• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'എനിക്ക് പത്രം കിട്ടാൻ ഏഴരയാകും; അത് നമ്മുടെ വിദ്വാന്‍റെ പ്രശ്നമാണ്'; വാർത്താസമ്മേളനത്തിൽ ചിരിപടർത്തി മുഖ്യമന്ത്രി

'എനിക്ക് പത്രം കിട്ടാൻ ഏഴരയാകും; അത് നമ്മുടെ വിദ്വാന്‍റെ പ്രശ്നമാണ്'; വാർത്താസമ്മേളനത്തിൽ ചിരിപടർത്തി മുഖ്യമന്ത്രി

'പത്രം പലര്‍ക്കും സാധാരണ ആറ് മണിക്ക് കിട്ടുന്നതാണ്. എനിക്ക് കിട്ടാന്‍ പക്ഷെ ഏഴ് ഏഴരയാവും. അത് നമ്മുടെ വിദ്വാന്റെ ഒരു പ്രശ്‌നമാണ്"

പിണറായി വിജയൻ (ഫയൽ ചിത്രം)

പിണറായി വിജയൻ (ഫയൽ ചിത്രം)

  • Share this:
    തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗണിൽ പത്രം ലഭിക്കുന്നതിനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പരാമർശം വാർത്താസമ്മേളനത്തിൽ ചിരിപടർത്തി. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നാലു ജില്ലകളില്‍ പാലും പത്രവും രാവിലെ ആറിന് മുന്‍പ് ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശിച്ചിരുന്നു. അതിനിടെയാണ് പത്രവിതരണത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ഉന്നയിച്ചത്. പത്രവിതരണത്തിന് കൂടുതൽ സമയം അനുവദിക്കുമോയെന്നായിരുന്നു ചോദ്യം.

    ഇതിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്, 'പത്രം പലര്‍ക്കും സാധാരണ ആറ് മണിക്ക് കിട്ടുന്നതാണ്. എനിക്ക് കിട്ടാന്‍ പക്ഷെ ഏഴ് ഏഴരയാവും. അത് നമ്മുടെ വിദ്വാന്റെ ഒരു പ്രശ്‌നമാണ്. സാധാരണ മറ്റ് പലരും ആറ് മണിക്ക് പത്രം എത്തിക്കാറുണ്ട്. അതുകൊണ്ട് വലിയ പ്രശ്‌നമൊന്നും വരില്ല... പത്ത് മിനുട്ട് അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോയാല്‍ അതിന്റെ മേലെ വലിയ കുറ്റമായി വരില്ല..'. മുഖ്യമന്ത്രിയുടെ ഈ മറുപടിയാണ്, മാധ്യമപ്രവർത്തകരിൽ കൂട്ടച്ചിരി പടർത്തിയത്.

    അതേസമയം തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവില്‍ വരും. അതു സംബന്ധിച്ച വിശദമായ ഉത്തരവ് അതത് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ പുറപ്പെടുവിക്കും. മറ്റു പത്തുജില്ലകളില്‍ നിലവിലുള്ള ലോക്ക്ഡൗണ്‍ തുടരും.

    രോഗവ്യാപനം നിയന്ത്രിക്കാനുള്ള ഏറ്റവും കര്‍ശനമായ മാര്‍ഗമാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പ്രവേശിക്കാനും പുറത്തു കടക്കാനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുക, കൂട്ടം കൂടി നില്‍ക്കുക, മാസ്ക്ക് ധരിക്കാതിരിക്കുക, മറ്റു കോവിഡ് പ്രോട്ടോക്കോളുകള്‍ ലംഘിക്കുക തുടങ്ങിയവയെല്ലാം കടുത്ത നിയമനടപടികള്‍ക്ക് വിധേയമാകും.

    ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന പ്രദേശങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയും ക്വാറന്‍റൈന്‍ ലംഘിക്കുന്നത് കണ്ടെത്താന്‍ ജിയോ ഫെന്‍സിങ്ങ് സാങ്കേതികവിദ്യയും ഉപയോഗിക്കും. ക്വാറന്‍റൈന്‍ ലംഘിക്കുന്നവര്‍ക്ക് മാത്രമല്ല, അതിനു സഹായം നല്‍കുന്നവര്‍ക്കെതിരേയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശനമായ നടപടികള്‍ എടുക്കും.
    ഭക്ഷണമെത്തിക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് വാര്‍ഡ് സമിതികള്‍ നേതൃത്വം നല്‍കണം. കമ്യൂണിറ്റി കിച്ചനുകള്‍, ജനകീയ ഹോട്ടലുകള്‍ എന്നിവ ഇതിനായി ഉപയോഗപ്പെടുത്തണം. അതില്‍ക്കവിഞ്ഞുള്ള സാമൂഹിക പ്രവര്‍ത്തനങ്ങളെല്ലാം ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഇടങ്ങളില്‍ പരിപൂര്‍ണമായി ഒഴിവാക്കണം.

    Also Read- അടുത്ത 24 മണിക്കൂര്‍ കൂടി ടൗട്ടേ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരും; ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

    ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ പതിനായിരം പൊലീസുകാരെയാണ് നിയോഗിച്ചിരിക്കുന്നത്. മരുന്നുകട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറുമണിക്കു മുന്‍പ് വീടുകളില്‍ എത്തിക്കണം. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍മാര്‍ മുതലായവര്‍ക്കും ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്രചെയ്യാം. വിമാനയാത്രക്കാര്‍ക്കും ട്രെയിന്‍ യാത്രക്കാര്‍ക്കും യാത്രാനുമതി ഉണ്ട്. ബേക്കറി, പലവ്യഞ്ജനക്കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.

    ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്ന ജില്ലകളില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാത്രം മിനിമം ജീവനക്കാരുമായി പ്രവര്‍ത്തിക്കും. ഈ ജില്ലകളുടെ അതിര്‍ത്തികള്‍ അടച്ചിടും. തിരിച്ചറിയല്‍ കാര്‍ഡുമായി വരുന്ന അവശ്യവിഭാഗങ്ങളിലുള്ളവര്‍ക്കു മാത്രമേ യാത്രാനുമതി ഉണ്ടാകൂ. അകത്തേയ്ക്കും പുറത്തേയ്ക്കും യാത്രയ്ക്കായുള്ള ഒരു റോഡൊഴികെ കണ്ടെയ്ന്‍മെന്‍റ് സോണ്‍ മുഴുവനായും അടയ്ക്കും.
    Published by:Anuraj GR
    First published: