തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Also Read- നാളെ മുതൽ 100 ദിന കർമ പദ്ധതി; മുഖ്യമന്ത്രി പ്രഖ്യാപിച്ചത് 15,896.03 കോടിയുടെ പദ്ധതികൾ
”തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോകുകയാണ്. കാലിത്തൊഴുത്തിൽ പാട്ട് ഉണ്ട് എന്നായിരുന്നു വിമർശനം. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതിൽ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാൻ തീരുമാനിച്ചതും തുക അനുവദിച്ചതും. താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നത്”- മുഖ്യമന്ത്രി പറഞ്ഞു.
Also Read- ‘കേരളത്തിന്റെ കടം കുറയുന്നു, യുഡിഎഫ്, ബിജെപി സമരകോലാഹലങ്ങൾ ജനം മുഖവിലയ്ക്കെടുക്കില്ല’: മുഖ്യമന്ത്രി
റവന്യൂ കുടിശികയായ 7100.32 കോടി രൂപ അഞ്ചു വർഷത്തിലേറെയായി സർക്കാർ പിരിച്ചെടുത്തില്ലെന്ന സിഎജി റിപ്പോർട്ടിനെ സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന്, സിഎജി കണക്കു നോക്കുമ്പോൾ പ്രശ്നങ്ങൾ ഉന്നയിക്കാറുണ്ടെന്നും പിഎസി (പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി) പരിശോധിച്ചശേഷമാണ് അവസാന തീരുമാനം ഉണ്ടാകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ നല്ല രീതിയിൽ നടക്കുന്നതായും ആവശ്യമെങ്കിൽ ഏതു പിന്തുണയും സർക്കാർ നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട്ടിൽ അജ്ഞാതർ ആക്രമണം നടത്തിയത് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.