മലപ്പുറം: എ ആർ നഗർ സർവീസ് സഹകരണ ബാങ്കിൽ 1021 കോടി രൂപയുടെ കള്ളപ്പണ, ബിനാമി ഇടപാടുകൾ നടന്നു എന്നും ഇതിനെല്ലാം സൂത്രധാരൻ പി കെ കുഞ്ഞാലിക്കുട്ടി ആണെന്നും കെ. ടി. ജലീലിൻ്റെ ആരോപണം. സഹകരണ വകുപ്പിൻ്റെ ഇൻസപെക്ഷൻ വിഭാഗം സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കി ആണ് ജലീലിൻ്റെ ആരോപണം. എ. ആർ നഗർ ബാങ്ക് ലീഗ് നേതാക്കളുടെ സ്വിസ് ബാങ്ക് ആയെന്നും തുടരന്വേഷണങ്ങൾ ചെന്നെത്തുക പികെ കുഞ്ഞാലിക്കുട്ടിയിലേക്ക് ആകും എന്നും ജലീൽ ആരോപിക്കുന്നു.
എ. ആർ നഗർ സർവീസ് സഹകരണ ബാങ്കിലെ അഴിമതി അന്വേഷണ റിപ്പോർട്ട് ആണ് ഇത്തവണ കെ. ടി. ജലീൽ പി കെ കുഞ്ഞാലിക്കുട്ടിക്ക് എതിരെ ആയുധമാക്കിയിട്ടുള്ളത്. 1021 കോടി രൂപയുടെ കള്ളപ്പണ, ബിനാമി ഇടപാടുകൾ കഴിഞ്ഞ 10 വർഷം കൊണ്ട് ബാങ്കിൽ നടന്നു എന്ന് ആണ് അന്വേഷണ റിപ്പോർട്ട്. ഇതെല്ലാം പി കെ കുഞ്ഞാലിക്കുട്ടിയുടേയും അദ്ദേഹത്തിൻ്റെ ബിനാമിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ഹരികുമാറിൻ്റെയും അറിവോടെ ആണ് എന്ന് കെ.ടി. ജലീൽ പറഞ്ഞു.
862 ബിനാമി അക്കൗണ്ടുകൾ ആണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇത് 257 കസ്റ്റമർ ഐ ഡി കൾ മാത്രം പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ആണ്. ബാങ്കിൻറെ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയറിൽ കസ്റ്റമറുടെ മേൽവിലാസങ്ങൾ വ്യാപകമായി മായ്ച്ച് കളഞ്ഞിട്ടുണ്ട്.ലീഗ് നേതാവ് അബ്ദു റഹ്മാൻ രണ്ടത്താണി അടക്കം ഉള്ളവർക്ക് അനധികൃത വായ്പയും ആനുകൂല്യങ്ങളും നൽകിയിട്ടുണ്ട്. പി കെ കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായിരിക്കെ ടൈറ്റാനിയം മലബാർ സിമൻറ്സ്, കെ എം എം എൽ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ മറയാക്കി ബിനാമി ഇടപാടുകളിലൂടെ സ്വരൂപിച്ച അഴിമതിപ്പണം എ ആർ നഗർ അക്കൗണ്ടിലൂടെയാണ് ക്രയവിക്രയം ചെയ്തതെന്ന് ജലീൽ ആരോപിച്ചു.
Also Read-
ജലീൽ വീണ്ടും ഇ ഡിക്ക് മുന്നിലേക്ക് ; ഒമ്പതാം തീയതി തെളിവു നൽകാൻ എത്തും" പി കെ കുഞ്ഞാലിക്കുട്ടിയുടെ സ്വിസ് ബാങ്ക് ആണ് എ ആർ നഗർ സർവീസ് സഹകരണ ബാങ്ക്. അദ്ദേഹം ബിനാമി രൂപത്തിലും അഴിമതിയിലൂടെയും സ്വരൂപിച്ച എല്ലാ പണവും വെളുപ്പിക്കുന്നത് എ ആർ നഗർ ബാങ്കിലെ അക്കൗണ്ടുകളിലൂടെയാണ് . "
പി കെ കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിന്റെ പേരിൽ എ ആർ നഗർ സഹകരണ ബാങ്കിൽ ഉള്ള നിക്ഷേപം വിദേശ വിനിമയ ചട്ടങ്ങൾ പാലിക്കാതെ ആണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂരിയാട് ശാഖയിൽ ആരംഭിച്ച കറൻറ് അക്കൗണ്ടിൽ നേരിട്ട് വിദേശ നിക്ഷേപം നടത്തിയത് വിദേശ വിനിമയ ചട്ടത്തിലെ ലംഘനമാണ്. ഇങ്ങനെ വന്ന് പണം എയർ നഗർ സഹകരണ ബാങ്കിൽ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റാതെ ലോക്കൽ എഫ് ഡി ആയി മാറ്റുകയാണ് ചെയ്തത്. ഇത് ബാങ്കിംഗ് റഗുലേഷൻ ആക്ട് മറ്റൊരു ലംഘനം. ആഷിഖ് നിക്ഷേപിച്ച മൂന്നു കോടി രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റ് ഒരു കോടി രൂപ മാത്രമേ അപേക്ഷ സമർപ്പിച്ചിട്ടുള്ളൂ. ഇതിൻറെ പലിശ എസ് ബി അക്കൗണ്ടിലേക്ക് മാറ്റി പിൻവലിക്കുന്നതിന് പകരം നേരിട്ട് ക്യാഷ് ആയി പിൻവലിക്കുകയാണ് ചെയ്തിട്ടുള്ളത്. ഈ ക്രമക്കേടുകൾക്ക് എല്ലാം ഒരു കോടി 14 ലക്ഷം രൂപ എങ്കിലും പിഴ അടക്കേണ്ടത് ഉണ്ട്. അത് കുറയ്ക്കുവാനും പി കെ കുഞ്ഞാലിക്കുട്ടി സമ്മർദ്ദം ചെലുത്തുന്നുണ്ട്. 1021 കോടി രൂപ ക്രമക്കേടുകൾക്ക് പിഴയായി ബാങ്ക് അടക്കേണ്ടി വരും. ഈ സംഖ്യ പി കെ കുഞ്ഞാലിക്കുട്ടിയിൽ നിന്നും ഹരികുമാറിൽ നിന്നും ഈടാക്കണമെന്നും ജലീൽ പറഞ്ഞു.
ഇപ്പോഴത്തെ ഈ അന്വേഷണ റിപ്പോർട്ടിൽ എവിടെയും പേര് ഇല്ല എങ്കിലും അന്വേഷണം നടന്നാൽ അത് നീളുക പി കെ കുഞ്ഞാലിക്കുട്ടിയിലേക്ക് ആണെന്നും ജലീൽ പറഞ്ഞു. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിക്കാൻ സഹകരണ വകുപ്പു മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നൽകുമെന്നും കള്ളപ്പണ, വിദേശ വിനിമയ ഇടപാട് പരിശോധിക്കാൻ റിസർവ് ബാങ്കിനും ഇ. ഡിക്കും പരാതി നൽകുമെന്നും ജലീൽ മലപ്പുറം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.