കോട്ടയം: മതചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ട് തേടിയതിന് പുതുപ്പള്ളി മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ പരാതി. മണർകാട് സെന്‍റ് മേരീസ് പള്ളിയിലെ സഹവികാരി ഫാ. എം. ഐ. തോമസ് മറ്റത്തിലിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി ലഭിച്ചിരിക്കുന്നത്. മന്നം യുവജനവേദി പ്രസിഡന്‍റ് കെ വി ഹരിദാസാണ് പരാതിയുമായി രംഗത്തെത്തിയത്. ജെയ്ക്കിനായി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് തേടിയതായാണ് പരാതി.
യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരുടെ ചിത്രങ്ങളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പോളിംഗ് ദിവസത്തിന് തൊട്ടു മുമ്പ് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. കൂടാതെ വൈദികന്റെ ശബ്ദ സന്ദേശവും സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. ഈ രണ്ട് കാര്യങ്ങളും തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് എതിരാണെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
മതത്തിന്റെ പേരിൽ വോട്ട് അഭ്യർഥിച്ചു, സഭാ തർക്കത്തിൽ യാക്കോബായ സഭയ്ക്കു വേണ്ടി നിയമനിർമാണം നടത്തും തുടങ്ങിയ സന്ദേശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പരത്തി എന്നതാണ് പ്രധാനമായും സഹവികാരിക്കെതിരെ പരാതിക്കാരൻ ഉന്നയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച ഫാ. എം. ഐ. തോമസ് മറ്റത്തിലിനെതിരെ കേസെടുക്കണമെന്നും ഇതില്‍ പങ്കാളിയായ ജെയ്ക്ക് സി തോമസിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും വിലക്കണമെന്നും പരാതിയില്‍ പറയുന്നു. ഫാ.എം.ഐ. തോമസ് മറ്റത്തിലിന്റെ ഓഡിയോ സന്ദേശവും സമൂഹ മാധ്യമങ്ങളിൽ വന്ന പോസ്റ്റുകളും രേഖകളുമാണ് പരാതിക്കാരൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് സമര്‍പ്പിച്ചിട്ടുള്ളത്.
പുതുപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർഥിയും മുൻ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണത്തിനായി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ മണര്‍കാട് പള്ളി മൈതാനം പരിപാടിക്കായി വിട്ടുനല്‍കാതിരുന്നത് വിവാദമായിരുന്നു. യു ഡി എഫിനെതിരായി ഇത്തവണ യാക്കോബായ സഭ വിശ്വാസികള്‍ നിലപാടെടുത്തു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്ന പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിക്കുന്നത്.
ഉമ്മന്‍ചാണ്ടിയെ അട്ടിമറിച്ച് പുതുപ്പള്ളിയില്‍ ജയം പിടിച്ചെടുക്കാനാകുമെന്ന ആത്മ വിശ്വാസത്തിലാണ് എൽഡിഎഫും സ്ഥാനാർഥി ജെയ്ക് സി തോമസ്. ഇത്തവണയും ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരിക്കുന്ന ജെയ്ക് സി തോമസ് മണ്ഡലത്തില്‍ സജീവമായിരുന്നു. പുതുപ്പള്ളിയില്‍ കാര്യങ്ങള്‍ തനിക്ക് അനുകൂലമാണെന്നാണ് ജെയ്കിന്റെ കണക്കുകൂട്ടൽ. തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കുകളാണ് എൽഡിഎഫിന് പ്രതീക്ഷയേകുന്നത്.
Also Read- 'പൂഞ്ഞാറിൽ ഇടത് സ്ഥാനാർഥി എസ്.ഡി.പി.ഐ വോട്ട് വിലയ്ക്കു വാങ്ങി': ആരോപണവുമായി പി.സി ജോര്‍ജ്
Also Read- വികസനത്തിൽ ആരാണ് മുന്നിൽ, എൽഡിഎഫോ യുഡിഎഫോ? ഉമ്മൻചാണ്ടിക്ക് മറുപടിയുമായി പിണറായി വിജയൻ
വാകത്താനം, പുതുപ്പള്ളി, പാമ്പാടി, മണര്‍ക്കാട്, കൂരോപ്പട, അകലകുന്നം പഞ്ചായത്തുകളില്‍ എല്‍ഡിഎഫും അയര്‍ക്കുന്നം, മീനടം പഞ്ചായത്തില്‍ യുഡിഎഫുമാണ് ഭരണത്തില്‍. എല്ലാ കാലത്തും യുഡി എഫിനൊപ്പം അടിയുറച്ചു നിന്നിരുന്ന പുതുപ്പള്ളി ഇങ്ങനെ മാറുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ജെയ്ക് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assembly Election 2021, Complaint against Jake C Thomas, Priest of Manarkad church, Puthuppally, Religious symbols