കൂടത്തായി കൊലപാതകം: നോട്ടറി സി വിജയകുമാറിനെ പ്രതി ചേർത്തു; സമൻസ് അയച്ച് കോടതി
- Published by:Naseeba TC
- news18-malayalam
Last Updated:
ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുതത്തിയിരിക്കുന്നത്.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നോട്ടറി സി.വിജയകുമാറിനെ പ്രതി ചേർക്കുന്നത് കോടതി അംഗീകരിച്ചു. വിജയകുമാറിനെ പ്രതി ചേർത്തുകൊണ്ട് കോടതി സമൻസ് അയച്ചു.
കേസിലെ പ്രാരംഭ വാദം കേൾക്കുന്നത് കോടതി ഈ മാസം 24 ലേക്ക് മാറ്റി. കേസിലെ റോയ് തോമസ്, സിലി വധക്കേസുകളാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നത്. കുറ്റപത്രം ചുമത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭവാദമാണ് 24ന് നടക്കുക. ഇരു കേസുകളിലും ജോളിയാണ് മുഖ്യപ്രതി.
റോയ് തോമസ് വധക്കേസില്‍ ജോളിയടക്കം അഞ്ച് പ്രതികളാണ് ഉള്ളത്. ജോളിയുടെ സുഹൃത്ത് എം.എസ്. മാത്യു, സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാര്‍, പ്രാദേശിക സിപിഎം നേതാവായിരുന്ന കെ.മനോജ് കുമാര്‍, നോട്ടറി സി.വിജയകുമാര്‍ എന്നിവരാണ് ഈ കേസിലെ മറ്റ് പ്രതികള്‍.
advertisement
കുടുംബ സ്വത്ത് കൈവശപ്പെടുത്താന്‍ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി ജോളി ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ജോളി ഉപയോഗിച്ച സയനൈഡ് നല്‍കിയത് എം.എസ് മാത്യുവാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാള്‍ പ്രതിയായത്. മാത്യുവിന് സയനൈഡ് എത്തിച്ച് നല്കിയത് സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറാണെന്ന് കണ്ടെത്തിയതോടെ ഇയാളും പ്രതിയായി.
സ്വത്ത് തട്ടിയെടുക്കുന്നതിനായി വ്യാജ ഒസ്യത്ത് തയ്യാറാക്കാന്‍ കൂട്ടുനിന്നതാണ് മനോജിനെതിരെയുള്ള കുറ്റം. ഒസ്യത്ത് വ്യാജമാണെന്നറിഞ്ഞിട്ടും ഇത് സാക്ഷ്യപ്പെടുത്തിയ കുറ്റമാണ് നോട്ടറി വിജയകുമാറിനെതിരെ ചുതത്തിയിരിക്കുന്നത്.
ജോളിയുടെ ജാമ്യപേക്ഷയിൽ വാദം കേട്ട കോടതി വിധി പറയുന്നതിന് തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. വീഡിയോ കോൺഫ്രറൻസ് വഴിയാണ് ജോളിയും, എം.എസ്.മാത്യുവും കോടതി നടപടികളിൽ പങ്കെടുത്തത്. മറ്റ് പ്രതികളായ പ്രജുകുമാർ,മനോജ് കുമാർ എന്നിവർ കോടതിയിൽ നേരിട്ടെത്തി. കേസിൽ പ്രജു കുമാറിന് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
advertisement
സിലി വധക്കേസില്‍ ജോളിയും മാത്യുവും പ്രജുകുമാറും മാത്രമാണ് പ്രതികള്‍. ഷാജുവിനെ സ്വന്തമാക്കുന്നതിനാണ് ജോളി സിലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്.
പ്രോസിക്യൂഷന്‍ വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.എന്‍.കെ ഉണ്ണികൃഷ്ണനും ജോളിക്കായി ബി.എ ആളൂരിന്റെ ജൂനിയർ അഭിഭാഷകരും ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 14, 2020 1:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൂടത്തായി കൊലപാതകം: നോട്ടറി സി വിജയകുമാറിനെ പ്രതി ചേർത്തു; സമൻസ് അയച്ച് കോടതി