തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. ഒമ്പതു ദിവസത്തേക്കാണ് സംസ്ഥാനം പൂർണമായും അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ സംസ്ഥാനത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാൽപ്പതിനായിരം കടന്നിരുന്നു. സംസ്ഥാനത്ത് അതീവ ഗുരുതര സാഹചര്യമെന്നും നിയന്ത്രണങ്ങൾ കൂടുതൽ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും വ്യക്തമാക്കിയിരുന്നതാണ്. ഇതിനു പിന്നാലെയാണ് ഒൻപത് ദിവസത്തേക്ക് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ സർക്കാർ പുറത്തിറക്കിയിട്ടില്ല.
ഇതിനിടെ സംസ്ഥാനത്തെ ശ്മശാനങ്ങളില്‍ മൃതദേഹം സംസ്കരിക്കുന്നതിന് ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. തിരുവനന്തപുരത്ത് കോര്‍പ്പറേഷന്‍ നടത്തുന്ന വൈദ്യുത ശ്മശാനമായ തൈക്കാട് ശാന്തികവാടത്തില്‍ വെള്ളിയാഴ്ച വൈകുന്നേരത്തേക്ക് വരെയുള്ള ബുക്കിങ് പൂര്‍ത്തിയായിക്കഴിഞ്ഞു.
പ്രതിദിനം 24 മൃതദേഹങ്ങള്‍ വരെയാണ് തൈക്കാട് ശാന്തികവാടത്തില്‍ ദഹിപ്പിക്കുന്നത്. ചില ദിവസങ്ങളില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ എത്തും. അതിനാല്‍ സംസ്‌കാരത്തിനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ് ഇവിടെയുള്ളത്. മുഴുവന്‍ സമയവും ശ്മശാനങ്ങള്‍ പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍. കോവിഡ് ഇതര മൃതദേഹങ്ങള്‍ വിറകുചിതയിലും കോവിഡ് മൃതദേഹങ്ങള്‍ വൈദ്യുത-ഗ്യാസ് ചിതകളിലുമാണ് ശാന്തികവാടത്തില്‍ സംസ്‌കരിക്കുന്നത്.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.