'മണിപ്പൂരിൽ കലാപത്തിന്റെ പേരിൽ നടക്കുന്നത് ആസൂത്രിതമായ ക്രൈസ്തവ വേട്ട': മുഖ്യമന്ത്രി പിണറായി
- Published by:Rajesh V
- news18-malayalam
Last Updated:
''സമാധാനം പുനസ്ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നു''
തിരുവനന്തപുരം: മണിപ്പൂരിൽ ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയയൻ. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നതെന്നും മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുറിപ്പിന്റെ പൂർണരൂപം
മണിപ്പൂരിൽ നിന്ന് അനുദിനം സ്തോഭജനകമായ വാർത്തകളാണ് വരുന്നത്. രണ്ടുമാസത്തിലധികമായി തുടരുന്ന വംശീയകലാപത്തെ ഭയാശങ്കകളോടെ മാത്രമേ നോക്കി കാണാൻ കഴിയൂ. അത്യന്തം ഭയാനകമായ ദൃശ്യങ്ങളാണ് മനുഷ്യ മനഃസാക്ഷിയെ മുറിവേൽപ്പിച്ചുകൊണ്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത്. അങ്ങേയറ്റം നിന്ദ്യവും അതി ക്രൂരവുമായ രീതിയിലാണ് കുക്കി വിഭാഗത്തിലെ സ്ത്രീകൾ ആൾക്കൂട്ട കലാപകാരികളാൽ വേട്ടയാടപ്പെട്ടത്.
കലാപം ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്.
മണിപ്പൂരിലെ പർവത-താഴ്‌വര നിവാസികൾ തമ്മിലുള്ള ചരിത്രപരമായ വൈരുദ്ധ്യങ്ങൾക്കുമേൽ എരിതീയിൽ എണ്ണയൊഴിച്ച് അതിനെ വർഗ്ഗീയമായി ആളിക്കത്തിക്കുകയാണ്. ആസൂത്രിതമായ ക്രൈസ്തവ വേട്ടയാണ് കലാപത്തിന്റെ മറവിൽ നടക്കുന്നതെന്ന് വ്യക്തമാണ്. ഗോത്രവിഭാഗങ്ങളുടെ ക്രൈസ്തവ ദേവാലയങ്ങൾ സംഘടിതമായി ആക്രമിച്ചു തകർക്കപ്പെടുന്ന നിലയാണ്.
advertisement
Also Read- മണിപ്പൂരിന് പിന്നാലെ ബംഗാളിലും രണ്ട് സ്ത്രീകളെ മർദിച്ച് അർദ്ധനഗ്നരാക്കി നടത്തി ആൾക്കൂട്ടം
സമാധാനം പുനഃസ്‌ഥാപിക്കാൻ ബാധ്യസ്ഥരായവർ തന്നെ കലാപം ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായാണ് വാർത്തകൾ വരുന്നത്. മണിപ്പൂർ വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കുറ്റകരമായ മൗനവും സംഘപരിവാർ അജണ്ടയും ശക്തമായി വിമർശിക്കപ്പെടുകയാണ്. വർഗ്ഗീയ ധ്രുവീകരണം ശക്തിപ്പെടുത്തുന്നതിനുള്ള ആസൂത്രിത ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ജനാധിപത്യ വിശ്വാസികളുടെ കടമയാണ്. അധികാര രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി വിദ്വേഷം വിതച്ചുകൊണ്ട് മണിപ്പൂരിനെ കലാപഭൂമിയാക്കുന്ന സംഘപരിവാർ അജണ്ടയെ രാജ്യത്തെ മതനിരപേക്ഷ സമൂഹം തിരിച്ചറിയണം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 22, 2023 4:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മണിപ്പൂരിൽ കലാപത്തിന്റെ പേരിൽ നടക്കുന്നത് ആസൂത്രിതമായ ക്രൈസ്തവ വേട്ട': മുഖ്യമന്ത്രി പിണറായി