'കര്‍ക്കടകമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി സംഘപരിവാര്‍ കാണുന്നു'; പി ജയരാജന്‍
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കര്‍ക്കടകമാസത്തെ ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി സംഘപരിവാര്‍ കാണുന്നതെന്ന് പി ജയരാജന്‍
കണ്ണൂര്‍: സംഘപരിവാറിനെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ക്കടകപ്പിറവി ആശംസ നേര്‍ന്ന് സിപിഎം നേതാവ് പി ജയരാജന്‍. കര്‍ക്കടകമാസത്തെ ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി സംഘപരിവാര്‍ കാണുന്നതെന്ന് പി ജയരാജന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആര്‍ എസ് എസിന്റെ രാമന്‍ വില്ലുകുലച്ച് യുദ്ധം ചെയ്യാന്‍ നില്‍ക്കുന്ന രാമനും ഹനുമാന്‍ ക്രുദ്ധനായി നില്‍ക്കുന്ന ഹനുമാനുമാണെന്നും ജയരാജന്‍ പറയുന്നു. ദേശീയ ചിഹ്നത്തില്‍ വരെ സ്വന്തം ക്രൗര്യം കുത്തിനിറക്കുകയാണ് സംഘപരിവാറെന്ന് അദ്ദേഹം വിമര്‍ശിച്ചു.
പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
കർക്കടകം തുടങ്ങുന്നു. പഞ്ഞമാസമെന്ന് പണ്ട് കർക്കടകത്തിനൊരു വിളിപ്പേരുണ്ട്. കർഷകർ ചിങ്ങത്തിലെ വിളവിന് കാത്തിരിക്കുന്ന കാലം. ഇന്ന് കർക്കടകത്തിൽ പ്രത്യേകമായൊരു പഞ്ഞമൊന്നുമില്ല. കോവിഡ് കാലത്തു പോലും മലയാളികളെ പട്ടിണി കിടത്താതെ സംരക്ഷിക്കാൻ കഴിഞ്ഞ ഇടതുപക്ഷ സർക്കാർ ഉള്ളപ്പോൾ കർക്കടക ദാരിദ്ര്യവുമില്ല. പക്ഷേ മറ്റു രണ്ടു പേരുകൾ കൂടി കർക്കടകത്തിനുണ്ട്. ഒന്ന് ഔഷധ മാസം, രണ്ട് രാമായണമാസം.
advertisement
മലയാളിയുടെ പഴയ ജീവിതചര്യയിൽ പ്രധാനമായിരുന്നു കർക്കടകചികിൽസ. വറുതിക്കാലത്തെ മലയാളി നേരിട്ടിരുന്നത് നാട്ടിലെ ഔഷധങ്ങൾ കൊണ്ടു കൂടിയായിരുന്നു. മഴക്കാലരോഗങ്ങൾക്ക് ഈ ചികിൽസകൾ രോഗപ്രതിരോധശേഷി നൽകും. കർക്കടകക്കഞ്ഞി എന്ന ഔഷധക്കഞ്ഞി ദഹനത്തെയും വർഷകാലത്തെ ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നതാണ്. ചിങ്ങമാസത്തെയും ഓണത്തെയും ആരോഗ്യമുള്ള ശരീരവും മനസ്സുമായി എതിരേൽക്കാനുള്ള തയ്യാറെടുപ്പു കൂടിയാണ് കർക്കടകത്തിലെ ചികിത്സകൾ.
advertisement
കർക്കടകത്തിൻ്റെ മറ്റൊരു വിളിപ്പേര് രാമായണമാസം എന്നാണ്. തുഞ്ചത്ത് രാമാനുജനെഴുത്തച്ഛൻ്റെ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് കർക്കടകമാസത്തിൽ പാരായണം ചെയ്യുന്ന പതിവ് മലയാളികൾക്കുണ്ട്. ഏറെക്കാലമായി കേരളത്തിലെ വീടുകളിൽ ഇത് ചെയ്തു വരുന്നെങ്കിലും സമീപകാലത്തുണ്ടായ മാറ്റം ഈ ശീലത്തെ ഹിന്ദുത്വവൽക്കരിച്ച് വർഗീയത പരത്താനുള്ള സംഘപരിവാർ ശ്രമമാണ്. രാമായണകഥക്ക് നിരവധി പാഠഭേദങ്ങളുണ്ട്. രാമനെ ലോകാഭിരാമനായ രാമനായും ഹനുമാനെ ഭക്ത ഹനുമാനായും ആണ് രാമായണത്തിൽ വായിക്കുക. പക്ഷേ ആർ എസ് എസിൻ്റെ രാമൻ വില്ലുകുലച്ച് യുദ്ധം ചെയ്യാൻ നിൽക്കുന്ന രാമനും ഹനുമാൻ ക്രുദ്ധനായി നിൽക്കുന്ന ഹനുമാനുമാണ്. എല്ലാറ്റിലും ക്രൂരതയും ഹിംസയും ചേർക്കലാണ് ആർ എസ് എസ് പരിപാടി. രാമായണപാരായണത്തെയും അവർ കാണുന്നത് അങ്ങനെയാണ്. ഇതേ സമീപനമാണ് കഴിഞ്ഞ ദിവസം പുതിയ പാർലമെൻ്റിനു മുന്നിലെ അശോകസ്തംഭത്തിലെ സിംഹങ്ങളെ മാറ്റി ചിത്രീകരിച്ചതിലും കാണാനാവുക. സാരാനാഥിലെ അശോകസ്തംഭമാണ് ഇന്ത്യയുടെ ദേശീയ ചിഹ്നം. അതിലെ സിംഹങ്ങൾക്ക് ശാന്തിയും കരുണയുമാണ് ഭാവം. എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ പുതിയ അശോകസ്തംഭത്തിലെ സിംഹങ്ങൾ ഗർജ്ജിക്കുകയാണ്.
advertisement
ദേശീയ ചിഹ്നത്തിൽ വരെ സ്വന്തം ക്രൗര്യം കുത്തിനിറക്കുകയാണ് സംഘപരിവാർ. കർക്കടകമാസത്തെയും ഔഷധമാസമോ രാമായണമാസമോ ആയി കാണാതെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വർഗീയമാസമായി അവർ കാണുന്നു. നമ്മുടെ രാഷ്ട്രീയജാഗ്രതയാണ് അവരോടുള്ള പ്രതിരോധം. പാരമ്പര്യത്തിലെ നന്മയെ പിന്തുടരുക , വർത്തമാന കാലത്തെ തിന്മയെ എതിർക്കാനുള്ള് കരുത്തു നേടുക.
കർക്കടകപ്പിറവിയിൽ എല്ലാവർക്കും ആശംസകൾ.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 17, 2022 6:07 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'കര്‍ക്കടകമാസത്തെ സ്വന്തം വിഷം വിതരണം ചെയ്യാനുള്ള വര്‍ഗീയമാസമായി സംഘപരിവാര്‍ കാണുന്നു'; പി ജയരാജന്‍