തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിക്കും മകനും മലപ്പുറം എ ആര്‍ നഗര്‍ ബാങ്കില്‍ കള്ളപ്പണ നിക്ഷേപമുണ്ടെന്നും ഇക്കാര്യം ഇഡി അന്വേഷിക്കണമെന്നുമുള്ള കെ ടി ജലീലിന്റെ ആവശ്യത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ സഹകരണ മേഖല ഇ ഡി കൈകാര്യം ചെയ്യേണ്ട വിഷയമല്ല. ഇ ഡിയുടെ ചോദ്യം ചെയ്യലോടുകൂടി ജലീലിന് ഇഡിയില്‍ വിശ്വാസ്യത കൂടിയിട്ടുണ്ടെന്നാണ് തോന്നുന്നതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
സഹകരണ ബാങ്കില്‍ ഇ ഡി അന്വേഷണം സാധാരണ ഗതിയില്‍ ഉന്നയിക്കാന്‍ പാടില്ലാത്തതാണ്. ഇത്തരമൊരു ആവശ്യമുണ്ടായത് ശരിയല്ല. ഇക്കാര്യങ്ങള്‍ അന്വേഷിക്കാന്‍ സംസ്ഥാനത്തുതന്നെ സംവിധാനങ്ങളുണ്ടെന്നും ഇ ഡി അന്വേഷണം വേണമെന്ന ജലീലിന്റെ ആവശ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി വിശദീകരിച്ചു.
Also Read- 'കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ നോട്ടടി യന്ത്രമോ സ്വർണം കായ്ക്കുന്ന തെങ്ങോ ഉണ്ടോ?' കെ.ടി. ജലീൽ
എ ആര്‍ നഗര്‍ ബാങ്കിന്റെ കാര്യത്തില്‍ സഹകരണ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങിയതാണ്. എന്നാല്‍ കോടതിയുടെ സ്റ്റേ നിലനില്‍ക്കുന്നതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാന്‍ സാധിക്കാതിരുന്നത്. അന്വേഷണത്തിന് യാതൊരു വിധത്തിലും തടസവുമുണ്ടാകില്ലെന്നും കുറ്റം കണ്ടെത്തിയാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
''കെ.ടി ജലീല് ഇ.ഡി ചോദ്യം ചെയ്ത ആളാണല്ലോ. ചോദ്യം ചെയ്യലോടെ ഇ ഡിയിൽ കുറെക്കൂടി വിശ്വാസ്യത അദ്ദേഹത്തിന് വന്നിട്ടുണ്ട് എന്നാണ് തോന്നുന്നത്. അങ്ങിനെയുള്ള പ്രതികരണങ്ങളാണ് കാണുന്നത്. ഏതായാലും കേരളത്തിന്‍റെ സഹകരണ മേഖല ഇ ഡിയല്ല കൈകാര്യം ചെയ്യേണ്ടത്. സാധാരണനിലക്ക് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് ശരിയല്ല. അന്വേഷിക്കാൻ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ട്. അതിപ്പോൾ നടക്കാത്തത് കോടതി ഇടപെടൽ ഭാഗമായാണ്. അത് എല്ലാവർക്കും അറിയാം''. -മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
എ.ആർ നഗർ സഹകരണ ബാങ്കിലെ അനധികൃത നിക്ഷേപങ്ങളെക്കുറിച്ച് സഹകരണ വകുപ്പിലെ അന്വേഷണസംഘം കണ്ടെത്തിയത് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എയും ദീർഘകാലം ബാങ്ക് സെക്രട്ടറിയായിരുന്ന ഹരികുമാറും നടത്തിയ 1021 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകളെന്ന് ഡോ. കെ ടി ജലീൽ എം എൽ എ ഇന്നലെ ആരോപിച്ചിരുന്നു. പ്രാഥമിക സഹകരണ സംഘം മാത്രമായ ബാങ്കിൽ അരലക്ഷത്തിൽപരം അംഗങ്ങളും 80,000ത്തിലധികം അക്കൗണ്ടുകളുമാണുള്ളത്. 257 കസ്റ്റമർ ഐ ഡികളിൽ മാത്രം 862 വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് പണാപഹരണവും കള്ളപ്പണ സൂക്ഷിപ്പും അഴിമതിപ്പണ വെളുപ്പിക്കലും കുഞ്ഞാലിക്കുട്ടിക്കുവേണ്ടി ഹരികുമാർ നടത്തിയതെന്ന് ജലീൽ പറഞ്ഞിരുന്നു. സ്ഥാപനത്തെ കുഞ്ഞാലിക്കുട്ടിയും സംഘവും കേരളത്തിലെ അവരുടെ 'സ്വിസ് ബാങ്കാ'യാണ് മാറ്റിയിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിയും വി കെ ഇബ്രാഹിംകുഞ്ഞും വ്യവസായമന്ത്രിമാരായിരിക്കെ ടൈറ്റാനിയം അഴിമതിയിലൂടെ നേടിയ പണമാകാമിതെന്നും ജലീൽ ആരോപിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Enforcement Directorate, Kt jaleel, Pinarayi vijayan, PK Kunhalikutty