'പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ:' ആഞ്ഞടിച്ച് ഗവർണർ
- Published by:Anuraj GR
- news18-malayalam
Last Updated:
'മുഖ്യമന്ത്രി നിയമം അട്ടിമറിക്കുകയാണ്. ഈ സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്താനില്ല. പൊലീസ് ഉന്നതരെ അനുസരിക്കുന്നു'
കൊല്ലം: നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാരാണെന്ന് ഗവർണർ പറഞ്ഞു. മുഖ്യമന്ത്രി നിയമം അട്ടിമറിക്കുകയാണ്. ഈ സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്താനില്ല. പൊലീസ് ഉന്നതരെ അനുസരിക്കുന്നു. മുഖ്യമന്ത്രിയാണ് പോയിരുന്നതെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമായിരുന്നോ? തനിക്ക് കൃത്യമായ സുരക്ഷ ഒരുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണെന്ന് ഗവർണർ പറഞ്ഞു.
സ്ഥലത്ത് പ്രതിഷേധക്കാർ നേരത്തെ എത്തിയിരുന്നു. അവരെ തടയാൻ മതിയായ പൊലീസ് സ്ഥലത്ത് ഇല്ലായിരുന്നു. ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കുന്നത് തന്നെ മനപൂർവം പ്രകോപിപ്പിക്കാനാണ്. സർക്കാരിന്‍റെ പരാജയം മറച്ചുവെക്കാനാണ് ഇതൊക്കെ ചെയ്യുന്നതെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
ഇന്നും കാറിൽ ഇടിച്ചതുകൊണ്ടാണ് പുറത്തിറങ്ങിയതെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. അമ്പതോളം പേർ പ്രതിഷേധവുമായി എത്തി. എന്നാൽ 17 പേർക്കെതിരെ മാത്രമാണ് കേസ് എടുത്തതെന്നും ഗവർണർ പറഞ്ഞു. എഫ്ഐആറിന്‍റെ പകർപ്പ് ഗവർണർ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
advertisement
കൊല്ലം നിലമേലിലാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അമ്പതോളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ചതിനെ തുടർന്ന് നാടകീയ സംഭവങ്ങൾ ഉണ്ടായത്. ഇതേത്തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ ഗവർണർ പൊലീസിനെ ശകാരിച്ചു. എന്തുകൊണ്ട് ലാത്തിച്ചാർജ് നടത്തിയില്ലെന്നും, അക്രമികളെ പിടികൂടിയില്ലെന്നും രോഷത്തോടെ ഗവർണർ പൊലീസിനോട് ചോദിച്ചു.
കരിങ്കൊടി കാണിച്ച എല്ലാവരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ അറിയിച്ചു. തുടർന്ന് വാഹനത്തിൽ തിരിച്ചു കയറാൻ കൂട്ടാക്കാതെ ഗവർണർ കസേരയിൽ ഇരുന്ന് പ്രതിഷേധിച്ചു. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തെന്ന് റൂറൽ എസ്.പി ഗവർണറെ അറിയിച്ചു. എന്നാൽ 50 പേരെയും അറസ്റ്റ് ചെയ്യാതെ മടങ്ങിപ്പോകില്ലെന്ന് ഗവർണർ എസ്.പിക്ക് മറുപടി നൽകി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
January 27, 2024 12:56 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പ്രതിഷേധിക്കുന്നത് മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാർ:' ആഞ്ഞടിച്ച് ഗവർണർ