'കണ്ണുരുട്ടലും ഭീഷണിയും വേണ്ട'; എൻഎസ്എസിനോട് മുഖ്യമന്ത്രി
Last Updated:
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ രൂക്ഷവിമർശനം ഉന്നയിച്ച എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. എൻഎസ്എസിന്റെ പേര് പരാമർശിക്കാതെയാണ് വിമർശനം. നവോത്ഥാനമൂല്യങ്ങൾ സംരക്ഷിയ്ക്കാൻ ശ്രമിയ്ക്കുമ്പോൾ കണ്ണുരുട്ടലും ഭീഷണിയുമുണ്ടാകും. അതൊന്നും സർക്കാരിനോട് വേണ്ട. ഇതൊന്നും കണ്ട് ഭയപ്പെടുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ന്യൂനപക്ഷദിനാചരണത്തിന്‍റെ സമാപനച്ചടങ്ങിലാണ് മുഖ്യമന്ത്രി എൻഎസ്എസിന് മറുപടി നൽകിയത്.
ആർഎസ്എസ്സിനെയും കോൺഗ്രസിനെയും മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചു. കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഈ വർഗീയതയുമായി സമരസപ്പെടുകയാണ് കോൺഗ്രസ്. ആർഎസ്എസ്സിന്‍റെ ബി ടീമായാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ബി ടീമായി നിന്ന് എ ടീമിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് മനസ്സിലാക്കണം. കോൺഗ്രസിനെ ആർഎസ്എസ് വിഴുങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും രൂക്ഷമായ ഭാഷയിലാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കഴിഞ്ഞ ദിവസം വിമർശിച്ചത്. മുഖ്യമന്ത്രി എന്ന നിലയിലല്ല പിണറായി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. പിണറായി വിജയന് ധാർഷ്ട്യമാണ്. തീരുമാനിച്ചതെല്ലാം ചെയ്യുമെന്ന നിലപാടാണ്. ഈ സർക്കാരിൽ നിന്ന് ഒന്നും നേടാനായിട്ടില്ല. വിശ്വാസമാണ് എല്ലാറ്റിലും വലുത്. ആചാരങ്ങൾ സംരക്ഷിക്കണം. അതിനായി എൻഎസ്എസ് വേണ്ടതെല്ലാം ചെയ്യുമെന്നും സുകുമാരൻ നായർ പറഞ്ഞിരുന്നു.
advertisement
ജനുവരി ഒന്നിന് സംസ്ഥാനസർക്കാർ നടത്തുമെന്ന് പ്രഖ്യാപിച്ച വനിതാമതിലിനെതിരെയും എൻഎസ്എസ് ജനറൽ സെക്രട്ടറി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. വനിതാമതിൽ വിഭാഗീയത മാത്രമാണുണ്ടാക്കുക. വിശ്വാസികൾക്ക് ഈ മാസം 26-ന് ശബരിമല ആചാരസംരക്ഷണസമിതി നടത്തുന്ന അയ്യപ്പജ്യോതിയിൽ പങ്കെടുക്കാമെന്നും സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 19, 2018 9:00 PM IST


