നവകേരള ബസിന് നേരെ ഷൂ ഏറും കരിങ്കൊടിയും; നടപടി സ്വീകരിക്കേണ്ടി വരും; വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി

Last Updated:

പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം

നവകേരള സദസിനായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ  ഷൂ എറിഞ്ഞും കരിങ്കൊടി വീശിയും കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരിൽ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം.  പ്രതിഷേധിച്ച നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. യോഗവേദിക്ക് സമീപം കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ്-കെഎസ്‍യു പ്രവ‍ർത്തകരെ ഡിവൈഎഫ്ഐക്കാർ മർദിച്ചു.
സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. പ്രതിഷേധം ഷൂ ഏറിലേക്ക് പോയാൽ നടപടി സ്വീകരിക്കേണ്ടി വരുമെന്നും നടപടി എടുത്ത ശേഷം വിലപിച്ചിട്ട് കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർ കരിങ്കൊടി കാണിക്കുന്നു. മറ്റു ചിലർ ഷൂ ഏറ് അടക്കമുള്ള അക്രമങ്ങളിലേക്ക് കടക്കുന്നു. എന്താണ് പ്രശ്നമെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുമ്പാവൂർ നഗരത്തിലെ നവകേരള സദസ് വേദിക്ക് സമീപമായിരുന്നു യൂത്ത് കോൺഗ്രസ്–കെഎസ്‍യു പ്രതിഷേധവുമായെത്തിയത്. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി വീശിയായിരുന്നു ആദ്യം പ്രതിഷേധം. ഓടിയടുക്കാൻ ശ്രമിച്ച പ്രവർത്തകരെ ഡിവൈഎഫ്ഐ അംഗങ്ങള്‍ മ‍ർദിച്ചു. യൂത്ത് കോൺഗ്രസ് – കെഎസ്‍യു പതാകകൾ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പിടിച്ചെടുത്ത് കത്തിച്ചു. പിന്നാലെ പ്രതിഷേധക്കാരെ പൊലീസെത്തി കസ്റ്റഡിയിലെടുത്തു.
advertisement
പെരുമ്പാവൂരിലെ യോഗം കഴിഞ്ഞ കോതമംഗലത്തേക്ക് പോകുമ്പോൾ ഓടക്കാലിയിൽ വെച്ചായിരുന്നു നവകേരള ബസിന് നേർക്ക് ഷൂസ് എറിഞ്ഞത്. ബസിലും പിന്നാലെ വന്ന പൊലീസ് വാഹനത്തിന് മുകളിലും ഷൂസ് വീണു. സംഭവത്തില്‍ നാല് കെഎസ്‍യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, നവകേരള സദസ്സിന് നേരെ പ്രതിഷേധങ്ങൾ കടുപ്പിക്കാൻ തന്നെയാണ് കെ.എസ്.യുവിന്‍റെ തീരുമാനം. കേവലം കരിങ്കൊടി കൊണ്ട് മാത്രം പ്രതിഷേധം രേഖപ്പെടുത്തിയപ്പോൾ അതിനെ കയ്യൂക്ക് കൊണ്ട് നേരിടാൻ തീരുമാനിച്ച കേരളത്തിലെ ഡിവൈഎഫ്ഐക്കും കേരള പോലീസിനും എതിരെയുള്ള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിൽ മുഖ്യമന്ത്രിക്ക് നേരെ നടന്ന ഷൂ ഏറ്. കെ.എസ്.യു സംസ്ഥാന വ്യാപകമായി അത് തുടരുക തന്നെ ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള ബസിന് നേരെ ഷൂ ഏറും കരിങ്കൊടിയും; നടപടി സ്വീകരിക്കേണ്ടി വരും; വിലപിച്ചിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി
Next Article
advertisement
സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി
സത്യപ്രതിജ്ഞയ്ക്ക് മുൻപേ വാഗ്ദാനം പാലിച്ച് പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി
  • പാലക്കാട് കൊടുമ്പ് പഞ്ചായത്തിൽ ആദ്യമായി വിജയിച്ച ബിജെപി സ്ഥാനാർത്ഥി വാഗ്ദാനം പാലിച്ചു

  • ഭൂരിപക്ഷം കൃത്യമായി പ്രവചിച്ച സൈനികന് സ്വർണം സമ്മാനമായി നൽകി, എന്നാൽ അദ്ദേഹം സ്വീകരിച്ചില്ല

  • സൈനികൻ സമ്മാനം നാട്ടിലെ കായിക ഉപകരണങ്ങൾക്കായി ഉപയോഗിക്കാൻ ദീപക്കിന് തന്നെ ഏൽപ്പിച്ചു

View All
advertisement