കൊച്ചി: ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ഡോക്ടർമാരെ മർദിച്ച സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവന ശരിയായില്ല. ആക്രമണങ്ങൾ എല്ലാം നടന്നത് ഈ ആരോഗ്യമന്ത്രിയുടെ കാലത്ത് തന്നെയാണ്. മന്ത്രിയെ നേരിൽ കണ്ട് പ്രശ്നങ്ങൾ ബോധിപ്പിച്ചതാണ്. എന്നിട്ടും ശ്രദ്ധയിൽപ്പെടാതെ പോകുന്നത് ഉത്തരവാദിത്വമില്ലായ്മയാണെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ: പി.ടി. സക്കറിയാസ് പറഞ്ഞു.
അതിക്രമം നടത്തിയവർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ വാക്സിനേഷൻ അടക്കമുളവ നിർത്തി വെയ്ക്കുമെന്നും ഐ.എം.എ. മുന്നറിയിപ്പു നൽകി. വ്യക്തിപരമായി മന്ത്രിയെ വിമർശിക്കുന്നില്ല, എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ അറിവ് വേണം. സ്വന്തം കുഞ്ഞുങ്ങളുടെ കാര്യം അറിയില്ല എന്ന് പറയും പോലെയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിയമസഭയിൽ നിരുത്തരവാദപരമായാണ് മന്ത്രി സംസാരിച്ചത്. ആരെങ്കിലും എഴുതിക്കൊടുക്കുന്ന കാര്യങ്ങൾ വെറുതെ വായിച്ചു വിടുന്നത് ശരിയല്ല. അതിനു മുൻപ് അതിലെ വസ്തുതകൾ പരിശോധിക്കണം. എന്നാൽ മാത്രമാണ് തെറ്റുണ്ടോ എന്ന് മനസ്സിലാക്കാൻ കഴിയുന്നത്. പിന്നീട് പ്രസ്താവന തിരുത്തി പറയുന്നതിൽ വലിയ കാര്യമില്ല. ഇത് ഉത്തരവാദിത്വമില്ലായ്മ തന്നെയാണെന്ന് ഐ.എം.എ. പറയുന്നു.
സംസ്ഥാനത്ത് ഈ വര്‍ഷം മെയ് മാസത്തിന് ശേഷം മാത്രം ഡോക്ടര്‍മാര്‍ക്കെതിരെ ഉണ്ടായത് 21 അതിക്രമങ്ങളാണെന്ന് ഐ.എം.എ. പറയുന്നു. കൂടുതല്‍ കേസുകളും ഡോക്ടര്‍മാരെ ശാരീരികമായി ആക്രമിച്ചവയാണ്. ഇവയില്‍ എഫ്.ഐ.ആര്‍. പോലും രജിസ്റ്റർ ചെയ്തിട്ടില്ലാത്ത കേസുകളും ഉണ്ടെന്ന് ഡോക്ടര്‍മാരുടെ സംഘടന മുഖ്യമന്ത്രിയ്ക്ക് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോക്ടര്‍മാര്‍ അക്രമത്തിന് ഇരകളായ 39 കേസുകളുടെ വിശദാംശങ്ങളാണ് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഡോക്ടരുടെ സംഘടന സമര്‍പ്പിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായിരുന്ന മെയ്, ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഡോക്ടര്‍മാര്‍ക്ക് നേരെ കൂടുതല്‍ അതിക്രമങ്ങളും നടന്നത്.
ഓഗസ്റ്റില്‍ ഉണ്ടായ രണ്ട് അക്രമങ്ങളും തിരുവനന്തപുരത്താണ് ഉണ്ടായത്. ഒന്ന് കഴിഞ്ഞ മൂന്നിന് പാറശാല സര്‍ക്കാര്‍ ആശുപത്രിയിലും, രണ്ടാമത്തേത് ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും. മെയ് മാസം എട്ടും, ജൂണില്‍ ആറും, ജൂലൈ മാസത്തില്‍ അഞ്ചും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭൂരിഭാഗവും രോഗിയുടെ ബന്ധുക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായ അക്രമങ്ങളായിരുന്നു.
ആകെ സമര്‍പ്പിച്ച 39 കേസുകളില്‍ 15ലും ഡോക്ടര്‍മാര്‍ ശാരീരികമായി ആക്രമിക്കപ്പെട്ടു. 12 കേസുകളില്‍ അക്രമം നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തകരും ജനപ്രതിനിധികളും, സാമൂഹ്യപ്രവര്‍ത്തകരുമായിരുന്നു. എഫ്.ഐ.ആര്‍. രജിസ്ട്രര്‍ ചെയ്ത കേസുകള്‍ ഭൂരിഭാഗവും 2012 ലെ ആശുപത്രി, ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമത്തിന്‍ കീഴില്‍ ഉള്ളതാണ്.
ആറ് കേസുകളില്‍ എഫ്.ഐ.ആര്‍. പോലും രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതില്‍ തന്നെ നാല് പരാതികള്‍ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തകര്‍ക്കും എതിരാണ്. നേരിട്ടുള്ള അക്രമങ്ങള്‍ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും ഡോക്ടര്‍മാർ നേരിടുന്ന അതിക്രമങ്ങള്‍ നിരവധിയാണ്.
അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമം സംബന്ധിച്ച വിവാദമറുപടിയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തി. രേഖാമൂലമുള്ള മറുപടി സാങ്കേതിക പിശക് മൂലം ഉണ്ടായതാണെന്നും തിരുത്തിയ മറുപടി സഭയില്‍ എത്തിയില്ലെന്നുമാണ് മന്ത്രിയുടെ വിശദീകരണം. ഡോക്ടര്‍മാര്‍ക്കെതിരെ അതിക്രമം വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് നിയമസഭയില്‍ മന്ത്രിയുടെ രേഖാമൂലമുള്ള മറുപടിയാണ് വിവാദമായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Health Minister Veena George, Indian Medical Association, Veena george