'കുഴിമന്തിയെ വിശ്വസിക്കാം;ഒന്നാമതെത്താൻ അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന് എ എ റഹിം എംപി
- Published by:Arun krishna
- news18-malayalam
Last Updated:
സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോർട്ടിങ് രീതിയാണ് ഇവിടുത്തെ വാർത്താചാനലുകളുടേതെന്ന് അദ്ദേഹം വിമര്‍ശിച്ചു
കേരളത്തിലെ ദൃശ്യമാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് എ.എ റഹീം എംപി. കാസര്‍ഗോഡ് ഭക്ഷവിഷബാധയുമായി ബന്ധപ്പെട്ട വാര്‍ത്തകളെ കുറ്റപ്പെടുത്തി കൊണ്ടാണ് റഹീം രംഗത്തെത്തിയത്. സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ റിപ്പോർട്ടിങ് രീതിയാണ് ഇവിടുത്തെ വാർത്താചാനലുകളുടേതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
കുഴിമന്തിയെ വിശ്വസിക്കാം,ഒന്നാമതെത്താൻ പരസ്പരം അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ എ.എ റഹീം ചോദിക്കുന്നു.
എ.എ റഹീമിന്‍റെ കുറിപ്പ്
കുഴിമന്തിയും വാർത്താ ചാനലുകളും.
കഴിഞ്ഞ ദിവസങ്ങളിൽ കുഴിമന്തിയായിരുന്നു വില്ലൻ.
ബ്രെയ്ക്കിങ് ന്യൂസ്,രാത്രി ചർച്ച,ചില അവതാരകരുടെ ധാർമികരോഷം കേട്ട് ഭയന്ന് വിറച്ച പാവം കുഴിമന്തികൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്യാൻ മുതിർന്നു!!
ഒരിക്കലെങ്കിലും കുഴിമന്തി കഴിച്ചവർ വാർത്താ അവതാരകരുടെയും,റിപ്പോർട്ടർമാരുടെയും പരവേശം കണ്ട് ഓക്കാനിക്കാൻ ഓടി!! കുഴിമന്തി കടകൾക്ക് മുന്നിൽ ശ്മശാനമൂകത പടർന്നു.
advertisement
“കോഴിക്കാലും മാധ്യമപ്രവർത്തനവും” തമ്മിലുള്ള ബന്ധത്തെ കുറിച്ചു പണ്ട് ശ്രീ നമ്പിനാരായണൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇനിയിപ്പോൾ, കുഴിമന്തിയും മലയാള മാധ്യമപ്രവർത്തനവും
തമ്മിലുള്ള ബന്ധം കൂടി ചരിത്രത്തിന്റെ ഭാഗമായി മാറി.
അൽപനേരം നഷ്ടപെട്ട സ്വന്തം വിശ്വാസ്യത കുഴിമന്തി വീണ്ടെടുത്തു. പക്ഷേ മാധ്യമ വിശ്വാസ്യത??? വാട്സാപ്പിൽ വരുന്നത് ഒരു ക്രോസ്‌ചെക്കിങ്ങുമില്ലാതെ ബ്രെക്കിങ് ന്യൂസാക്കുകയാണ് മലയാള ദൃശ്യമാധ്യമങ്ങൾ.
ഈ കുഴിമന്തി വാർത്ത സംബന്ധിച്ചു ഓരോ ചാനലും നൽകിയ സ്തോഭജനകമായ വാർത്തകൾ, വിവരണങ്ങൾ, സ്ഫോടനാത്മകമായ ബ്രെയ്ക്കിങ്ങുകൾ… എത്രമാത്രം അപഹാസ്യമായിരുന്നു എന്നോർത്തുനോക്കുക.
advertisement
ഭക്ഷ്യ വിഷബാധയെന്ന സംശയമൊന്നുമല്ല, അവർ പ്രകടിപ്പിച്ചത്,ഉറപ്പിച്ച് മലയാളിയെ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പോസ്റ്റുമാർട്ടം റിപ്പോർട്ട് വരുന്നത് വരെ
കാത്തിരിക്കാനുള്ള ക്ഷമ അവർക്കുണ്ടായിരുന്നില്ല.
സ്വയം വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന ആത്മഹത്യാപരമായ
റിപ്പോർട്ടിങ് രീതിയാണ് ഇവിടുത്തെ വാർത്താചാനലുകളുടേത്. കുഴിമന്തിയെ വിശ്വസിക്കാം,ഒന്നാമതെത്താൻ പരസ്പരം അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കും?
ഉപജീവവനത്തിനായി കുഴിമന്തി വിൽക്കുന്ന സാധാരണ മനുഷ്യരും ഹോട്ടൽ പാചക തൊഴിലാളിയുമല്ല,വിഷം വിളമ്പുന്നത്.പരസ്പരം മത്സരിക്കുന്ന ഈ ചാനലുകളാണ് വിഷം വിളമ്പുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 09, 2023 10:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കുഴിമന്തിയെ വിശ്വസിക്കാം;ഒന്നാമതെത്താൻ അനാരോഗ്യകരമായ കിടമത്സരം നടത്തുന്ന മലയാള ദൃശ്യമാധ്യമങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന് എ എ റഹിം എംപി