പ്രോ ടേം സ്പീക്കർ നിയമനം; കൊടിക്കുന്നിലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
- Published by:Rajesh V
- news18-malayalam
Last Updated:
'സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്'
തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലെ പ്രോ ടേം സ്പീക്കര്‍ നിയമനത്തില്‍ കോണ്‍ഗ്രസ് എം പി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്ററി കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് പ്രോ ടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാര്‍ഹമാണെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാര്‍ പിന്തുടരുന്ന സവർണ രാഷ്ട്രീയമാണ് തീരുമാനത്തിന് പിന്നിലെന്ന് സംശയിക്കുന്നവര്‍ക്ക് എന്താണ് ബിജെപിയുടെ മറുപടിയെന്ന് അദ്ദേഹം ചോദിച്ചു.
സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിട്ടും മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതുണ്ട്. പാര്‍ലമെന്ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ്‌വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന ധാര്‍ഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പദവി അഞ്ചു വര്‍ഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷകക്ഷിയില്‍പ്പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാന്‍ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നില്‍. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാന്‍ കഴിയൂയെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
എട്ടുതവണ എം പിയായ കൊടിക്കുന്നിലിനെ തഴഞ്ഞ് ഏഴുതവണ എം പിയായ ബിജെപിയുടെ ഭര്‍തൃഹരി മഹ്താബിനെ പ്രോം ടേം സ്പീക്കറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചുവെന്ന് കഴിഞ്ഞദിവസമാണ് പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചത്. ആറുതവണ ബിജെഡി. ടിക്കറ്റില്‍ കട്ടക്കില്‍ ജയിച്ച ഭര്‍തൃഹരി, ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായാണ് ലോക്സഭയില്‍ എത്തിയത്.
കൊടിക്കുന്നിലിനെ തഴഞ്ഞ നടപടിക്കെതിരെ കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു. പാര്‍ലമെന്ററി മാനദണ്ഡങ്ങള്‍ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. മുതിര്‍ന്ന എം പിയെ തഴഞ്ഞത് ബി.ജെ.പിയുടെ സവർണരാഷ്ട്രീയത്തിന്റെ ഭാഗമായാണെന്നും പ്രതിപക്ഷം വിമര്‍ശിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 21, 2024 6:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രോ ടേം സ്പീക്കർ നിയമനം; കൊടിക്കുന്നിലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ