പാലാ ബിഷപ്പിനെതിരെ കേസെടുക്കണം; ജില്ലാ പോലീസ് മേധാവിക്ക് കോട്ടയം മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ പരാതി
- Published by:user_57
- news18-malayalam
Last Updated:
ബിഷപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് മഹല്ല് കോർഡിനേഷൻ കമ്മിറ്റി രംഗത്ത് വന്നിരിക്കുന്നത്
പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസ്താവന വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിനിടെ ബിഷപ്പിനെതിരെ പരാതിയുമായി കോട്ടയം താലൂക്ക് മഹൽ കോർഡിനേഷൻ കമ്മിറ്റി രംഗത്ത്. കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശിൽപയ്ക്ക് മഹല്ല് കോർഡിനേഷൻ കമ്മിറ്റി പരാതി നൽകി. ബിഷപ്പിനെതിരെ കടുത്ത ആരോപണങ്ങളുമായാണ് മഹല്ല് കോർഡിനേഷൻ കമ്മിറ്റി രംഗത്ത് വന്നിരിക്കുന്നത്.
ജിഹാദ് എന്നത് വേദ ഗ്രന്ഥത്തിലെ ആദരണീയമായ സങ്കല്പം ആണെന്ന് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മറ്റി കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആ സങ്കല്പത്തെ വളച്ചുകെട്ടി ധ്രുവീകരണത്തിന് ശ്രമിക്കുകയാണ് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ചെയ്തിരിക്കുന്നത് എന്ന് മഹല്ല് കോഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
ആസൂത്രിതമായ അജൻഡയുടെ ഭാഗമായുള്ള നീക്കമാണ് നടക്കുന്നത് എന്ന് കോട്ടയം താലൂക്ക് മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റിക്ക് വേണ്ടി ഇലവ്പാലം ഷംസുദീൻ മന്നാനി ആരോപിച്ചു.
സുപ്രീം കോടതി തന്നെ ലൗ ജിഹാദിനെ തള്ളി പറഞ്ഞതാണ് എന്നും മുസ്ലിം മഹല്ല് കോർഡിനേഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. സർക്കാർ ഗസറ്റ് എടുത്ത് പരിശോധിച്ചാൽ ഏതു മതത്തിൽ നിന്നാണ് കൂടുതൽ പരിവർത്തനം ഉണ്ടായിട്ടുള്ളത് എന്ന് മനസ്സിലാകും. മതത്തിന്റെ ആദരണീയമായ സങ്കൽപത്തെ ഭീകരതയുമായി ചേർക്കുന്നത് സംഘപരിവാർ അജണ്ടയാണ് എന്നും മഹല്ല് കോർഡിനേഷൻ കമ്മിറ്റി ആരോപിച്ചു.
advertisement
ബിഷപ്പ് പറയുന്നത് ഒരു ഏജൻസിയും വസ്തുതാപരമായി ഉന്നയിച്ചിട്ടില്ലാത്ത കടുത്ത ആരോപണമാണ്. ആരോപണം സ്ഥാപിത താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണോ എന്ന് മഹല്ല് കോർഡിനേഷൻ കമ്മിറ്റി നേതാക്കൾ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെതിരെ കടുത്ത ആരോപണങ്ങളും കമ്മിറ്റി ഉന്നയിക്കുന്നുണ്ട്. മാർ ജോസഫ് കല്ലറങ്ങാട്ട് ഇപ്പോൾ ആരോപണം ഉന്നയിക്കുന്നത് ബി.ജെ.പി. സർക്കാരിന്റെ ആനുകൂല്യങ്ങൾ കണ്ണുവെച്ചാണ് എന്ന് നേതാക്കൾ പറയുന്നു. ക്രൈസ്തവ സഭയിലെ ആരാധനാക്രമം ക്രമപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വലിയ തർക്കങ്ങൾ ഉണ്ടായതിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണോ ഇതെന്ന് സംശയം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
ഇന്നു രാവിലെയാണ് ബിഷപ്പിനെതിരെ പൊലീസിൽ മഹല്ല് കോഡിനേഷൻ കമ്മിറ്റി പരാതി നൽകിയത്. പരാതി ലഭിച്ച ജില്ലാ പോലീസ് മേധാവി തുടർനടപടിക്കായി ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് കുറവിലങ്ങാട് പള്ളിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്.
നർകോട്ടിക് ജിഹാദും ലൗ ജിഹാദും മുസ്ലിം ഇതര മതവിഭാഗങ്ങളെ ലക്ഷ്യംവെച്ചുണ്ട് എന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചിരുന്നു. ഇതിനെതിരെ ക്രൈസ്തവ മാതാപിതാക്കൾ ജാഗ്രത പുലർത്തണം എന്നായിരുന്നു പാലാ ബിഷപ്പ് ആവശ്യപ്പെട്ടിരുന്നത്. സംഭവത്തിൽ പാലാ ബിഷപ്പിനെ തള്ളി കോൺഗ്രസ് വർക്കിംഗ് പ്രസിഡണ്ട് പി.ടി. തോമസും രംഗത്തുവന്നിരുന്നു. വിവാദത്തിൽ പിന്നീട് പാലാ ബിഷപ്പ് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
advertisement
Summary: Complaint filed against bishop of Pala Archdiocese on Love Jihad and narcotic Jihad allegations
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 10, 2021 1:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാലാ ബിഷപ്പിനെതിരെ കേസെടുക്കണം; ജില്ലാ പോലീസ് മേധാവിക്ക് കോട്ടയം മഹല്ല് കോർഡിനേഷൻ കമ്മിറ്റിയുടെ പരാതി


