BJPയെ മാറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ സ്വതന്ത്രൻ പ്രസിഡന്റ്
- Published by:Rajesh V
- news18-malayalam
Last Updated:
കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിൽ ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞമാസം 29ന് ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവയ്ക്കുകയായിരുന്നു.
ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലെ തിരുവൻവണ്ടൂർ പഞ്ചായത്തിൽ (thiruvanvandoor) സിപിഎം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജൻ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ ബീന ബിജു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ ഭരണ സാരഥ്യത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഇരുപാർട്ടികളും യോജിച്ചത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നാലാം തവണയാണ് പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സജനും ബീനയ്ക്കും എട്ടു വോട്ടുകൾ വീതം ലഭിച്ചു. ബിജെപി സ്ഥാനാർഥികളായിരുന്ന സജു ഇടക്കല്ലിനും കലാ രമേശിനും 5 വീതം വോട്ടുകൾ ലഭിച്ചു. ബിജെപി- 5, സിപിഎം- 4, കോൺഗ്രസ്- 3, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിൽ ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞമാസം 29ന് ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് ഇരുസ്ഥാനങ്ങളിലേക്കും ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. സജനും ബീന ബിജുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
advertisement
Also Read- CPMന്റെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ; ചെന്നിത്തലയില്‍ BJPക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ 2020 ഡിസംബർ 30ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണച്ചതോടെ 4 അംഗങ്ങളുള്ള സിപിഎം അധികാരത്തിൽ എത്തി. തൊട്ടുപിന്നാലെ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. തുടർന്നു 2021 ഫെബ്രുവരി 26നു നടന്ന തെരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. എന്നാൽ 2021 ഏപ്രിൽ 30നു നടന്ന തെരഞ്ഞെടുപ്പിലും സമാനരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണത്തിൽ തുടരാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.
advertisement
സിപിഎം മഴുക്കീർകീഴ് (നിലവിൽ പ്രാവിൻകൂട്) ബ്രാഞ്ച് അംഗമായിരുന്ന സജനെ തദ്ദേശ തെരഞ്ഞെടുപ്പു സമയത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. വിലക്ക് ലംഘിച്ചു മത്സരിക്കാനൊരുങ്ങിയതിന് പുറത്താക്കിയതാണെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. തുടർന്നു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.
ആറാം വാർഡായ പ്രാവിൻകൂട്ടിൽ നിന്നാണ് സജൻ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്. വാർഡിൽ ബിജെപിക്കു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. കോൺഗ്രസിനും എൽഡിഎഫിനും സ്ഥാനാർഥികളുണ്ടായിരുന്നു താനും. ഫലത്തിൽ ബിജെപിയുടെ വോട്ടുകളും നേടിയാണ് സജന്റെ വിജയമെന്നും പ്രചരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 21, 2022 11:38 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
BJPയെ മാറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ സ്വതന്ത്രൻ പ്രസിഡന്റ്

