സി.പി.എമ്മിന് ചെന്നി'ത്തല' വേദന; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്ത് ബി.ജെ.പി ഭരിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
എൺപതുകളുടെ തുടക്കത്തിൽ ആർ.എസ്.എസ്- സി.പി.എം സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് തൃപ്പെരുന്തുറ.
ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല- തൃപ്പെരുന്തുറ ബി.ജെ.പി ഭരിക്കും. കോൺഗ്രസ് പിന്തുണയിൽ നേടിയ പഞ്ചായത്ത് ഭരണം വേണ്ടെന്ന് സി പി എം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചതോടെയാണിത്. ആശ്രമം വാർഡിൽ നിന്ന് ജയിച്ച ബിന്ദു പ്രദീപ് പ്രസിഡന്റ് ആകാനാണ് സാധ്യത. 18 അംഗ പഞ്ചായത്തിൽ ബിജെപി 6, യു ഡി എഫ് (കോൺഗ്രസ്)6, എൽഡിഎഫ് 5 കോൺഗ്രസ് വിമതൻ ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
അധ്യക്ഷ പദവി പട്ടികജാതി വനിതാ സംവരണമാണ്. എന്നാൽ യു.ഡി.എഫിന് സംവരണ വിഭാഗത്തിൽ നിന്നുള്ള അംഗം ഇല്ല. എന്നാൽ സി.പി.എമ്മിനും ബി.ജെ.പിക്കും ഓരോ അംഗം വീതമുണ്ട്. ഈ സാഹചര്യത്തിൽ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രനെ യു.ഡി.എഫ് പിന്തുണയ്ക്കുകയായിരുന്നു.
എൺപതുകളുടെ തുടക്കത്തിൽ ആർ.എസ്.എസ്- സി.പി.എം സംഘർഷം നിലനിന്നിരുന്ന പ്രദേശമാണ് തൃപ്പെരുന്തുറ. നിലവിൽ ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലാണ് ഈ പഞ്ചായത്ത്.
advertisement
ബി.ജെ.പി അധികാരത്തിൽ എത്താതിരിക്കാനാണ് സി.പി.എമ്മിന് പിന്തുണ നൽകിയതെന്ന് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ നാട്ടിൽ കോൺഗ്രസ് പിന്തുണയിൽ ഭരിക്കുന്നത് ഒത്തുകളിയാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. അങ്ങനെ 'ചെന്നിത്തല' സംസ്ഥാന തലത്തിൽ സിപിഎമ്മിന് 'തലവേദന' ആയതോടെയാണ് രാജിയിലേക്ക് പോയത്.
advertisement
ജില്ലാ കമ്മറ്റിയുടെ തീരുമാനമനുസരിച്ച് പ്രസിഡന്റ് ഉടൻ രാജി സമർപ്പിക്കും. ചെങ്ങന്നൂർ മണ്ഡലത്തിൽപെടുന്ന തിരുവൻവണ്ടൂരിലും യു.ഡി.എഫ് പിന്തുണയിൽ അധ്യക്ഷ സ്ഥാനം സി.പി.എമ്മിന് ലഭിച്ചിരുന്നു. എന്നാൽ അന്ന് തന്നെ രാജി വെച്ചു. 13 അംഗങ്ങളുള്ള ഈ പഞ്ചായത്തിലും അഞ്ച് അംഗങ്ങളുള്ള ബിജെപിയാണ് ഒന്നാമത്തെ കക്ഷി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 11, 2021 7:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സി.പി.എമ്മിന് ചെന്നി'ത്തല' വേദന; പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്ത് ബി.ജെ.പി ഭരിക്കും