കൊല്ലം തീരത്തടിഞ്ഞത് 23 കണ്ടെയ്നറുകൾ; ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നറിൽ ചൈന ഗ്രീൻ ടീ; ആലപ്പുഴയിലേതിൽ പഞ്ഞി
- Published by:Rajesh V
- news18-malayalam
Last Updated:
നിലവിൽ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോകുന്നത് വിലക്കിയിട്ടുണ്ട്. കുഫോസിലെ ശാസ്ത്രജ്ഞർ കടലിലെ വെള്ളം പരിശോധിക്കും
കൊച്ചി തീരത്തിന് സമീപം അറബിക്കടലിൽ മുങ്ങിത്താണ കപ്പലിൽ നിന്ന് കടലിൽ വീണ കൂടുതൽ കണ്ടെയ്നറുകള്‍ കേരള തീരത്ത് അടിയുന്നു. കൊല്ലത്തെയും ആലപ്പുഴയിലെയും തീരപ്രദേശത്താണ് കണ്ടെയ്നറുകള്‍ അടിഞ്ഞത്. കൊല്ലം തീരത്ത് മാത്രം ഇതുവരെ 23 കണ്ടെയ്നറുകൾ കരയ്ക്കടിഞ്ഞു. കണ്ടെയ്നറുകളുടെ അടുത്തേക്ക് ആളുകള്‍ പോകരുതെന്നും തൊടരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊല്ലം, ആലപ്പുഴ ജില്ലകളിലെ തീരങ്ങളിലാണ് കണ്ടെയ്നറുകൾ ഇതിനകം ഒഴുകിയെത്തിയത്. നീണ്ടകര പരിമണം, കരിത്തുറ, ശക്തികുളങ്ങര മദാമ്മതോപ്പ്, ആലപ്പാട്, ആലപ്പുഴ, ആറാട്ടുപുഴ തുടങ്ങിയ മേഖലകളിലാണ് കണ്ടെയ്നറുകൾ കണ്ടെത്തിയത്. ആറാട്ടുപുഴയിൽ കടലിൽ ഒഴുകിനടന്ന കണ്ടെയ്‌നർ പിന്നീട് കടൽ ഭിത്തിയിൽ വന്നിടിച്ച് പൊട്ടിപ്പൊളിഞ്ഞു. സാധനങ്ങൾ മുഴുവൻ കടലിൽ ഒഴുകി നടക്കുകയാണ്. ഓറഞ്ച് തുണികൊണ്ടു പൊതിഞ്ഞ ബോക്‌സുകളും തീരം തൊട്ടു.
കണ്ടെയ്നറുകൾ എല്ലാം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ പൊലീസും ഫയർഫോഴ്സും ചേർന്ന് കയറുകൊണ്ട് ബന്ധിച്ചു.
നിലവിൽ നീണ്ടകരയിൽ നിന്ന് മത്സ്യബന്ധനത്തിനു പോകുന്നത് വിലക്കിയിട്ടുണ്ട്. കുഫോസിലെ ശാസ്ത്രജ്ഞർ കടലിലെ വെള്ളം പരിശോധിക്കും. അതേസമയം 200 മീറ്റര്‍ അകലത്തിൽ മാത്രമെ നിൽക്കാൻ പാടുകയുള്ളുവെന്നാണ് നിര്‍ദേശം. കണ്ടെയ്നറുകള്‍ പരിശോധിച്ചശേഷമായിരിക്കും സ്ഥലത്ത് നിന്ന് മാറ്റുകയെന്നും നിലവിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.
advertisement
മാത്രമല്ല വെള്ളവുമായി ചേർന്നാൽ തീ പിടിക്കാവുന്ന രാസവസ്തുക്കൾ ഉണ്ടെന്നും ജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ഇനിയും കൂടുതൽ കണ്ടെയ്നറുകൾ തെക്കൻ തീരത്തേക്ക് ഒഴുകിയെത്തുന്നുണ്ടെന്നാണ് വിവരം. കണ്ടെയ്നറുകളോ ചരക്കോ കടലിൽ ഒഴുകുന്നത് കണ്ടാൽ അറിയിക്കണമെന്നും നിർദേശമുണ്ട്.
മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിൽനിന്ന് ശക്തികുളങ്ങര തീരത്ത് അടിഞ്ഞ ചുവന്ന കണ്ടെയ്നറിൽ ചൈന ഗ്രീൻ ടീ ആണെന്നു വിവരം. തീരത്തെത്തിയ കണ്ടെയ്നറിൽനിന്ന് തേയിലപ്പൊടിയും കരയ്ക്ക് അടിഞ്ഞിട്ടുണ്ട്. തേയിലയുടെ മണവും വരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരു കണ്ടെയ്നറിൽ മാത്രമേ തേയില ഉള്ളൂവെന്നും ബാക്കിയെല്ലാം ശൂന്യമാണെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരും അറിയിച്ചു. ഇവിടെത്തന്നെ കപ്പലിനകത്ത് സൂക്ഷിക്കുന്ന റെസ്ക്യൂ ബോട്ടും അടിഞ്ഞിട്ടുണ്ട്. 28 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്.
advertisement
അതിനിടെ, ആലപ്പാട് അടിഞ്ഞ കണ്ടെയ്നറുകളിൽനിന്ന് ടഫൻഡ് ഗ്ലാസ്, വസ്ത്രങ്ങൾ തുടങ്ങിയവ പുറത്തുവന്നതായാണ് വിവരം. ഇന്ന് രാവിലെ ആറുമണിയോടെ വലിയ അഴീക്കൽ ബീച്ചിനു വടക്ക് തറയിൽ കടവിനു സമീപം അടിഞ്ഞ കണ്ടെയ്നറിൽ പഞ്ഞിയാണെന്നാണ് പുറത്തുവരുന്ന വിവരം. ശക്തമായ തിരയിൽ പുലിമുട്ടിന്റെ പാറക്കെട്ടുകളിൽ തട്ടി കണ്ടെയ്നർ തകരുകയും അതിൽനിന്ന് അറുപതോളം പെട്ടികൾ പുറത്തേക്ക് വരികയും ചെയ്തു. പെട്ടികളിലൊന്ന് തകർന്ന് അതിൽനിന്ന് വെള്ള പഞ്ഞി പോലുള്ള സാധനമാണ് പുറത്തേക്കു വന്നത്. ഇതു തുണിത്തരങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന പഞ്ഞി ആണെന്നാണു പ്രാഥമിക നിഗമനം. എന്തെങ്കിലും രാസപദാർഥം ആണോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല.
advertisement
ബൾഗേറിയൻ കമ്പനിയായ സോഫിടെക്സിനു വേണ്ടിയുള്ള കണ്ടെയ്നറായിരുന്നു ഇത്. കസ്റ്റംസ് വന്നു പരിശോധിച്ചശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂ. നാപ്കിൻ നിർമാതാക്കളാണ് സോഫിടെക്സ്. കണ്ടെയ്നറിനു മുകളിലെ നമ്പർ കസ്റ്റംസ് ഉദ്യോഗസ്ഥർ കുറിച്ചെടുത്തിട്ടുണ്ട്. കണ്ടെയ്നർ നമ്പർ പരിശോധിച്ചാൽ ഉള്ളിൽ എന്താണെന്ന് വ്യക്തമാകുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കേരളത്തിന്റെ തീരത്തുനിന്ന് 38 നോട്ടിക്കൽ മൈൽ അകലെയാണ് കണ്ടെയ്നറുകളുമായി വന്ന എംഎസ്‌സി എൽസ 3 എന്ന ലൈബീരിയൻ കപ്പൽ ചെരിഞ്ഞതും പിന്നീട് മുങ്ങിയതും. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരെയും നാവികസേന രക്ഷിച്ചിരുന്നു. കപ്പലിൽനിന്നു കടലിൽ വീണ കണ്ടെയ്നറുകളിൽ അപകടകരമായ രാസവസ്തുക്കളുള്ളതിനാൽ കൊച്ചി, തൃശൂർ, ആലപ്പുഴ, കൊല്ലം തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിരുന്നു. വിഴിഞ്ഞത്തുനിന്ന് കൊച്ചിയിലേക്കു പോയ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kollam,Kollam,Kerala
First Published :
May 26, 2025 2:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലം തീരത്തടിഞ്ഞത് 23 കണ്ടെയ്നറുകൾ; ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നറിൽ ചൈന ഗ്രീൻ ടീ; ആലപ്പുഴയിലേതിൽ പഞ്ഞി