Assembly Election 2021 | '71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം': പിണറായി വിജയൻ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. "
കണ്ണൂര്‍: തെരഞ്ഞെടുപ്പിൽ 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി കേരളം ഭരിക്കുമെന്ന കെ. സുരേന്ദ്രന്റെ പ്രസ്താവനയിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി.ജെ.പിക്ക് കോണ്‍ഗ്രസില്‍ വിശ്വാസമുണണ്ടന്നതാണ് ഈ പരാമർശത്തിനു കാരണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂരിൽ വ്യക്തമാക്കിയത്. "ബി.ജെ.പിയുടെ ഒരു നേതാവ് പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍ക്ക് 35 സീറ്റുകള്‍ കിട്ടിയാല്‍ മതി. ബാക്കി ഞങ്ങള്‍ അങ്ങ് ഉണ്ടാക്കിക്കോളും. ഭരണത്തില്‍ വന്നോളുമെന്ന്. 71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും. അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം"- പിണറായി പരിഹസിച്ചു.
"തങ്ങളുടെ ഫിക്‌സഡ് ഡിപ്പോസിറ്റ് കോണ്‍ഗ്രസിലുണ്ടെന്നാണ് അവര്‍ ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് ഡിപ്പോസിറ്റുകളെ അയക്കണോയെന്ന് കേരളത്തിലെ യു.ഡി.എഫിനെ പിന്താങ്ങുന്ന ജനങ്ങള്‍ തന്നെ ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. തങ്ങള്‍ വഞ്ചിതരായിക്കൂടാ എന്ന് അവര്‍ ആഗ്രഹിക്കുകയാണ്"- മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ 35 സീറ്റു കിട്ടിയാൽ ബിജെപി സർക്കാരുണ്ടാക്കുമെന്നതായിരുന്നു കെ സുരേന്ദ്രന്റെ പ്രസ്താവന. കേരളത്തിൽ സർക്കാരുണ്ടാക്കാൻ 71 സീറ്റു വേണ്ട. ധർമടം, പുതുപ്പള്ളി, ഹരിപ്പാട് എന്നിവിടങ്ങളിൽ ശക്തരായ സ്ഥാനാർഥികളെ നിർത്തുമെന്നും സുരേന്ദ്രൻ ഡൽഹിയിൽ പറഞ്ഞു. പാർട്ടി സ്ഥാനാർഥിപ്പട്ടിക കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയുമായി ചർച്ച ചെയ്യാൻ ഡൽഹിയിലെത്തിയതാണ് സുരേന്ദ്രൻ.
advertisement
നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരം. അവിടെ ഉമ്മൻ ചാണ്ടിയെപ്പോലുള്ള കരുത്തരായ സ്ഥാനാർഥികളെ സ്വാഗതം ചെയ്യുന്നു. ശക്തമായ ത്രികോണ മത്സരമാണ് കേരളത്തിലെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പങ്കെടുക്കുന്ന യോഗം വൈകുന്നേരം പാർട്ടി ആസ്ഥാനത്തു നടക്കും. ഇന്നു രാത്രി വൈകിയോ നാളെയോ സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിക്കും. തമിഴ്നാട്, പുതുച്ചേരി, ബംഗാൾ മൂന്നാം ഘട്ടം തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ എന്നിവിടങ്ങളിലെ സ്ഥാനാർഥിപ്പട്ടികയിലും യോഗം അന്തിമ തീരുമാനമെടുക്കും.
advertisement
ഇതനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാർഥിയാക്കാനും ബി.ജെ.പി ശ്രമം നടത്തിയിരുന്നു. എന്നാൽ അയ്യപ്പന്റെ വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും സ്ഥാനാർഥിയാകാൻ ആഗ്രഹമില്ലെന്നും കൊട്ടാരം നിലപാടെടുക്കുകയായിരുന്നു. സ്വതന്ത്ര സ്ഥാനാർത്ഥിയാക്കാമെന്ന് പറഞ്ഞ് ബി ജെ പി രണ്ടാമതൊരു നിർദേശം വച്ചുവെങ്കിലും അതും പന്തളം കൊട്ടാരം അംഗീകരിച്ചിട്ടില്ല.
കൊട്ടാരം നിർവാഹക സമിതി പ്രസിഡന്റ് ശശികുമാർ വർമ്മ, സെക്രട്ടറി നാരായണ വർമ്മ എന്നിവരെയാണ് മത്സരിക്കാനായി ബി ജെ പി സമീപിച്ചത്. ദിവസങ്ങൾക്ക് മുമ്പ് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് കൊട്ടാരത്തിൽ നേരിട്ടെത്തി ഇരുവരുമായി ചർച്ച നടത്തിയത്.
advertisement
ആറന്മുള മണ്ഡലം ലക്ഷ്യമിട്ടുകൊണ്ടാണ് ബി ജെ പി ഇത്തരത്തിലൊരു ശ്രമം നടത്തിയത്. ഇത് നടന്നിരുന്നുവെങ്കിൽ സംസ്ഥാനമൊട്ടാകെ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം വീണ്ടും ചർച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എൻ ഡി എ മാറിയേക്കുമെന്നായിരുന്നു ബി ജെ പിയുടെ കണക്കുകൂട്ടൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 12, 2021 2:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Assembly Election 2021 | '71 സീറ്റ് വേണ്ട സ്ഥാനത്ത് 35 സീറ്റ് വന്നാല്‍ എങ്ങനെ ഭരിക്കും? അതാണ് കോണ്‍ഗ്രസിലുള്ള വിശ്വാസം': പിണറായി വിജയൻ