാറ്റുപുഴ: കുട്ടികളെ ക്ലാസിൽ നിന്ന് പുറത്താക്കിയത് ചോദിക്കാൻ സ്‌കൂളിലെത്തിയ രക്ഷിതാക്കളെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിൽ സ്‌കൂൾ പ്രിൻസിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ പൊലീസ് കേസെടുത്തു. പത്താം ക്ലാസ് വരെയുള്ള പുസ്തകങ്ങൾ കുട്ടികൾ വാങ്ങണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചെങ്കിലും ഇത് വാങ്ങാത്തതിനാൽ കുട്ടികളെ പുറത്താക്കുകയായിരുന്നുവെന്നാണ് വിവരം. ഇതേ തുടർന്ന് സ്കൂളിലെത്തിയ രക്ഷിതാക്കളിൽ ഒരാളോട് അധ്യാപകർ അപമര്യാദയായി പെരുമാറുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. അതേസമയം, സംഭവത്തെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന വാളകം പള്ളിത്താഴത്ത് കുടിലിൽ വീട്ടിൽ ഡോളി ബെന്നിയെയും (43) മകനും ഏഴാം ക്ലാസ് വിദ്യാർഥിയുമായ വിൻസ് ബെന്നിയെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- വാളകം ബ്രൈറ്റ് പബ്ലിക് സ്കൂളിൽ അധ്യാപിക നിർദേശിച്ച പുസ്തകമില്ലാതെ 2 ദിവസം തുടർച്ചയായി സ്കൂളിലെത്തിയതിനു ഏഴാം ക്ലാസ് വിദ്യാർഥികളായ വിൻസ് ബെന്നിയെയും മാധവ മോഹൻരാജിനെയും പ്രിൻസിപ്പൽ ക്ലാസിനു പുറത്തു നിർത്തി. ഉടൻ സ്കൂളിലെത്തണമെന്ന് രക്ഷാകർത്താക്കളെ ഫോണിൽ അറിയിച്ചു. തുടർന്നാണ് വിൻസിയുടെ അമ്മ ഡോളിയും മാധവിന്റെ അച്ഛൻ മോഹൻരാജും വ്യാഴാഴ്ച ഉച്ചയോടെ സ്കൂളിലെത്തി.ഇവരെ പ്രിൻസിപ്പലും പ്രധാന അധ്യാപികയും ചേർന്ന് രൂക്ഷമായ ഭാഷയിൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഡോളിയെ കയ്യേറ്റം ചെയ്യുമെന്ന നിലയിൽ വരെ അധ്യാപകരെത്തി. പ്രിൻസിപ്പലിന്റെ നിലവിട്ട പെരുമാറ്റം രക്ഷിതാക്കൾ ചോദ്യം ചെയ്തപ്പോൾ കടുത്ത ഭാഷയിലായിരുന്നു ശകാരം. സംഭവം കണ്ടു നിന്ന കുട്ടികളും ഭയന്നു. വിൻസ് ബെന്നിക്ക് കടുത്ത പനിയാണിപ്പോൾ. ഡോളി മാനസിക സമ്മർദ്ദം മൂലം അവശനിലയിലാണ്. സംഭവത്തെ കുറിച്ചന്വേഷിക്കാൻ പ്രിൻസിപ്പലിനെ സ്റ്റേഷനിൽ വിളിച്ചു വരുത്തിയെങ്കിലും ഇയാൾ വീണ്ടും ബഹളം വയ്ക്കുകയായിരുന്നു. തുടർന്ന് കേസെടുത്തു. ഡോളിയുടെയും മോഹൻരാജിന്റെയും മൊഴി രേഖപ്പെടുത്തി.
advertisement
സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും പ്രിൻസിപ്പിലിന്റെ സമാനമായ പെരുമാറ്റം മൂലം കടുത്ത സമ്മർദ്ദത്തിലാണെന്നും വിദ്യാർഥികളെ പൊലീസിന്റെ സാന്നിധ്യത്തിൽ കൗൺസിലിങിനു വിധേയരാക്കണമെന്നും യോഗ്യതയില്ലാത്ത പ്രിൻസിപ്പലിനെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡോളിയും മോഹൻരാജും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2019 3:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രക്ഷിതാക്കളെ അസഭ്യം പറഞ്ഞ സ്‌കൂൾ പ്രിൻസിപ്പലിനും പ്രധാന അധ്യാപികയ്ക്കുമെതിരെ കേസ്


