• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ചിന്ത ജെറോം കുടുംബ സുഹൃത്ത്; രാഷ്ട്രീയ വിവാദത്തിൽനിന്ന് പ്രവാസികളെ ഒഴിവാക്കണം': കൊല്ല൦ തങ്കശേരിയിലെ റിസോർട്ട് ഉടമ

'ചിന്ത ജെറോം കുടുംബ സുഹൃത്ത്; രാഷ്ട്രീയ വിവാദത്തിൽനിന്ന് പ്രവാസികളെ ഒഴിവാക്കണം': കൊല്ല൦ തങ്കശേരിയിലെ റിസോർട്ട് ഉടമ

ചികിത്സയുടെ ഭാഗമായി ചിന്ത ജെറോമും അമ്മയും താമസിക്കുന്നത് തങ്ങൾ നിശ്ചയിച്ച വാടക നൽകി തന്നെയാണ് റിസോർട്ട് ഉടമ പറയുന്നു

  • Share this:

    കൊല്ലം: യുവജനക്ഷേമ കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം അമ്മയോടൊപ്പം താമസിച്ചത് സംബന്ധിച്ച് ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ തങ്കശ്ശേരിയിലെ ഡി ഫോർട്ട് എന്ന ആയുർവേദ റിസോർട്ടിനെ ഉൾപ്പെടുത്തിയതിൽ ആശങ്കയുണ്ടെന്ന് ഉടമയായ ഡാർവിൻ ക്രൂസ്. രാഷ്ട്രീയ കാരണങ്ങളാൽ വിവാദം സൃഷ്ടിക്കുമ്പോൾ പണം മുടക്കി സ്ഥാപനം നടത്തി വരുന്ന തന്നെപ്പോലുള്ള പ്രവാസികളെ ദയവായി ഒഴിവാക്കണമെന്നു അഭ്യർത്ഥിക്കുന്നതായും ഡാർവിൻ പത്രകുറിപ്പിൽ അറിയിച്ചു.

    പ്രവാസിയായ താൻ സ്വന്തം നാട്ടിൽ പണം മുടക്കി സ്ഥാപനം ഉണ്ടാക്കുമ്പോൾ സർക്കാരിൽ നിന്നും യാതൊരു പ്രത്യേക ആനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് ഡാർവിൻ ക്രൂസ് പറഞ്ഞു. ഒരാൾക്കും നഷ്ടം വരുത്താതെ നിയമങ്ങൾ പാലിച്ചാണ് സ്ഥാപനം നടത്തിവരുന്നത്. കൊല്ലം കോർപറേഷൻ അംഗീകരിച്ച കെട്ടിട നിർമാണ പെർമിറ്റ് പ്രകാരം പണി പൂർത്തിയാകാറായ കെട്ടിടമാണ് വാങ്ങിയത്. തീരദേശ പരിപാലന നിയമങ്ങൾ യാതൊന്നും ലംഘിച്ചല്ല കെട്ടിടം നിലനിൽക്കുന്നത്. അത്തരത്തിൽ യാതൊരു നിയമനടപടികളും ഇന്നുവരെ താൻ നേരിട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    നിയമപ്രകാരം ഒഴിവാക്കേണ്ട സ്ഥലം ഒഴിവാക്കി തന്നെയാണ് കെട്ടിടം ഇപ്പോഴും നിൽക്കുന്നത്. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ നിയമപരമായി നടത്തിവരുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്നും പിന്മാറണമെന്ന് വിവാദങ്ങൾ സൃഷ്ടിച്ചവരോട് അഭ്യർത്ഥിക്കുന്നു. ചിന്ത ജെറോം വർഷങ്ങളായി തങ്ങളുടെ കുടുംബ സുഹൃത്താണ്. നാട്ടിൽ വരുമ്പോൾ ഈ റിസോർട്ടിൽ തന്നെയാണ് താനും കുടുംബവും താമസിക്കുന്നതെന്നും ഡാർവിൻ ക്രൂസ് പറഞ്ഞു.

    ഭാര്യ ഡോ. ഗീതാ ഡാർവിൻ കേരള സർക്കാർ സർവ്വീസിൽ ആയുർവേദ ഡോക്ടറായിരുന്നു. വോളന്ററി റിട്ടയർമെന്റ് നേടിയ ശേഷം ഡോ. ഗീത, ഡി ഫോർട്ട് ആയുർവേദ റിസോർട്ടിൽ ഡയറക്ടറായി പ്രവർത്തിക്കുകയാണ്. ചിന്ത ജെറോമിന്റെ അമ്മയുടെ ആയുർവേദ ചികിത്സയ്ക്ക് നേതൃത്വം കൊടുക്കുന്നത് തന്റെ ഭാര്യ ഡോ. ഗീത ഡാർവിൻ ആണ്. അതിന്റെ ഭാഗമായി ചിന്ത ജെറോമും അമ്മയും താമസിക്കുന്നത് തങ്ങൾ നിശ്ചയിച്ച വാടക നൽകി തന്നെയാണ്. ഇരുന്നൂറിൽ പരം തൊഴിലാളികൾക്ക് നേരിട്ടും അതിലേറെ പേർക്ക് പരോക്ഷമായും തൊഴിൽ സൃഷ്ടിച്ചു നൽകുന്ന ഒരു സ്ഥാപനത്തെ ക്കുറിച്ചു വസ്തുതകൾക്കു വിരുദ്ധമായി പ്രചാരണം നടത്തുന്നവർ ഉത്തരവാദിത്തമില്ലായ്മ കാണിക്കുകയാണ്. അത്തരം വ്യാജ പ്രചരണം മൂലം ഉണ്ടാകുന്ന നഷ്ടം ഉടമയായ തനിക്ക് മാത്രമല്ല, ഈ സ്ഥാപനം കൊണ്ട് ഉപജീവനം കഴിക്കുന്ന മറ്റു നൂറുകണക്കിന് പേർക്ക് കൂടിയാണെന്നും ഡാർവിൻ ക്രൂസ് ചൂണ്ടിക്കാട്ടി.

    Published by:Anuraj GR
    First published: