• HOME
  • »
  • NEWS
  • »
  • kerala
  • »
  • ജംബോറാങ്ക് പട്ടികകള്‍ പി എസ് സി ഒഴിവാക്കുന്നു; ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക തയാറാക്കും; മുഖ്യമന്ത്രി

ജംബോറാങ്ക് പട്ടികകള്‍ പി എസ് സി ഒഴിവാക്കുന്നു; ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക തയാറാക്കും; മുഖ്യമന്ത്രി

ജംബോ റാങ്ക് പട്ടികകളിൽ  മൂന്നിലൊന്നു പേർക്കു പോലും നിയമനം ലഭിക്കാത്തതുമായ സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോൾ

മുഖ്യമന്ത്രി പിണറായി വിജയൻ

മുഖ്യമന്ത്രി പിണറായി വിജയൻ

  • Last Updated :
  • Share this:
തിരുവനന്തപുരം: ഒഴിവുകളുടെ പല മടങ്ങുള്ള റാങ്ക് പട്ടിക തയാറാക്കുന്ന രീതി പി  എസ് സി അവസാനിപ്പിക്കുന്നു. ഒഴിവിന് ആനുപാതികമായി റാങ്ക് പട്ടിക തയാറാക്കാനുള്ള നടപടി തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നിലവിലുള്ള വ്യവസ്ഥ പ്രകാരം പ്രതീക്ഷിത ഒഴിവുകളേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഇരട്ടി വരെ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പിഎസ് സിറാങ്ക് ലിസ്റ്റുകള്‍ തയാറാക്കുന്നത്.

നിയമന അധികാരികള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവുകളിലേക്ക് സംവരണ തത്വങ്ങള്‍  പാലിച്ചാണ് റാങ്ക് ലിസ്റ്റുകളില്‍ നിന്നും പിഎസ് സി നിയമന ശുപാര്‍ശകള്‍ നല്‍കിവരുന്നത്. ഈ സാഹചര്യത്തില്‍ റാങ്ക്  ലിസ്റ്റില്‍  ഉള്‍പ്പെടുന്നവര്‍ക്കെല്ലാം നിയമനം ലഭ്യമാവുകയില്ല. അതേസമയം, റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍  ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത് നിയമനം നടത്തുക എന്നതാണ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം. ഇതിനായി ഒഴിവുകള്‍ യഥാസമയം കൃത്യതയോടെ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് എല്ലാ നിയമനാധികാരികള്‍ക്കും സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിഎസ് സി  നിയമനം സംബന്ധിച്ച് വിവരങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പുകളിലും സ്ഥാപനങ്ങളിലും ഉള്ള തസ്തികകള്‍, അതില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവര്‍, അവരുടെ വിരമിക്കല്‍ തീയതി, ദീര്‍ഘകാല അവധി, നിയമനം നടത്തുന്നതിന് അനുവദനീയമായ തസ്തികകള്‍, തുടങ്ങിയ വിവരങ്ങള്‍  ബന്ധപ്പെട്ട വകുപ്പുകളുടെ / സ്ഥാപനങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്ന വിഷയം പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

റാങ്ക് ലിസ്റ്റില്‍ പ്രതീക്ഷിത ഒഴിവുകളേക്കാള്‍ വളരെയധികം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തുന്നത്  ചില ചൂഷണങ്ങള്‍ക്കും അനഭിലഷണീയമായ പ്രവണതകള്‍ക്കും വഴിവക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇക്കാര്യം  പരിഗണിച്ചു കൊണ്ട് ഒഴിവിന് ആനുപാതികമായി സംവരണ തത്വങ്ങള്‍ പാലിച്ച് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ ശുപാര്‍ശ സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ദിനേശന്‍ കമ്മീഷനെ നിയമിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Also Read- ആക്രമണങ്ങൾ എല്ലാം നടന്നത് ഈ ആരോഗ്യമന്ത്രിയുടെ കാലത്ത് തന്നെ; ആരോഗ്യമന്ത്രിക്കെതിരെ ഐ.എം.എ.

ജംബോ റാങ്ക് പട്ടികകളിൽ  മൂന്നിലൊന്നു പേർക്കു പോലും നിയമനം ലഭിക്കാത്തതുമായ സ്ഥിതിയാണ് സംസ്ഥാനത്ത് ഇപ്പോൾ. ഇത് പരിഹരിക്കാൻ 2019 തന്നെ സർക്കാർ നടപടി തുടങ്ങിയിരുന്നു. റാങ്ക് പട്ടികയുടെ വലിപ്പം കുറയ്ക്കുന്നതിനെ കുറിച്ച് പഠിച്ച് ശുപാർശ സമർപ്പിക്കാൻ ജസ്റ്റിസ് ദിനേശൻ കമ്മിഷനെ സർക്കാർ 2019ഡിസംബർ ചുമതലപ്പെടുത്തി. എന്നാൽ കമ്മീഷൻ്റെ പ്രവർത്തനം മുന്നോട്ട് പോയില്ല. ഇപ്പോൾ തുടർച്ചയായി ഉദ്യോഗാർഥികൾ സമര രംഗത്തുവന്ന സാഹചര്യത്തിലാണ് കമ്മിഷനെ പുനരുജ്ജീവിപ്പിച്ചത്.കൂടുതൽ അധികാരങ്ങളും കമ്മീഷന് നൽകിയിട്ടുണ്ട്.

Also Read-MSF സംസ്ഥാന ഭാരവാഹികൾ ലൈംഗികമായി അധിക്ഷേപിച്ചുവെന്ന് വനിതാ വിഭാഗം നേതാക്കൾ; വനിതാ കമ്മീഷന് പരാതി നൽകി

1958ലെ കേരള സ്റ്റേറ്റ് സബോഡിനേറ്റ് സർവീസ് ചട്ടങ്ങളിൽ നരേന്ദ്രന്‍ കമ്മിഷൻ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ 14ഇ എന്ന ഉപചട്ടം ഉൾപ്പെടുത്തിയിരുന്നു. ഈ ചട്ടപ്രകാരം പിഎസ്‍‌സി റാങ്ക് ലിസ്റ്റിൻറെ സപ്ലിമെൻററി ലിസ്റ്റിൽ ഓരോ സംവരണ സമുദായത്തിനും അനുവദിച്ചിട്ടുള്ള സംവരണ ക്വാട്ട ഉറപ്പാക്കാനാണ് ക്വാട്ടയുടെ അഞ്ചു മടങ്ങിൽ കുറയാത്ത ഉദ്യോഗാർഥികളെ ഉൾപ്പെടുത്തി തുടങ്ങിയത്. ദിനേശൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽസർക്കാർ തുടർ നടപടികൾ സ്വീകരിക്കും.
Published by:Jayesh Krishnan
First published: