ന്യൂഡൽഹി: പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ തന്നെ അന്വേഷിക്കും. കേസ് അന്വേഷണം സിബിഐക്ക് വിട്ടതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. അന്വേഷണം സിബിഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകൾ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണമെന്ന് കോടതി നിർദേശിച്ചു.
2019 ഫെബ്രുവരി 17 നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ, കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുറ്റപത്രം റദ്ദാക്കിയത്. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് ഡയറി പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദങ്ങള്‍ മാത്രം പരിഗണിച്ചാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു സര്‍ക്കാര്‍ ഹർജിയില്‍ ചൂണ്ടിക്കാട്ടിയത്. ഹര്‍ജിക്കാര്‍ ആവശ്യപ്പെടാതെയാണ് കുറ്റപത്രം റദ്ദാക്കിയത്. അനുമാനങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള വിധി നിയമപരമായി നിലനില്‍ക്കില്ല. ഭരണമുന്നണി അംഗങ്ങളായ പാര്‍ട്ടിക്കാരാണ് പ്രതികള്‍ എന്നതുകൊണ്ടു മാത്രം അന്വേഷണം ശരിയല്ലെന്ന് പറയാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പെരിയ കേസ്സിബിഐക്ക് കൈമാറിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കിയ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ, കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം തടസ്സഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും കേസ് ഡയറി സിബിഐക്ക് കൈമാറാത്ത ക്രൈംബ്രാഞ്ച് നടപടിക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ കോടതിയലക്ഷ്യ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. സര്‍ക്കാര്‍ വാദം മാത്രം കേട്ട് സിബിഐ അന്വേഷണം സ്റ്റേ ചെയ്യരുതെന്നും തങ്ങൾക്ക് പറയാനുള്ളതു കൂടി കേള്‍ക്കണമെന്നുമാണ് സുപ്രീം കോടതിയില്‍ കുടുംബം ആവശ്യപ്പെട്ടിരുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.