CAA | പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; കേരളം നടപ്പാക്കില്ല; സിപിഎം
- Published by:Arun krishna
- news18-malayalam
Last Updated:
ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രീംകോടതിയില്‍ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നത് എന്നത് യാദൃശ്ചികമല്ലെന്നും സിപിഎം ആരോപിച്ചു
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധമുയരണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകളെ ആകെ തകര്‍ത്ത് രാജ്യത്തെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമം. ഇത് നടപ്പിലാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം ഉയര്‍ന്നുവന്നതാണ്. കേരളത്തില്‍ ഇത് നടപ്പിലാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുള്ളതാണ്. യാതൊരുകാരണവശാലും അതുകൊണ്ട് തന്നെ കേരളത്തില്‍ ഈ നിയമം നടപ്പിലാക്കപ്പെടുകയില്ല.
advertisement
ഇലക്ട്രല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന തരത്തിലുള്ള വിധി സുപ്രീംകോടതിയില്‍ നിന്ന് വന്ന ദിവസമാണ് ഇത്തരമൊരു വിജ്ഞാപനം വന്നത് എന്നത് യാദൃശ്ചികമല്ല. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഫലമാണ് പൗരത്വഭേദഗതി നിയമത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. മതനിരപേക്ഷ രാഷ്ട്രം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളുമായി ചേര്‍ന്നുകൊണ്ട് ശക്തമായ ചെറുത്തുനില്‍പ്പ് ഉയര്‍ത്തും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
advertisement
തിങ്കളാഴ്ച വൈകിട്ടോടെയാണ് പൗരത്വഭേദഗതി നിയമം രാജ്യത്ത് നിലവിൽ വന്നത്. നിയമഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയതോടെയാണ് നിയമം പ്രാബല്യത്തിൽ വന്നത്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതി നേരത്തെ പാര്‍ലമെന്റ് പാസാക്കിയിരുന്നു, ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്. കേരളം അടക്കം ആറ് സംസ്ഥാനങ്ങൾ ഇത് നടപ്പാക്കുന്നതിനെതിരെ പ്രമേയം പാസാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
Mar 12, 2024 6:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
CAA | പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പാക്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; കേരളം നടപ്പാക്കില്ല; സിപിഎം







