പാലക്കാട്: കേരളത്തിൽ യുഡിഎഫ്-എൽഡിഎഫ് അവിശുദ്ധ സഖ്യമാണെന്നും യുഡിഎഫ് എൽഡിഎഫിന്റെ അടിമകളായി മാറിയെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫ് എൽഡിഎഫിന് വാഗ്ദാനം ചെയ്തത് ഇതിന്റെ ഉദ്ദാഹരണമാണെന്നാണ് പാലക്കാട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
യുഡിഎഫിന് 6 സീറ്റ് ഉണ്ടായിട്ടും 4 സീറ്റുള്ള എൽഡിഎഫിനെ പിന്തുണച്ചു. സംസ്ഥാനത്ത് പല തദ്ദേശ സ്ഥാപനങ്ങളിലും ഇരുമുന്നണികളുമായി പരസ്യമായ കൂട്ടുകെട്ടാണുള്ളത്. രണ്ട് കൂട്ടർക്കും രാഷ്ട്രീയ ധാർമ്മികതയില്ല എന്നാരോപിച്ച സുരേന്ദ്രൻ കേരളത്തിൽ യുഡിഎഫിന്റെ പ്രസക്തി തന്നെ ഇല്ലാതായി എന്നും വിമർശിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഹരിപ്പാട് തോൽക്കുമെന്ന ഭീതി കാരണമാണ് ചെന്നിത്തല സിപിഎമ്മിന് ദാസ്യവേല ചെയ്യുന്നത്. സിപിഎമ്മിന് അടിമവേല ചെയ്തതുകൊണ്ട് ജയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് മനസിലാക്കണം. രാഷ്ട്രീയത്തിൽ രണ്ടും രണ്ടും കൂട്ടിയാൽ നാല് അല്ല. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ വോട്ട് തേടിയവർ അധികാരത്തിലെത്താൻ സിപിഎമ്മുമായി കൂട്ടുകൂടുന്നു.
Also Read-മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ച് മകൻ; മകനെതിരെ പരാതിയില്ലെന്ന് അമ്മ പൊലീസിനോട്
പത്തനംതിട്ട നഗരസഭയിൽ പോപുലർ ഫ്രണ്ടുമായാണ് എൽഡിഎഫ് സഖ്യം. ഒരു വശത്ത് ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫും മറുഭാഗത്ത് പോപുലർ ഫ്രണ്ടുമായി എൽഡിഎഫും സഖ്യത്തിലാണ്. ഭരണം ബിജെപിക്ക് ലഭിക്കുമെന്നുറപ്പുള്ള സ്ഥലങ്ങളിൽ പരസ്പരം ഒന്നിക്കാമെങ്കിൽ പിന്നെ എന്തിനാണ് രണ്ട് മുന്നണികളായി മത്സരിക്കുന്നതെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.
Also Read-മലപ്പുറത്ത് നറുക്കെടുപ്പ് നടന്ന ആറിടത്ത് യുഡിഎഫ്; നാലു പഞ്ചായത്തുകൾ എൽഡിഎഫിന്
അഴിമതിയിലും ജനദ്രോഹത്തിലും മുങ്ങിക്കുളിച്ച സർക്കാരിനൊപ്പം നിൽക്കാൻ എങ്ങനെയാണ് പ്രതിപക്ഷത്തിന് സാധിക്കുന്നത്? എന്ന് ചോദിച്ച സുരേന്ദ്രൻ, അവിശുദ്ധ സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുതരമായ തിരിച്ചടി നൽകുമെന്നും. അതിനുള്ള ശക്തി ബിജെപിക്കുണ്ടെന്നുമാണ് വ്യക്തമാക്കിയത്. എൽഡിഎഫും യുഡിഎഫും ഒന്നിച്ച് ഭരിക്കുന്ന പഞ്ചായത്തുകളിൽ ശക്തമായ ബഹുജന പ്രതിഷേധം നടത്തുമെന്ന് ബിജെപി പ്രസിഡന്റ് അറിയിച്ചു.
നെയ്യാറ്റിൻകരയിൽ പാവങ്ങളെ കുടിയൊഴിപ്പിച്ച് രണ്ട് ജീവനുകൾ ഇല്ലാതാക്കിയ സർക്കാരിനാണ് ചെന്നിത്തല പിന്തുണ കൊടുക്കുന്നത്. പാലക്കാട് ദുരഭിമാന കൊല നടന്നിട്ടും പൊലീസ് നിഷ്ക്രിയമാണ്. കേരളത്തിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുകയാണ്. എവിടെ മനുഷ്യാവകാശ കമ്മീഷൻ? കൊടിയേരിയുടെ വീട്ടിൽ ഇഡി വന്നപ്പോൾ ഓടിവന്ന ബാലാവകാശ കമ്മീഷനെ നെയ്യാറ്റിൻകരയിലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ദുരന്തമുണ്ടായപ്പോൾ കാണത്തതെന്താണ്?
ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ കേരളത്തിലാണ്. ടെസ്റ്റ് പോസിറ്റീവ് നിരക്കും സംസ്ഥാനത്താണ് കൂടുതൽ. ജാതി-മത സംഘടനകളുടെ തലപ്പത്തിരിക്കുന്നവരും പണചാക്കുകളുമാണ് മുഖ്യമന്ത്രിയുടെ ജനസമ്പർക്കത്തിലുള്ളത്. ഇവരാണോ കേരളത്തിന്റെ പരിച്ഛേദമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ഭൂമിയില്ലാത്തവരും ആദിവാസികളും പട്ടികജാതിക്കാരും പാവപ്പെട്ടവരും മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിൽ മനുഷ്യരല്ലേ? ബിജെപി പാർശ്വവൽക്കരിക്കപ്പെട്ടവർക്കൊപ്പം നിൽക്കും. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി മുന്നിട്ടിറങ്ങും. സർക്കാരിനെതിരെ ശക്തമായ പ്രചരണം നടത്തും. 11ന് തൃശ്ശൂരിൽ ചേരുന്ന സംസ്ഥാന സമിതിയിൽ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ,ജില്ലാ പ്രസിഡന്റ് ഇ.കൃഷ്ണ ദാസ് എന്നിവരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bjp, K surendran, K Surendran BJP State president, Ldf, Udf