തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസിൽ ഹർജിക്കാരൻ ആർ എസ് ശശികുമാറിനെതിരെ ലോകായുക്ത. മുഖ്യമന്ത്രി ലോകായുക്തയെ സ്വാധീനിച്ചു എന്ന ഹർജിക്കാരന്റെ ആരോപണത്തിന് തെളിവുണ്ടോ എന്നും ഹർജിക്കാരൻ ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുകയാണെന്നും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദ് വിമർശിച്ചു.
കേസ് പരിഗണനയിൽ ഇരിക്കുമ്പോൾ ചാനലിൽ പറയുന്നതും ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്നതും അസാധാരണമെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. കേസ് മാറ്റണമെന്ന് ആവശ്യപ്പെട്ടതിനാണ് ഹർജിക്കാരന് ലോകായുക്തയിൽ നിന്നും രൂക്ഷമായ വിമർശനം നേരിട്ടത്. ഹർജിക്കാരൻ ചാനലിൽ നന്നായി വാദിക്കുന്നുണ്ടല്ലോയെന്ന് ഉപലോകായുക്ത ചോദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വക മാറ്റിയ കേസിലെ വിധിക്കെതിരെയാണ് പരാതിക്കാരൻ ആർ എസ് ശശികുമാർ പുനഃ പരിശോധനാ ഹർജി നൽകിയത്.
ഇതിനിടെ, മുഖ്യമന്ത്രിയുടെ ഇഫ്താർ പരിപാടിയിൽ ലോകായുക്തയും ഉപലോകായുക്തയും പങ്കെടുത്തതിനു പിന്നാലെ ലോകായുക്ത ബെഞ്ചിൻമേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ശശികുമാർ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി സ്വാധീനിച്ചത് ഹർജിക്കാരൻ കണ്ടിട്ടുണ്ടോയെന്നും അദ്ദേഹത്തിന്റെ സാന്നിധ്യത്തിലാണോ അത് നടന്നതെന്നും ലോകായുക്ത ചോദിച്ചു. സ്വാധീനം ചെലുത്തിയതിന് തെളിവുണ്ടെങ്കിൽ പറയൂവെന്നും വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിൽ വന്നിരിക്കുന്നതെന്നും ഹർജിക്കാരനോട് ലോകായുക്ത ചോദിച്ചു.
Also Read- രാഹുല്‍ ഇന്ന് വയനാട്ടില്‍ ഒപ്പം പ്രിയങ്കയും; കല്‍പ്പറ്റയില്‍ റോഡ് ഷോ
മന്ത്രിസഭാ തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കാൻ മൂന്നംഗ ബഞ്ചിനെ ചുമതലപ്പെടുത്തിയതിനെതിരെ ആണ് റിവ്യൂ ഹർജി. 2019 ൽ മൂന്നംഗ ബഞ്ച് തീർപ്പാക്കിയ വിഷയത്തിൽ രണ്ടംഗ ബഞ്ചിന് മറ്റൊരു തീരുമാനമെടുക്കാൻ കഴിയില്ല എന്നാണ് പരാതിക്കാരന്റെ വാദം.
മൂന്നംഗ ബെഞ്ചിൽ നിന്ന് അനുകൂല വിധി കിട്ടില്ലെന്ന് വാദി ഭാഗത്തിന് ഉറപ്പുണ്ടോയെന്ന് ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് ചോദിച്ചു. ചെയ്യുന്നത് ശരിയാണോ എന്ന് വീട്ടിൽ പോയി ആത്മപരിശോധന നടത്തണമെന്നും ലോകായുക്ത കുറ്റപ്പെടുത്തി. വഴിയിൽ ഒരു പേപ്പട്ടി കുരക്കുന്നത് കണ്ടാൽ അതിന്റെ വായിൽ കോലിടാതെ മാറിപ്പോകുന്ന നിലപാടാണ് തങ്ങളുടേത് എന്ന് ലോകായുക്ത സിറിയക് ജോസഫ് പറഞ്ഞു
റിവ്യൂ ഹർജി പരിഗണിക്കുന്നത് ലോകായുക്ത നാളേക്ക് മാറ്റി .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cmdrf fund, Cmdrf row, Lokayukta