കൊച്ചിയിൽ ഭരണം എൽഡിഎഫ് ഉറപ്പിച്ചു; ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ
- Published by:Naseeba TC
- news18-malayalam
Last Updated:
സിപിഐയുടെ ഏക വനിത കൗണ്‍സിലറായ അന്‍സിയയെ ഡെപ്യൂട്ടി മേയറാക്കാനാണ് സിപിഐ നീക്കം.
കൊച്ചി: ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ കൊച്ചിയില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനം വേണമെന്ന് പരസ്യമായി ആവശ്യപ്പെട്ട് സിപിഐ. ഇടതു മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ച ടി കെ അഷറഫിനെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കാനും സിപിഎം തിരുമാനിച്ചു. ഇരു മുന്നണികള്‍ക്കും കേവല ഭൂരിപക്ഷം ഇല്ലാതിരുന്ന കൊച്ചിയില്‍ ലീഗ് വിമതന്‍ ഇടതിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണം എല്‍ഡിഎഫ് ഉറപ്പിച്ചത്.
പിന്നാലെ നാല് സീറ്റുള്ള സിപിഐ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ആവശ്യപ്പെട്ടു. സിപിഐയുടെ ഏക വനിത കൗണ്‍സിലറായ അന്‍സിയയെ ഡെപ്യൂട്ടി മേയറാക്കാനാണ് സിപിഐ നീക്കം. എന്നാല്‍ സിപിഎം ഡെപ്യൂട്ടി മേയര്‍ സ്ഥാനം വിട്ടുകൊടുക്കുമോ എന്നകാര്യം വ്യക്തമല്ല. ഇക്കാര്യത്തില്‍ തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും മേയര്‍സ്ഥാനം സിപിഎമ്മിനും ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐക്കും അവകാശപ്പെട്ടതാണെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു പറഞ്ഞു.
You may also like:മുസ്ലിംലീഗ് വിമതന്‍ ഇടത്തേക്ക്; മുക്കം നഗരസഭയില്‍ എല്‍ഡിഎഫിന് തുടര്‍ഭരണത്തിന് സാധ്യത
ഇടതു മുന്നണിക്ക് രണ്ട് യുഡിഎഫ് വിമതനും ഒരു എല്‍ഡിഎഫ് വിമതനും പിന്തുണ നല്‍കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ഇതില്‍ ലീഗ് വിമതന് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കും. മറ്റ് രണ്ട് പേര്‍ക്കും സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം നല്‍കിയേക്കും. മൊത്തം ഡെപ്യൂട്ടി മേയറെ കൂടാതെ ആറ് സ്റ്റാന്റിംഗ് കമ്മിറ്റിയാണുള്ളത്.
advertisement
മേയര്‍ സ്ഥാനത്തെക്ക് പരിഗണിക്കുന്നത് സിപിഎം ജില്ലാ കമ്മിറ്റിയംഗമായ അഡ്വ എം അനില്‍കുമാറിനെയാണ്. ഏരിയാ കമ്മിറ്റിയംഗമായ പിആര്‍ റെനിഷ് അടക്കമുള്ള കൗണ്‍സിലര്‍മാര്‍ ഉണ്ടെങ്കിലും അനില്‍ കുമാറിന് തന്നെയാണ് സാധ്യത. വിമതന്‍മാരെ കൂടെ കൂട്ടി ഭരണം നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. 5 അംഗങ്ങളുള്ള ബിജെപി മേയര്‍ തെരഞ്ഞെടുപ്പിലടക്കം വിട്ടുനില്‍കാനാണ് സാധ്യത.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 18, 2020 2:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊച്ചിയിൽ ഭരണം എൽഡിഎഫ് ഉറപ്പിച്ചു; ഡെപ്യൂട്ടി മേയർ സ്ഥാനം ആവശ്യപ്പെട്ട് സിപിഐ


