നിലവിൽ കൺവീനറായിരുന്ന എ വിജയരാഘവൻ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇ പി ജയരാജനെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സിപിഎം തീരുമാനിച്ചത്
തിരുവനന്തപുരം: ഇ പി ജയരാജനെ എൽഡിഎഫ് കൺവീനറാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണയായി. നിലവിൽ കൺവീനറായിരുന്ന എ വിജയരാഘവൻ സിപിഎം പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് ഇ പി ജയരാജനെ മുന്നണി നേതൃത്വത്തിലേക്ക് കൊണ്ടുവരാൻ സിപിഎം നേതൃയോഗം തീരുമാനിച്ചത്. പുതിയ കൺവീനർ സംബന്ധിച്ച ചർച്ചകളിൽ മുൻമന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ എ കെ ബാലന്‍റെ പേരും സജീവ ചർച്ചകളിൽ ഉണ്ടായിരുന്നു. എന്നാൽ ഭൂരിഭാഗം പേരും ഇ പി ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു.
എ വിജയരാഘവൻ പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ പ്രവർത്തനം ഡൽഹിയിലേക്ക് മാറ്റേണ്ടിവരും. ഇതുകൊണ്ടാണ് പുതിയ കൺവീനറെ നിശ്ചയിച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ കാര്യത്തിൽ ഇതുവരെ തീരുമാനമായില്ല. ഇന്നും നാളെയുമായി നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയാകുമെന്നാണ് അറിയുന്നത്.
നിലവിൽ സിപിഎം കേന്ദ്ര കമ്മറ്റി അംഗമായാണ് ഇ.പി. ജയരാജൻ പ്രവർത്തിച്ചുവരുന്നത്. എസ്എഫ്ഐയിലൂടെ പൊതുരംഗത്ത് എത്തിയ ഇദ്ദേഹം ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു. ദീർഘകാലം സിപിഎം കണ്ണൂർ ജില്ല സെക്രട്ടറിയായും തൃശ്ശൂർ ജില്ലാസെക്രട്ടറിയുടെ ചുമതലയിലും പ്രവർത്തിച്ചു. കർഷകസംഘം സംസ്ഥാന പ്രസിഡന്റ്, ദേശാഭിമാനി ജനറൽ മാനേജർ എന്നീ ചുമതലകളിലും ഇ പി ജയരാജൻ പ്രവർത്തിച്ചിട്ടുണ്ട്.
1997-ൽ അഴീക്കോട് നിന്ന് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2011-ലും 2016-ലും കണ്ണൂർ ജില്ലയിലെ മട്ടന്നൂരിൽ നിന്നും നിയമസഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2016 മേയ് 25-ന് പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായം, കായികം എന്നീ വകുപ്പുകളുടെ ചുമതലയേറ്റു. എന്നാൽ ബന്ധുനിയമന വിവാദത്തേത്തുടർന്ന് 2016 ഒക്ടോബർ 14-ന് ഇ പി ജയരാജന് മന്ത്രിപദം രാജി വെക്കേണ്ടിവന്നു. പിന്നീട് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതോടെ അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.